2 ലോകകപ്പ് നേടിയിട്ടും സിംബാബ്‌വെക്കെതിരെ ഇന്ത്യ ധരിച്ചത് ഒരു നക്ഷത്രം മാത്രമുള്ള ജേഴ്സി, കാരണമറിയാം

By Web TeamFirst Published Jul 6, 2024, 7:08 PM IST
Highlights

ഏകദിന ജേഴ്സിയിലും രണ്ട് നക്ഷത്രങ്ങളുള്ള ജേഴ്സിയാണ് ഇന്ത്യ ധരിക്കുന്നത്.

ഹരാരെ: ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം കിരീടം നേടിയതിന് പിന്നാലെ രണ്ട് നക്ഷത്രമുള്ള പുതിയ ജേഴ്സി മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടെങ്കിലും സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ധരിച്ചത് ഒരു നക്ഷത്രം മാത്രമുളള ജേഴ്സി. ലോകകപ്പ് നേട്ടങ്ങളുടെ എണ്ണം കാണിക്കുന്നതാണ് ജേഴ്സിയില്‍ ഹൃദയഭാഗത്തുള്ള നക്ഷത്രങ്ങള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ സഞ്ജു സാംസണാണ് ഇന്ത്യയുടെ രണ്ട് നക്ഷത്രമുള്ള ജേഴ്സി പുറത്തുവിട്ടത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് മുമ്പെ ശുഭ്മാന്‍ ഗില്ലിന്‍റെ നായകത്വത്തിലുള്ള ഇന്ത്യൻ ടീം സിംബാബ്‌വെ പര്യടനത്തിനായി പോയതിനാലാണ് രണ്ട് നക്ഷത്രമുള്ള ജേഴ്സി കളിക്കാര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായിരുന്ന ശുഭ്മാന്‍ ഗില്‍ അമേരിക്കയിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിലെത്തിയപ്പോള്‍ ശേഷിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ ജൂലൈ രണ്ടിനാണ് സിംബാബ്‌വെയിലേക്ക് തിരിച്ചത്.

Latest Videos

കറക്കി വീഴ്ത്തി ബിഷ്ണോയിയും സുന്ദറും, സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കുഞ്ഞൻ വിജയലക്ഷ്യം

ഏകദിന ജേഴ്സിയിലും രണ്ട് നക്ഷത്രങ്ങളുള്ള ജേഴ്സിയാണ് ഇന്ത്യ ധരിക്കുന്നത്. കഴിഞ്ഞ മാസം 29ന് ബാര്‍ബഡോസില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, ആവേശ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ് ബെഞ്ച് സായി സുദർശൻ, ജിതേഷ് ശർമ്മ, തുഷാർ ദേശ്പാണ്ഡേ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!