മെസി കളിക്കുമോ? പുതിയ വിവരം പുറത്തുവിട്ട് സ്‌കലോനി; കോപ്പ ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാളെ ഇക്വഡോറിനെതിരെ

By Web TeamFirst Published Jul 4, 2024, 2:46 PM IST
Highlights

കീരീടം നിലനിര്‍ത്താന്‍ ഉറച്ചിറങ്ങുന്ന ചാംപ്യന്മാരെ വലട്ടുന്നത് മെസിയുടെ പരിക്കാണ്.

ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം തുടങ്ങുക. പരിക്കേറ്റ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി കളിക്കുമോ എന്നാണ് ആകാംക്ഷ. കോപ്പ അമേരിക്കയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അര്‍ജന്റീന ക്വര്‍ട്ടര്‍ ഫൈനല്‍ പോരിന് ഇറങ്ങുന്നത്. എതിരാളികള്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇക്വഡോര്‍. ഒരോ ജയവും തോല്‍വിയും സമനിലയുമായി തട്ടിതടഞ്ഞാണ് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. 

അതുകൊണ്ട് തന്നെ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ പരീക്ഷ കഠിനമാകില്ലെന്നാണ് വിലയിരുത്തല്‍. കീരീടം നിലനിര്‍ത്താന്‍ ഉറച്ചിറങ്ങുന്ന ചാംപ്യന്മാരെ വലട്ടുന്നത് മെസിയുടെ പരിക്കാണ്. ഇക്വഡോറിനെതിരെ മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിപ്പിച്ച് റിസ്‌ക് എടുക്കേണ്ടെന്ന് സ്‌കലോണി തീരുമാനിച്ചതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്വഡോറിനെതിരെ തിരിച്ചടി നേരിട്ടാല്‍ മാത്രം മെസിയെ കളത്തിലിറക്കാനാണ് തീരുമാനം. സെമിയില്‍ പൂര്‍ണ ഫിറ്റ്‌നസോടെ മെസി തരിച്ചെത്താനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. 

ക്രൂസിനോട് അവസാന പോരിന് ഒരുങ്ങാന്‍ ജോസ്‌ലു! തിരിച്ചടിച്ച് ക്രൂസ്; ജര്‍മനി-സ്‌പെയ്ന്‍ പോരിന് മുമ്പ് വാക്‌പോര്

മെസിയില്ലെങ്കിലും ജയിക്കാനാകുമെന്ന് പെറുവിനെതിരായ അവസാന മത്സരത്തില്‍ തെളിയിക്കാനും ആയി. നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ മുന്നിലുള്ള ലൗടാരോ മാര്‍ട്ടിനെസിലാണ് പ്രതീക്ഷ. താരം 3 കളികളില്‍ നിന്ന് ഇതുവരെ 4 ഗോളുകളാണ് നേടിയത്. 2021 ക്വാട്ടര്‍ ഫൈനലിലും ഇക്വഡോര്‍ തന്നെ ആയിരുന്നു കോപ്പയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. അന്നത്തെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇരു ടീമുകളും 40 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 5 എണ്ണത്തില്‍ മാത്രമാണ് ഇക്വഡോറിന് ജയിക്കാനായത്. 2015 ലെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ രണ്ട് ഗോളിന് തോല്‍പ്പിച്ചതാണ് ഇക്വഡോറിന്റെ സമീപകാല നേട്ടം.

click me!