മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ട് തുടരാനുറച്ച് കേരളം; തുടര്‍ച്ചയായ നാലാം ജയം തേടി നാളെയിറങ്ങും

By Web Team  |  First Published Jan 16, 2021, 7:40 PM IST

മുംബൈയ്‌ക്ക് പിന്നാലെ കരുത്തായ ഡൽഹിയെയും വീഴ്‌ത്തിയ ആത്മവിശ്വാസവുമായാണ് കേരളം നാളെ ഇറങ്ങുക. 


മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് കേരളം നാളെയിറങ്ങും. ആന്ധ്ര പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. മുംബൈയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കളി തുടങ്ങുക. തുട‍ർച്ചയായ മൂന്ന് ജയങ്ങളോടെ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് കേരളം. 

ഡല്‍ഹിയെ വീഴ്‌ത്തിയത് ഉത്തപ്പ-വിഷ്‌ണു ദ്വയം 

Latest Videos

undefined

മുംബൈയ്‌ക്ക് പിന്നാലെ കരുത്തായ ഡൽഹിയെയും വീഴ്‌ത്തിയ ആത്മവിശ്വാസവുമായാണ് കേരളം നാളെ ഇറങ്ങുക. ഡൽഹിയുടെ കൂറ്റന്‍ സ്‌കോറായ 212 റൺസ് കേരളം ആറ് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ആറ് വിക്കറ്റിനാണ് ജയം. റോബിൻ ഉത്തപ്പയുടേയും വിഷ്ണു വിനോദിന്റെയും ബാറ്റിംഗ് കരുത്തിലാണ് കേരളം അനായാസം ലക്ഷ്യത്തിലെത്തിയത്. ഉത്തപ്പ 54 പന്തിൽ 91 റൺസെടുത്തപ്പോൾ വിഷ്ണു 38 പന്തിൽ 71 റൺസുമായി പുറത്താവാതെ നിന്നു. സഞ്ജു സാംസൺ 16ഉം സച്ചിൻ ബേബി 22ഉം റൺസെടുത്തു. ശ്രീശാന്ത് രണ്ട് പേരെ പുറത്താക്കി. 

പുതുച്ചേരിയെ തകര്‍ത്തത് സഞ്ജുവും സക്‌സേനയും

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പുതുച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. എന്നാല്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേനയുടെ മൂന്ന് വിക്കറ്റാണ് പുതുച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.  

മുംബൈയെ പഞ്ഞിക്കിട്ടത് അസ്‌ഹറുദ്ദീന്‍

രണ്ടാം മത്സരത്തില്‍ മുംബൈയെ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ വെടിക്കെട്ടില്‍ എട്ട് വിക്കറ്റിന് തോല്‍പിക്കുകയായിരുന്നു കേരളം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. അസര്‍ താണ്ഡവത്തില്‍ 197 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു.

ആളിക്കത്തിയ അസര്‍ 37 പന്തില്‍ സെഞ്ചുറി തികച്ചു. മത്സരം കേരളം ജയിക്കുമ്പോള്‍ 54 പന്തില്‍ 137 റണ്‍സുമായി അസര്‍ പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. 23 പന്തില്‍ 33 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകൻ സഞ്ജു സാംസണും അസ്‍ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി സച്ചിന്‍ ബേബി, അസ്‌ഹറുദ്ദീനൊപ്പം പുറത്താകാതെ നിന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജലജ് സക്‌സേനയും കെ എം ആസിഫും തിളങ്ങി. 

ദയ കാട്ടാതെ ഉത്തപ്പയും വിഷ്‌ണുവും; ദില്ലിയെ ആറ് വിക്കറ്റിന് തകര്‍ത്ത് കേരളം, ഗ്രൂപ്പില്‍ തലപ്പത്ത്

click me!