'അണ്ണാ വിന്‍ഡീസിൽ സെഞ്ചുറി പൊട്ടിക്കണം, കിട്ടിയ അവസരം അനാവശ്യ ഷോട്ട് കളിച്ച് വലിച്ചെറിയല്ലേ മുത്തേ' എന്നും സഞ്ജുവിനോട് ആരാധകര്‍
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ ആരാധകര്‍ ഡബിള്‍ ഹാപ്പിയാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ട്വന്‍റി 20 സീരീസിനുള്ള ടീമിലും സഞ്ജു സാംസണിനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഇടംലഭിക്കാന്‍ സഞ്ജുവിന് ഇനിയൊരു അവസരമുണ്ടായേക്കില്ല എന്നിരിക്കേ മലയാളി താരത്തിന്‍റെ പ്രകടനത്തിലേക്ക് എത്തിനോക്കുകയാണ് ആരാധകര്‍.
ട്വന്‍റി 20 ടീമിലേക്ക് മടങ്ങിയെത്തിയതും തന്‍റെ ബാറ്റിംഗ് പരിശീലനത്തിന്‍റെ ചിത്രം പങ്കുവെച്ചാണ് ആരാധകരെ സഞ്ജു സാംസണ്‍ വരവേറ്റത്. ക്രീസ് വിട്ടിറങ്ങി ബൗളറെ പറത്തുന്ന ചിത്രമാണിത്. ഇതിന് താഴെ നിരവധി ആരാധകരാണ് സഞ്ജുവിന് ആശംസകളുമായി പ്രത്യക്ഷപ്പെട്ടത്. മലയാളി ആരാധകര്‍ മാത്രമല്ല, വിവിധ ദേശക്കാരായ സഞ്ജു ആരാധകര്‍ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം മലയാളത്തിലുള്ള കമന്‍റുകള്‍ തന്നെ. 'അണ്ണാ വിന്‍ഡീസിൽ സെഞ്ചുറി പൊട്ടിക്കണം, കിട്ടിയ അവസരം അനാവശ്യ ഷോട്ട് കളിച്ച് വലിച്ചെറിയല്ലേ മുത്തേ' എന്നുമായിരുന്നു രണ്ട് മലയാളി ആരാധകരുടെ കമന്‍റുകള്‍. സഞ്ജുവിന്‍റെ ഈ ചിത്രത്തിന് രണ്ട് ലക്ഷത്തിലേറെ ലൈക്ക് ഇതിനകം ലഭിച്ചു.
പുതുതായി ചീഫ് സെലക്‌ടറായി തെരഞ്ഞെടുക്കപ്പെട്ട അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെട്ട ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ട്വന്‍റി 20 സ്‌ക്വാഡിനെ തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാകുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. പേസര്‍മാരായ അര്‍ഷ്‌ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്‌പിന്നര്‍മാരായി ടീമിലുണ്ട്.
ഇന്ത്യന്‍ ട്വന്‍റി 20 ടീം: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.
Read more: അടിച്ച് പറപ്പിക്കാന്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍; ഏറ്റവും ശക്തമായ ഇന്ത്യന്‍ ടി20 ഇലവന്‍ അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം