മഖ്‌സൂദിന് നാല് വിക്കറ്റ്; പാപുവ ന്യൂ ഗിനിയക്കെതിരെ ഒമാന് 130 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Oct 17, 2021, 5:17 PM IST

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയ തുടക്കത്തിലെയും ഒടുക്കത്തിലേയും തകര്‍ച്ചയ്‌ക്ക് ശേഷം 20 ഓവറില്‍ 9 വിക്കറ്റിന് 129 റണ്‍സെടുത്തു


മസ്‌കറ്റ്: ടി20 ലോകകപ്പിലെ(T20 World Cup 2021) യോഗ്യതാ മത്സരത്തില്‍ പാപുവ ന്യൂ ഗിനിയക്കെതിരെ(Papua New Guinea) ഒമാന്(Oman) 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയ തുടക്കത്തിലെയും ഒടുക്കത്തിലേയും തകര്‍ച്ചയ്‌ക്ക് ശേഷം 20 ഓവറില്‍ 9 വിക്കറ്റിന് 129 റണ്‍സെടുത്തു. ഒരവസരത്തില്‍ 102-4 എന്ന നിലയിലായിരുന്ന പാപുവ ന്യൂ ഗിനിയയെ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ ഒമാന്‍ നായകന്‍ സീഷാന്‍ മഖ്‌സൂദാണ്(Zeeshan Maqsood) വിറപ്പിച്ചത്. ബിലാല്‍ ഖാനും ഖലീമുള്ളയും രണ്ട് വീതം വിക്കറ്റ് നേടി. 

ടോസ് നേടിയ ഒമാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും പാപുവ ന്യൂ ഗിനിയ ഓപ്പണര്‍മാരെ മടക്കാന്‍ ഒമാനായി. ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ടോണി യുറയെ ബിലാല്‍ ഖാന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ഖലീമുള്ള ലെഗാ സൈക്കയേയും ബൗള്‍ഡാക്കി. സൈക്കയ്‌ക്കും റണ്‍സ് നേടാനായില്ല. മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് ചേര്‍ത്ത നായകന്‍ ആസാദ് വാലയും ചാള്‍സ് അമിനീയും പാപുവ ന്യൂ ഗിനിയക്ക് രക്ഷകരായി. 

Latest Videos

undefined

ക്യാപ്റ്റന്‍റെ കളിയുമായി മഖ്‌സൂദ്

ഇന്നിംഗ്‌സിലെ 12-ാം ഓവറിലേ ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഒമാനായുള്ളൂ. 26 പന്തില്‍ 37 റണ്‍സെടുത്ത അമീനിയെ മുഹമ്മദ് നദീം റണ്ണൗട്ടാക്കി. അര്‍ധ സെഞ്ചുറി നേടിയെങ്കിലും ആസാദിനെ 15-ാം ഓവറിലെ ആദ്യ പന്തില്‍ ഖലീമുള്ള മടക്കി. ആസാദ് 43 പന്തില്‍ 56 റണ്‍സെടുത്തു. പിന്നാലെ ക്യാപ്റ്റനും സ്‌പിന്നറുമായ സീഷാന്‍ മഖ്‌സൂദിന്‍റെ 16-ാം ഓവര്‍ എതിരാളികള്‍ക്ക് ട്രിപ്പിള്‍ പ്രഹരം കൊടുത്തു. ആദ്യ പന്തില്‍ നോര്‍മാന്‍ വനുവയും(1) മൂന്നാം പന്തില്‍ സെസെ ബവുയും(13) അഞ്ചാം പന്തില്‍ കിപ്ലിന്‍ ദോരിഗയും(0) പുറത്തായി. 

ഇതോടെ 113-7 എന്ന നിലയില്‍ പാപുവ ന്യൂ ഗിനിയ തകര്‍ന്നു. ബിലാല്‍ ഖാന്‍ 17-ാം ഓവറിലെ അവസാന പന്തില്‍ സൈമണ്‍ അട്ടായിയെ(3) അയാന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ഡാമിയന്‍ രാവുവിനെ(1) പുറത്താക്കി മഖ്‌സൂദ് നാല് വിക്കറ്റ് തികച്ചു. ആറ് റണ്‍സുമായി കാബുവ മോറിയയും അഞ്ച് റണ്‍സെടുത്ത് നൊസൈന പൊക്കാനയും പുറത്താകാതെ നിന്നു. 

click me!