ആദ്യ ടി20യില്‍ ശ്രീലങ്കയെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്! ജയമൊരുക്കിയത് ബ്രന്‍ഡന്‍ കിംഗ്-ലൂയിസ് സഖ്യം

By Web TeamFirst Published Oct 13, 2024, 11:48 PM IST
Highlights

ഗംഭീര തുടക്കമാണ് കിംഗ് -ലൂസ് സഖ്യം വിന്‍ഡീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 107 റണ്‍സ് ചേര്‍ത്തു.

ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. കാമിന്ദു മെന്‍ഡിസ് (51), ചരിത് അസലങ്ക (59) എന്നിവരാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറിടന്നു. ബ്രന്‍ഡന്‍ കിംഗ് (63), എവിന്‍ ലൂയിസ് (50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സന്ദര്‍ശകരെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. 

ഗംഭീര തുടക്കമാണ് കിംഗ് -ലൂസ് സഖ്യം വിന്‍ഡീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 107 റണ്‍സ് ചേര്‍ത്തു. പത്താം ഓവറിലെ ആദ്യ പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ലൂയിസിനെ മതീഷ പതിരാന പുറത്താക്കി. പിന്നീടെത്തിയ ഷായ് ഹോപ്പിന് (7) തിളങ്ങാനായില്ല. ഇതിനിടെ കിംഗിനെ കാമിന്ദു മടക്കി. 33 പന്തുകള്‍ മാത്രം നേരിട്ട താരം ഒരു സിക്‌സും 11 ഫോറും നേടിയിരുന്നു. റോസ്റ്റണ്‍ ചേസ് (19), റോവ്മാന്‍ പവല്‍ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷെഫാനെ റുതര്‍ഫോര്‍ഡ് (14), റൊമാരിയോ ഷെഫേര്‍ഡ് (1) പുറത്താവാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി പതിരാന രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos

ഓസീസിനോട് തോറ്റു, വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു, പൊരുതിയത് കൗര്‍ മാത്രം

നേരത്തെ മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. 27 റണ്‍സിനിടെ പതും നിസ്സങ്ക (11), കുശാല്‍ പെരേര (6) എന്നിവരുടെ വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. കുശാല്‍ മെന്‍ഡിസിനും (19) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ മൂന്നിന് 58 എന്ന നിലയിലായി ലങ്ക. തുടര്‍ന്ന് കാമിന്ദു - അസലങ്ക സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും പുറത്തായതോടെ ലങ്കയ്ക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ഭാനുക രജപക്‌സെ (17), വാനിന്ദു ഹസരങ്ക (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ചാമിന്ദു വിക്രമസിംഗെ (4), മഹീഷ് തീക്ഷണ (4) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ഷെഫേര്‍ഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.

tags
click me!