നേരത്തെ കൊച്ചിയിലേക്ക് ലഹരി എത്തിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വൻ ലഹരി ശേഖരം പിടികൂടിയത്.
മലപ്പുറം: നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ വിലമതിക്കുവന്ന 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനിൽ നിന്ന് എം.ഡി.എം.എ എത്തിച്ചതിന് മട്ടാഞ്ചേരി പൊലീസ് മാര്‍ച്ച് ഏഴിനാണ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം.ഡി.എം.എ ശേഖരം കണ്ടെടുത്തു.
ഒമാനിൽ നിന്ന് ആഷിഖിനു വേണ്ടി തന്നെയാണോ എയര്‍ കാര്‍ഗോയില്‍ എം.ഡി.എം.എ അടങ്ങിയ പാര്‍സല്‍ എത്തിയതെന്നും നേരത്തേ ഇയാള്‍ നടത്തിയ മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങളുമെല്ലാം പൊലീസ് അന്വേഷിച്ചിരുന്നു. അഞ്ചു വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍നിന്ന് കുറഞ്ഞ വിലക്ക് സംഘടിപ്പിക്കുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തു പാക്കറ്റുകളിലും ഫ്ളാസ്‌ക്കുകള്‍ക്കുള്ളിലും ഒളിപ്പിച്ച് വിമാനത്താവളങ്ങള്‍ വഴി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കടത്തിയിരുന്നത്.
ഇയാളുടെ വിദേശ ബന്ധങ്ങള്‍ സംബന്ധിച്ച് ചോദ്യംചെയ്യലില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
മട്ടാഞ്ചേരിയിലെ കേസുകള്‍ക്കു പുറമെ മറ്റു സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളില്‍ ആഷിഖിന്റെ പങ്ക് തിരിച്ചറിഞ്ഞ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം