ഇന്ത്യന്‍ ടീമില്‍ സ്ഥാനം മോഹിക്കുന്ന പ്രമുഖരെല്ലാം രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി! പൂജാര ഗോള്‍ഡന്‍ ഡക്ക്

By Web TeamFirst Published Oct 14, 2024, 12:25 PM IST
Highlights

സൗരാഷ്ട്രയുടെ പ്രധാന താരങ്ങളില്‍ ഒരാളായ പൂജാര നിരാശപ്പെടുത്തിയതോടെ ടീം തോല്‍ക്കുകയും ചെയ്തു.

മുംബൈ: രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി ചേതേശ്വര്‍ പൂജാര. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന താരം തമിഴ്‌നാടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ 16 റണ്‍സ് മാത്രമാണ് പൂജാര നേടിയത്. മറ്റൊരു സീനിയര്‍ താരമായ അജിന്‍ക്യ രഹാനെയ്ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. മുംബൈ ക്യാപ്റ്റനായ രഹാനെ ബറോഡയ്‌ക്കെതിരെ ഒന്നാം ഇന്നിംഗില്‍ 29 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ മറ്റൊരു താരം ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 30 റണ്‍ നേടി. 

സൗരാഷ്ട്രയുടെ പ്രധാന താരങ്ങളില്‍ ഒരാളായ പൂജാര നിരാശപ്പെടുത്തിയതോടെ ടീം തോല്‍ക്കുകയും ചെയ്തു. ഇന്നിംഗ്‌സിനും 70 റണ്‍സിനുമായിരുന്നു തമിഴ്‌നാടിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സില്‍ 203 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 367 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ സൗരാഷ്ട്ര 74ന്  പുറത്താവുകയായിരുന്നു. മറുവശത്ത് മുംബൈയും പരാജയത്തിന്റെ വക്കിലാണ്. ബറോഡയ്ക്ക് ഇനി ജയിക്കാന്‍ വേണ്ടത് ഒരു വിക്കറ്റ് മാത്രം.

Latest Videos

പാകിസ്ഥാന്‍ കരുണ കാണിക്കണം! ഇന്ത്യക്ക് ഇനിയും വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ സാധ്യത

നേരത്തെ, ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും (21) തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അസമിനെതിരെ ആറാമനായി ക്രീസിലെത്തിയ ഇഷാന്‍ 32 പന്തുകള്‍ നേരിട്ടിരുന്നു. കര്‍ണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്‍ മധ്യപ്രേദശിനെതിരെ 16 റണ്‍സിനും പുറത്തായി. 

അതേസമയം,  കേരളത്തിനെതിരെ പഞ്ചാബിന്റെ ലീഡ് 100 കവിഞ്ഞു. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് 135 റണ്‍സിന്റെ ലീഡായി. അന്‍മോല്‍പ്രീത് സിംഗ് (26), പ്രഭ്സിമ്രാന്‍ സിംഗ് (51) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഒന്നാം ഇന്നിംഗ്സില്‍ പഞ്ചാബ് 15 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 194നെതിരെ കേരളം 179 എല്ലാവരും പുറത്താവുകയായിരുന്നു.

click me!