ഇഷാൻ കിഷന്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുമാണ് സൺറൈസേഴ്സിന്റെ കുതിപ്പിന് കരുത്തായത്.
ഐപിഎല്ലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 287 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി.
പതിവുപോലെ തന്നെ പവർ പ്ലേ പരമാവധി മുതലാക്കുന്ന സൺറൈസേഴ്സിനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും കാണാനായത്. ഓപ്പണർമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും തുടക്കം മുതൽ തന്നെ തകർത്തടിച്ചു. 3 ഓവർ പൂർത്തിയായപ്പോൾ തന്നെ ടീം സ്കോർ 45ൽ എത്തിയിരുന്നു. തുടർന്ന് 11 പന്തിൽ 24 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാമനായെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് ഹെഡ് സ്കോർ ഉയർത്തി. ഹെഡിനൊപ്പം കിഷനും ആക്രമിച്ച് കളിച്ചതോടെ സൺറൈസേഴ്സിന്റെ സ്കോർ കുതിച്ചുയർന്നു. 7-ാം ഓവറിൽ തന്നെ ടീം സ്കോർ മൂന്നക്കം കടന്നിരുന്നു.
തകർപ്പൻ ഫോമിലായിരുന്ന ഹെഡ് അപകടം വിതച്ചുകൊണ്ടിരിക്കെ 10-ാം ഓവറിൽ രാജസ്ഥാൻ തുഷാർ ദേശ്പാണ്ഡെയെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയം കണ്ടു. മിഡ് ഓഫിന് മുകളിലൂടെ ഒരു ഷോട്ടിന് ശ്രമിച്ച ഹെഡിന് പിഴച്ചു. പന്ത് നേരെ ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ. പിന്നീട് ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡിയും ഇഷാൻ കിഷനും സ്കോർ ബോർഡിന്റെ വേഗം കുറയാതെ കളിച്ചതോടെ രാജസ്ഥാൻ വിയർത്തു. 12-ാം ഓവറിന്റെ 2-ാം പന്തിൽ ടീം സ്കോർ 150 എത്തി. 13-ാം ഓവറിൽ ജോഫ്ര ആർച്ചറിനെ ആദ്യ രണ്ട് പന്തുകളും സിക്സർ പറത്തി കിഷൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. 25 പന്തിൽ 6 ബൌണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെയാണ് കിഷൻ അർധ സെഞ്ച്വറി തികച്ചത്.
സൺറൈസേഴ്സ് ഇന്നിംഗ്സിന്റെ ഉത്തരവാദിത്വം പൂർണമായി കിഷൻ ഏറ്റെടുത്തതോടെ സ്കോർ കുതിച്ചുയർന്നു. 14.1 ഓവറിൽ ടീം സ്കോർ 200ൽ എത്തി. പിന്നാലെ 15 പന്തിൽ 30 റൺസ് നേടി നിതീഷ് കുമാർ റെഡ്ഡി പുറത്തായി. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ സൺറൈസേഴ്സ് റെക്കോർഡ് സ്കോറിലേയ്ക്ക് കുതിക്കുകയാണെന്ന പ്രതീതി ഉയർന്നു. പേസർ ജോഫ്ര ആർച്ചറാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. 4 ഓവറുകൾ പൂർത്തിയാക്കിയ ആർച്ചർ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ കഴിയാതെ 76 റൺസാണ് വഴങ്ങിയത്. ക്ലാസൻ 14 പന്തുകളിൽ നിന്നും 34 റൺസ് നേടി.
19-ാം ഓവറിൽ ഇഷാൻ കിഷൻ സെഞ്ച്വറി തികച്ചു. 45 പന്തുകളിലായിരുന്നു കിഷന്റെ സെഞ്ച്വറി പിറന്നത്. ഐപിഎല്ലിൽ ആദ്യമായി ടീം സ്കോർ 300 കടക്കുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഹൈദരാബാദിന്റെ സ്കോർ 6ന് 286 എന്ന നിലയിൽ അവസാനിച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ ഹൈദരാബാദിന്റെ തന്നെ 287 എന്ന സ്കോറും തിരുത്തിക്കാൻ കമ്മിൻസിനും സംഘത്തിനും സാധിച്ചില്ല. 47 പന്തുകൾ നേരിട്ട കിഷൻ 106 റൺസുമായി പുറത്താകാതെ നിന്നു.