ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല
മുംബൈ : ഐപിഎൽ (IPL 2022) ഉദ്ഘാടന മത്സരത്തിന് മുൻപ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) തിരിച്ചടി. പ്രധാന താരങ്ങളായ മൊയീൻ അലി (Moeen Ali), ദീപക് ചാഹർ (Deepak Chahar), ഡ്വെയ്ൻ പ്രിട്ടോറിയസ് (Dwaine Pretorius) എന്നിവർക്ക് ആദ്യ മത്സരം നഷ്ടമാവും. ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ സീസണൊടുവിൽ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിൻ അലിയെ നിലനിർത്തിയത്.
ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. പേസര്‍ ദീപക് ചാഹറാവട്ടെ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല.
undefined
ആശ്വാസം റുതുരാജ്
ഇതേസമയം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കിൽ നിന്ന് മുക്തനായത് ചെന്നൈയ്ക്ക് ആശ്വാസമാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ 16 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പടെ 635 റൺസുമായി ഓറഞ്ച് ക്യാപ് അണിഞ്ഞ താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ്. ഇതോടെ സിഎസ്‌കെ താരത്തെ നിലനിര്‍ത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിന്‍റെ പരിക്ക് മാറിയതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസമാണ്.
റുതുരാജിനൊപ്പം ഡെവോൺ കോൺവേ ഓപ്പണാറായേക്കും. റോബിൻ ഉത്തപ്പയ്ക്ക് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടാനും സാധ്യതയുണ്ട്. ശനിയാഴ്‌ച കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കൊൽക്കത്ത നൈറ്റ് റൈഡഡേഴ്‌സിനെതിരെയാണ് നിലവിലെ ചാമ്പ്യൻമാരായ സിഎസ്‌കെയുടെ ഉദ്ഘാടന മത്സരം.
ദീപക്കിന് എപ്പോള്‍ കളിക്കാനാകും?
മെഗാതാരലേലത്തില്‍ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ താരമാണ് ദീപക് ചാഹര്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് താരത്തിന് ലഭിച്ചിട്ടില്ല. ദീപകിന് എപ്പോള്‍ കളിക്കാനാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്.