ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് വിഘ്നേഷ് പുറത്തെടുത്തത്.
ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം പതിവുപോലെ തന്നെ ആവേശക്കൊടുമുടി കയറിയിരുന്നു. അവസാന ഓവറിലേയ്ക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ ജയിച്ചുകയറി. എന്നാൽ, തോൽവിയിലും മുംബൈ ആരാധകർക്ക് ആശ്വസിക്കാൻ ഒരു വകയുണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ചെന്നൈ പോലെയൊരു ടീമിനെ മുൾമുനയിൽ നിർത്തിയ ഒരു 24 കാരൻ.
തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദിനെ മടക്കിയയച്ച് ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേടിയ വിഘ്നേഷ് മലയാളിയാണെന്നത് കേരളത്തിനാകെ അഭിമാനമായി മാറി. എന്നാൽ, ഇതുകൊണ്ട് തന്റെ വിക്കറ്റ് വേട്ട അവസാനിപ്പിക്കാൻ വിഘ്നേഷ് തയ്യാറായില്ല. അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്നേഷ് മടക്കിയയച്ചു. ചെന്നൈ അനായാസമായി ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറിലേയ്ക്ക് നീളാൻ കാരണം വിഘ്നേഷിന്റെ മാസ്മരിക ബൗളിംഗ് പ്രകടമായിരുന്നു. മത്സര ശേഷം മഹേന്ദ്ര സിംഗ് ധോണി വിഘ്നേഷിനെ തോളിൽ തട്ടി അഭിനന്ദിക്കുന്ന കാഴ്ചയും കാണാമായിരുന്നു.
ചെന്നൈയ്ക്ക് എതിരായ പ്രകടനത്തോടെ വിഘ്നേഷിന് വരും മത്സരങ്ങളിലും ടീമിൽ സ്ഥാനം ലഭിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വിഘ്നേഷ് കത്തിക്കയറുമ്പോൾ മുംബൈ ടീമിൽ മറ്റൊരു താരത്തിന്റെ സ്ഥാനത്തിനാണ് വലിയ കോട്ടം തട്ടുന്നത്. മറ്റാരുമല്ല, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അര്‍ജുൻ ടെണ്ടുൽക്കര്‍ക്കാണ് വിഘ്നേഷ് വെല്ലുവിളിയാകുന്നത്. സച്ചിൻ ബാറ്റ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോൾ അര്‍ജുന് ബൗളിംഗിലാണ് കമ്പം. ഇടംകയ്യൻ മീഡിയം പേസ് ബൗളറായ അര്‍ജുന് പക്ഷേ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല. ശരാശരി 130 കി.മീ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാൻ പോലും അര്‍ജുന് സാധിക്കാത്തതാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ശരാശരി പ്രകടനം മാത്രമാണ് അര്‍ജുനിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ മുംബൈയുടെ ആഭ്യന്തര ടീമിൽ നിന്ന് അര്‍ജുനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 5 മത്സരങ്ങൾ കളിച്ച അര്‍ജുന് ആകെ നേടാനായത് 13 റൺസും 3 വിക്കറ്റുകളും മാത്രമാണ്. അതിനാൽ തന്നെ അര്‍ജുനെ ഉപയോഗിച്ച് ഇനി പരീക്ഷണങ്ങൾക്ക് മുംബൈ തയ്യാറാകാനുള്ള സാധ്യത വിദൂരമാണ്. ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ തന്നെ ചെന്നൈയ്ക്ക് എതിരായ മത്സരത്തിൽ ബെഞ്ചിലായിരുന്ന അര്‍ജുന് വരും മത്സരങ്ങളിലും ടീമിലിടം ലഭിക്കാൻ സാധ്യത കുറവാണ്. മുംബൈ ഇന്ത്യൻസ് അര്‍ജുനെ കൈവിട്ടാൽ താരത്തിന്റെ ക്രിക്കറ്റ് കരിയറിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതെല്ലാം സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകരെ കൂടിയാണ് നിരാശരാക്കുന്നത്.
READ MORE: ഏപ്രിൽ 17ന് സൺറൈസേഴ്സിന്റെ സ്കോർ 300 കടക്കുമെന്ന് സ്റ്റെയ്ൻ; എതിരാളികളുടെ പേര് കേട്ട് ഞെട്ടി ആരാധകർ