അത് വൈഡ് തന്നെ, പക്ഷെ മലയാളി അമ്പയർ കണ്ണടച്ചു, ഇന്ത്യന്‍ ജയത്തില്‍ നിർണായകമായത് അര്‍ഷ്‌ദീപിന്‍റെ ആദ്യ പന്ത്

By Web TeamFirst Published Dec 4, 2023, 9:46 AM IST
Highlights

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് അര്‍ഷ്‌ദീപ് സിംഗിന്‍റെ അവസാന ഓവറായിരുന്നു. തകര്‍ത്തടിച്ച് ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ് മാത്രമായിരുന്നു.

ബെംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് അര്‍ഷ്‌ദീപ് സിംഗിന്‍റെ അവസാന ഓവറായിരുന്നു. തകര്‍ത്തടിച്ച് ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ് മാത്രമായിരുന്നു. അര്‍ഷ്ദീപാകട്ടെ മൂന്നോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് പ്രഹരമേറ്റു വാങ്ങുകയും ചെയ്തിരുന്നു. എങ്കിലും അവസാന ഓവര്‍ എറിയാനായി അര്‍ഷ്ദീപ് അല്ലാതെ ഇന്ത്യക്ക് മറ്റ് സാധ്യതകളൊന്നും ഉണ്ടായിരുന്നില്ല.

അവസാന ഓവറില്‍ 10 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ വെയ്ഡിനുനേരെ അര്‍ഷ്ദീപ് ആദ്യമെറിഞ്ഞത് ഷോട്ട് പിച്ച് പന്തായിരുന്നു. ബാറ്റ് വീശിയെങ്കിലും വെയ്ഡിന്‍റെ ബാറ്റില്‍ പന്ത് കണക്ട് ചെയ്തില്ല. തലക്ക് മുകളിലൂടെ പോയ പന്തില്‍ വൈഡിനായി വെയ്ഡ് ലെഗ് അമ്പയറായിരുന്ന കെ  എന്‍ അനന്തപത്മനാഭനെ നോക്കിയെങ്കിലും അദ്ദേഹം അത് വൈഡ് അല്ലെന്ന് പറഞ്ഞു. എന്നാല്‍ റീപ്ലേകളില്‍ ആ പന്ത് വെയ്ഡിന്‍റെ തലക്ക് മുകളിലൂടെയാണ് പോകുന്നതെന്നും അത് വൈഡ് വിളിക്കേണ്ടതാണെന്നും വ്യക്തമായതോടെ മലയാളി അമ്പയറുടെ തീരുമാനത്തില്‍ വെയ്ഡ് അരിശം പ്രകടിപ്പിച്ചു.

Latest Videos

'ഇത് സനാതന ധർമത്തെ അധിക്ഷേപിച്ചതിന്‍റെ പരിണിതഫലം'; കോൺഗ്രസ് തോൽവിയെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്

അര്‍ഷ്ദീപിന്‍റെ അടുത്ത പന്ത് യോര്‍ക്കര്‍ ലെങ്ത്തിലെത്തിയപ്പോഴും വെയ്ഡിന് റണ്ണെടുക്കാനായില്ല. ഇതോടെ ലക്ഷ്യം നാലു പന്തില്‍ 10 റണ്‍സായി. അടുത്ത പന്തില്‍ സിക്സിന് ശ്രമിച്ച വെയ്ഡ് ലോംഗ് ഓണില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് കൊടുത്ത് മടങ്ങി. പുറത്തായി മടങ്ങുമ്പോഴും വൈഡ് വിളിക്കാതിരുന്ന അമ്പയറുടെ തീരുമാനത്തിലെ നിരാശ വെയ്ഡ് പ്രകടമാക്കിയിരുന്നു. അര്‍ഷ്ദീപിന്‍റെ നാലാം പന്തില്‍ ബെഹന്‍ഡോര്‍ഫ് സിംഗിളെടുത്ത് സ്ട്രൈക്ക് നഥാന്‍ എല്ലിസിന് കൈമാറി.

Mathew Hyden: That is definitely Wide.
But, Indian Umpire did not give.😂
Level of Umpiring.😝 pic.twitter.com/L0lLA8hgt6

— Rehman Rafiq (@RehmanRafiq18)

അഞ്ചാം പന്തില്‍ എല്ലിസിന്‍റെ സ്ട്രൈറ്റ് ഡ്രൈവ് അര്‍ഷ്ദീപിന്‍റെ കൈയിലും അമ്പയര്‍ വീരേന്ദര്‍ ശര്‍മുടെ കാലിലും തട്ടിത്തെറിച്ചതോടെ ഓസീസ് തോല്‍വി ഉറപ്പിച്ചു. അര്‍ഷ്ദീപിന്‍റെ അവസാന ഓവറിലെ നിര്‍ണായക ആദ്യ പന്ത് വൈഡ‍് വിളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ കളി ഓസ്ട്രേലിയക്ക് അനുകൂലമാകുമായിരുന്നു. എല്ലിസിന്‍റെ ബൗണ്ടറി ഷോട്ട് തടഞ്ഞ അമ്പയര്‍ വീരേന്ദര്‍ ശര്‍മ മാത്രമല്ല ആദ്യ പന്ത് വൈഡ് വിളിക്കാതിരുന്ന അമ്പയര്‍ അനന്തപത്മനാഭന്‍റെ തീരുമാനവും ഓസീസ് തോല്‍വിയില്‍ നിര്‍ണായകമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!