രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ കേരളത്തിന് തുടക്കം പിഴച്ചു; ഷോണ്‍ റോജര്‍ ടീമില്‍, മൂന്ന് മാറ്റം

By Web Team  |  First Published Nov 13, 2024, 1:23 PM IST

ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയിന്റാണുള്ളത്.


ലാഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരായ മത്സരത്തില്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം. ഹരിയായുടെ ഹോം ഗ്രൗണ്ടായ ലാഹ്‌ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരത്തിന് ബാബ അപരാജിതിന്റെ വിക്കറ്റാണ് (0) നഷ്ടമായത്. അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് അപരാജിത് മടങ്ങുന്നത്. ഒന്നിന് 27 റണ്‍സെടുത്തിട്ടുണ്ട് കേരളം. രോഹന്‍ കുന്നുമ്മല്‍ (15), അക്ഷയ് ചന്ദ്രന്‍ (6) എന്നിവരാണ് ക്രീസില്‍. ഉത്തര്‍ പ്രദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, കെ എം ആസിഫ് എന്നിവര്‍ പുറത്തായി. എന്‍ പി ബേസില്‍, ഷോണ്‍ റോജര്‍, നിതീഷ് എംഡി എന്നിവര്‍ ടീമിലെത്തി. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. 

ഗ്രൂപ്പ് സിയില്‍ ഹരിയാന ഒന്നാമതും കേരളം രണ്ടാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയാനയ്ക്ക് 19 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 15 പോയിന്റുമായിട്ടാണ് കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് ജയവും രണ്ട് സമനിലകളുമാണ് ഇരു ടീമുകളുടേയും അക്കൗണ്ടില്‍. ഈ മത്സരം ജയിക്കാനായാല്‍ പിന്നീട് കേരളത്തിന് നേരിടാനുള്ളത് മധ്യ പ്രേദേശിനേയും ബിഹാറിനേയുമാണ്. കേരളത്തിന്റെ പ്ലേയിംഗ് ഇലവന്‍ അറിയാം. 

Latest Videos

undefined

കേരളം: രോഹന്‍ കുന്നുമ്മല്‍, ബാബാ അപരാജിത്, അക്ഷയ് ചന്ദ്രന്‍, ഷോണ്‍ റോജര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, നിതീഷ് എഡി, ബേസില്‍ തമ്പി, ബേസില്‍ എന്‍പി.

ഇക്വഡോര്‍ യുവ ഫുട്‌ബോളര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം

അവസാനം മത്സരം ജയിച്ചാണ് ഇരു ടീമുകളും അഞ്ചാം മത്സരത്തിനെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ കൂറ്റന്‍ ജയമാണ് കേരളം നേടിയത്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിനും 117 റണ്‍സിനുമാണ് കേരളം ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ യുപിയുടെ 162 റണ്‍സിനെതിരെ കേരളം 233 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. സല്‍മാന്‍ നിസാര്‍ (93), സച്ചിന്‍ ബേബി (83) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ കേരളം 365 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച യുപി 116ന് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനാണ് കേരളത്തിന് ജയമൊരുക്കിയത്. 

ഹരിയാന പഞ്ചാബിനെതിരെ 37 റണ്‍സിന് ജയിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഹരിയാനയെ 114 റണ്‍സിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളര്‍മാര്‍ വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് 141 റണ്‍സില്‍ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റന്‍ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്‌സില്‍ 243 റണ്‍സടിച്ചപ്പോള്‍ 216 റണ്‍സ് ലീഡും ലഭിച്ചു. 217 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റണ്‍സിന് ഓള്‍ ഔട്ടായി 37 റണ്‍സിന്റെ തോല്‍വി വഴങ്ങി.

click me!