രണ്ടാം പോരാട്ടത്തിൽ ലങ്ക തോൽക്കാതിരുന്നാൽ, പരിശീലക വേഷത്തിൽ ജയസൂര്യക്ക് അത് വലിയ നേട്ടമാകും
ധാംബുള്ള: ആധുനിക ക്രിക്കറ്റിൽ ബാറ്റുകൊണ്ട് വലിയ വിസ്മയം തീർത്ത താരമാണ് ശ്രീലങ്കയുടെ മുൻ ഓപ്പണർ സനത് ജയസൂര്യ. ഏകദിന ക്രിക്കറ്റിൽ വിപ്ലവം തീർത്ത ജയസൂര്യ, ഇപ്പോൾ പരിശീലക വേഷത്തിലും വിസ്മയിപ്പിക്കുകയാണ്. ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്ക പുതിയൊരു വിജക്കുതിപ്പിലാണ്. ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി രോഹിതിനെയും സംഘത്തെയും നാണംകെടുത്തിയ ന്യൂസിലാൻഡിനെ ടി 20 ക്രിക്കറ്റിൽ പഞ്ഞിക്കിട്ടിരിക്കുകയാണ് ജയസൂര്യയുടെ 'ലങ്ക'. നേരത്തെ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക, ആദ്യ ടി 20 യിൽ അനായാസ വിജയമാണ് പിടിച്ചെടുത്തത്.
ടി 20 യിലെ ആദ്യ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലാൻഡിനെ ലങ്ക അടിയറവ് പറയിച്ചത്. കിവികൾ ഉയർത്തിയ 135 റൺസിന്‍റെ വെല്ലുവിളി ശ്രിലങ്ക ഒരോവർ ശേഷിക്കേ മറികടന്നു. 35 റൺസെടുത്ത നായകൻ ചരിത് അസലങ്കയാണ് ടോപ് സ്കോറർ. ആദ്യം ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് മികച്ച സ്കോർ പടുത്തുയർത്താനായില്ല. ശ്രീലങ്കയ്ക്കായി ഡുനിത് 3 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി.
രണ്ടാം പോരാട്ടത്തിൽ ലങ്ക തോൽക്കാതിരുന്നാൽ, പരിശീലക വേഷത്തിൽ ജയസൂര്യക്ക് അത് വലിയ നേട്ടമാകും. നേരത്തെ ന്യൂസീലൻഡിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം നേടിയ ലങ്കൻ സംഘം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും ടി 20 പരമ്പരയും സ്വന്തമാക്കിയിരുന്നു. ജയസൂര്യ പരിശീലകനായ ശേഷം ഇംഗ്ലിഷ് മണ്ണിലും ലങ്കൻ പോരാളികൾ ചരിത്ര വിജയം നേടിയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിലും വിജയം നേടി പരമ്പര സ്വന്തമാക്കാനാകും ശ്രീലങ്കയുടെ ശ്രമം. ഇതിന് പിന്നാലെ നവംബർ 13 ന് 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലും കിവികളും ലങ്കൻ പോരാളികളും പോരടിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം