പ്രതിരോധം...ആക്രമണം...അതിജീവനം; ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ, പരമ്പര

By Web Team  |  First Published Jan 19, 2021, 1:09 PM IST

നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ വിസ്‌മയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവനിരയ്‌ക്ക് അവകാശപ്പെട്ടതാണ് ഈ മിന്നും വിജയം.  


ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 

138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Latest Videos

വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

തുടക്കം തകര്‍ന്നിട്ടും ഗില്ലാട്ടം 

4-0 എന്ന സ്‌കോറില്‍ അവസാന ദിനം തുടങ്ങിയ ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ആദ്യ സെഷനില്‍ ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റ കൈകളിലെത്തിച്ചു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ രണ്ടാം ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഈ പര്യടനത്തിലാണ് ഗില്‍ അരങ്ങേറ്റം കുറിച്ചത്. 

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഷോട്ട് പിച്ച് പന്തുകള്‍ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഗില്ലിനെ(91) സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത് പറഞ്ഞയക്കുകയായിരുന്നു. 146 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം 259 റണ്‍സായി. 

വിക്കറ്റ് കളഞ്ഞുകുളിച്ച് രഹാനെ

ഗില്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിംഗ്‌സ് നീണ്ടില്ല. പാറ്റ് കമ്മിന്‍സിന്‍റെ ഷോട്ട് പിച്ച് പന്തില്‍ ബാറ്റ് വച്ച രഹാനെ പെയ്‌നിന്‍റെ കൈകളിലെത്തി. 22 പന്തില്‍ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. എന്നാല്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമായി ക്രീസിലെത്തിയ റിഷഭ് പന്ത്, പൂജാരയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ടു കുതിപ്പിച്ചു. ഇതിനിടെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നാഴികക്കല്ല് റിഷഭ് പിന്നിട്ടു.  

സാവധാനം കളിച്ച പൂജാര ലബുഷെയ്‌നെ ബൗണ്ടറി കടത്തി 196 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ലിയോണിന് ടേണ്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇന്ത്യക്ക് 100 റണ്‍സ് വേണമെന്നിരിക്കേ പുത്തന്‍ പന്തെടുത്ത പാറ്റ് കമ്മിന്‍സ് രണ്ടാം പന്തില്‍ ബ്രേക്ക്‌ത്രൂ നല്‍കി. പൂജാര(211 പന്തില്‍ 56) എല്‍ബിയില്‍ കുടുങ്ങി പുറത്ത്. ഇതോടെ ഇന്ത്യ 228-4 എന്ന സ്‌കോറില്‍. 19.4 ഓവറുകളാണ് ഈ സമയം അവശേഷിച്ചിരുന്നത്. അവിടെ നിന്ന് ഗ്രൗണ്ടിന്‍റെ നാലുപാടും അടിയാരംഭിക്കുകയായിരുന്നു സത്യത്തില്‍ റിഷഭ് പന്ത്. 

ഒടുവില്‍ പന്താട്ടത്തില്‍ ഇന്ത്യന്‍ ജയം

റിഷഭ് പന്തിനെ സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്‌ടമാക്കിയ പെയ്‌ന്‍ കനത്ത വില നല്‍കേണ്ടിവന്നു. റിഷഭ് 100 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അവസാന 15 ഓവറില്‍ 69 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പാറ്റ് കമ്മിന്‍സ് ഒരിക്കല്‍ കൂടി ഞെട്ടിച്ചപ്പോള്‍ ഇന്ത്യ വിറച്ചു. ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാള്‍ വെയ്‌ഡിന്‍റെ കൈകളില്‍. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. ജയിക്കാന്‍ 10 മാത്രം വേണമെന്നിരിക്കേ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വാഷിംഗ്‌ടണ്‍(22) ബൗള്‍ഡായി. ലിയോണിനായിരുന്നു വിക്കറ്റ്.

ജയത്തിലേക്ക് മൂന്ന് റണ്‍സിന്‍റെ അകലത്തില്‍ ഷാര്‍ദുല്‍ താക്കൂറും(2) വീണതോടെ ഇന്ത്യ ഒന്ന് വിറച്ചു. എന്നാല്‍ തൊട്ടടുത്ത രണ്ടാം പന്തില്‍ ഹേസല്‍വുഡിനെതിരെ ബൗണ്ടറി നേടി പന്ത് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തു. പന്തിനൊപ്പം(89*), സൈനി(0*) പുറത്താകാതെ നിന്നു. 

എന്നെന്നും ഓര്‍ത്തിരിക്കാന്‍ സിറാജിന്‍റെ അഞ്ച് വിക്കറ്റ്

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. ടെസ്റ്റ് ഇന്നിംഗ്‌സിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജ് ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ രണ്ടാം ഇന്നിംഗ്സ് 294ല്‍ അവസാനിച്ചു. നിരന്തരം നേരിട്ട വംശീയാധിക്ഷേപത്തേയും തോല്‍പിച്ചായിരുന്നു ഈ മികവ്. സ്റ്റീവ് സ്‌മിത്ത് 55 ഉം ഡേവിഡ് വാര്‍ണര്‍ 48 ഉം റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ സിറാജിന്‍റെ അഞ്ചിന് പുറമേ ഷാര്‍ദുല്‍ താക്കൂറിന്‍റെ നാലും വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ ഒരു വിക്കറ്റും നേടി പിടിച്ചുകെട്ടി. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 33 റണ്‍സിന്‍റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്‍റെ(108) കരുത്തില്‍ 369 റണ്‍സെടുത്തു. നായകന്‍ ടിം പെയ്‌ന്‍(50), കാമറൂണ്‍ ഗ്രീന്‍(47), മാത്യൂ വെയ്ഡ്(45) എന്നിവര്‍ ഭേദപ്പട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂറും അരങ്ങേറ്റക്കാരായ ടി. നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഒരാളെ പുറത്താക്കി. 

താക്കൂറും സുന്ദറും ഹീറോ

ഏഴാം വിക്കറ്റില്‍ 123 റണ്‍സ് ചേര്‍ത്ത വാഷിംഗ്‌ടണ്‍ സുന്ദറിന്‍റേയും ഷാര്‍ദുല്‍ താക്കുറിന്‍റെയും പ്രകടനമാണ് ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സില്‍ 336 റണ്‍സിലെത്തിച്ചത്. ഒരവസരത്തില്‍ ആറിന് 186 എന്ന നിലയില്‍ പതറിയിരുന്നു ഇന്ത്യ. എന്നാല്‍ സുന്ദര്‍ 62 ഉം താക്കൂര്‍ 67 ഉം റണ്‍സെടുത്തതോടെ ഇന്ത്യ തിരിച്ചുവന്നു. ബൗളിംഗിലെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയായിരുന്നു ഇവരുടെ ബാറ്റിംഗ് ഹീറോയിസം. ജോഷ് ഹേസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വീതവും നേഥന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി. 

സയിദ് മുഷ്താഖ് അലി ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ടോസ്

click me!