ടി20 ലോകകപ്പ് ഫൈനലിന് തയ്യാറാവാന്‍ രോഹിത് പറഞ്ഞു, ടോസിന് മുമ്പ് സ്ഥാനം നഷ്ടമായി! കാരണം വ്യക്തമാക്കി സഞ്ജു

By Web TeamFirst Published Oct 22, 2024, 12:32 PM IST
Highlights

ലോകകപ്പ് ഫൈനല്‍ കളിപ്പിക്കാനുള്ള പ്ലാനുണ്ടായിരുന്നുവെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്.

ബെംഗളൂരു: ഈ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ടീമിന്റെ ഭാഗമായിരുന്നു മലയാളി താരം സഞ്ജു സാംസണും. ലോകകപ്പ് വിജയിച്ച ടീമിനൊപ്പം സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിച്ചിരുന്നു സഞ്ജു. ഓപ്പണായെത്തിയ താരത്തിന് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ അവസരം ഇല്ലാതായി. അതേ മത്സരത്തില്‍ റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പന്താണ് ലോകകപ്പ് കളിച്ചത്.

ഇപ്പോള്‍ ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഞ്ജു. ലോകകപ്പ് ഫൈനല്‍ കളിപ്പിക്കാനുള്ള പ്ലാനുണ്ടായിരുന്നുവെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. വിമല്‍ കുമാര്‍ എന്ന യൂട്യൂബ് ചാനലിനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ടോസിന് മുമ്പ് സ്ഥാനം നഷ്ടമായെന്നും സഞ്ജു പറഞ്ഞു. മലയാളി താരത്തിന്റെ വാക്കുകള്‍... ''ബാര്‍ബഡോസിലെ ഫൈനലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് രോഹിത് എന്നോട് പറഞ്ഞു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ അവസാന നിമിഷമാണ് സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇക്കാര്യം ടോസിന് തൊട്ടുമുമ്പാണ് എന്നെ അറിയിച്ചത്. ഇക്കാര്യം എന്നോട് പറയുന്നതിനൊപ്പം, രോഹിത് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അതേ ടീം നിലനിര്‍ത്താനുണ്ടായ കാരണവും അദ്ദേഹം വിശദീകരിച്ചു.'' സഞ്ജു പറഞ്ഞു. 

Latest Videos

സഞ്ജു ഇല്ല, മറ്റൊരു മലയാളി താരം ടീമില്‍! റുതുരാജ് നയിക്കും, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ അറിയാം

എന്നോടൊന്നും തോന്നരുതെന്നും രോഹിത് എന്നോട് അഭ്യര്‍ത്ഥിച്ചു. ''വ്യക്തിപരമായി എന്നോടൊന്നും തോന്നരുതെന്നും രോഹിത് എന്നോട് പറഞ്ഞു. രോഹിതിനോട് താങ്കളുടെ കീഴില്‍ ഫൈനല്‍ കളിയ്ക്കാന്‍ കഴിയാത്തതിന്റെ വിഷമം മാത്രമേയുള്ളൂവെന്നും ക്യാപ്റ്റന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഞാന്‍ അന്ന് മറുപടി കൊടുത്തു. ഇത്തരം വിഷയങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാമെന്നും ഇപ്പോള്‍ മത്സരത്തില്‍ മാത്രം ശ്രദ്ധിച്ച്, വിജയം കൊണ്ടുവരൂവെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.'' സഞ്ജു  പറഞ്ഞുനിര്‍ത്തി. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ സൗത്താഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയിരുന്നു.

click me!