എട്ടാമനായിറങ്ങി മിന്നലടി; രഞ്ജി ട്രോഫിയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വെടിക്കെട്ട്, സിക്‌സര്‍ കൊണ്ട് ആറാട്ട്

By Web TeamFirst Published Jan 14, 2024, 8:13 AM IST
Highlights

എട്ടാമനായി ക്രീസിലെത്തിയായിരുന്നു ചണ്ഡീഗഢിനെതിരെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മികച്ച പ്രകടനം

പനാജി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മിന്നും ബാറ്റിംഗുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ചണ്ഡീഗഢിനെതിരെ ഗോവ ആദ്യ ഇന്നിംഗ്‌സില്‍ 160 ഓവറില്‍ 618-7 എന്ന പടുകൂറ്റന്‍ സ്കോറില്‍ ഡിക്ലെയര്‍ ചെയ്തപ്പോള്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ എട്ടാമനായി ക്രീസിലെത്തി തീപ്പൊരി ഇന്നിംഗ്‌സ് കാഴ്‌ചവെച്ചു. 

46 പന്തുകള്‍ നേരിട്ട് ആറ് റണ്‍സില്‍ പുറത്തായ മധ്യനിര ബാറ്റര്‍ സ്നേഹല്‍ കൗതന്‍കറിനെ മാറ്റിനിര്‍ത്തിയാല്‍ ഗോവയുടെ സമ്പൂര്‍ണ ബാറ്റിംഗ് ഡിസ്പ്ലെയായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ കണ്ടത്. സുയാഷ് പ്രഭുദേശായിക്ക് ഇരട്ട സെഞ്ചുറി തലനാരിഴയ്ക്ക് നഷ്ടമായി. ഓപ്പണര്‍മാരായ ഇഷാന്‍ ഗഡേക്കര്‍ 80 പന്തില്‍ 45 ഉം, സുയാഷ് പ്രഭുദേശായി 364 പന്തില്‍ 197 ഉം, വിക്കറ്റ് കീപ്പര്‍ കൃഷ്‌ണമൂര്‍ത്തി സിദ്ധാര്‍ഥ് 159 പന്തില്‍ 77 ഉം, രാഹുല്‍ ത്രിപാഠി 70 പന്തില്‍ 40 ഉം, ക്യാപ്റ്റന്‍ ദര്‍ശന്‍ മിസാല്‍ 73 പന്തില്‍ 46 ഉം, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 60 പന്തില്‍ 70 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ദീപ്‌രാജ് ഗോയന്‍കര്‍ (101 പന്തില്‍ 115*), മോഹിത് രെദേകര്‍ (10 പന്തില്‍ 14*) എന്നിവര്‍ പുറത്താകാതെ നിന്നു. 

Latest Videos

എട്ടാമനായി ക്രീസിലെത്തിയായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മികച്ച പ്രകടനം. 60 പന്തുകള്‍ നേരിട്ട താരം നാല് കൂറ്റന്‍ സിക്‌സും ആറ് ബൗണ്ടറിയും കണ്ടെത്തി. അര്‍ജുന്‍റെ അതിവേഗ സ്കോറിംഗ് രണ്ടാം ദിനം ഗോവയുടെ ബാറ്റിംഗ് കൂടുതല്‍ ശക്തമാക്കി. രണ്ടാംദിനം സ്റ്റംപ് എടുത്തപ്പോള്‍ ചണ്ഡീഗഢ് മറുപടി ബാറ്റിംഗില്‍ 18 ഓവറില്‍ 73-1 എന്ന സ്കോറിലാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ത്രിപുരയോട് ഗോവ 237 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ബാറ്റിംഗില്‍ 21 പന്തില്‍ 11, 35 പന്തില്‍ 10 എന്നിങ്ങനെ മാത്രം കണ്ടെത്തിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് രണ്ടിന്നിംഗ്സിലുമായി 2 വിക്കറ്റേ നേടാനായിരുന്നുള്ളൂ.  

Read more: 'രാജാവ്' മടങ്ങിവരുന്നു; ഇന്ത്യ-അഫ്ഗാന്‍ രണ്ടാം ട്വന്‍റി 20 ഇന്ന്, ജയിച്ചാല്‍ പരമ്പര, സഞ്ജു സാംസണ്‍ കളിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!