ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്താന്‍ അനുവദിക്കില്ല, ഗ്വാളിയോറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ

By Web TeamFirst Published Sep 25, 2024, 9:51 AM IST
Highlights

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സരത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഗ്വാളിയോർ: ഇന്ത്യ, ബംഗ്ലാദേശ് ഒന്നാം ടി20ക്ക് വേദിയായ ഗ്വാളിയോറിൽ മത്സരദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഒക്ടോബർ ആറിനാണ് മധ്യപ്രദേശിലെ ഗ്വാളിയോറിൽ മത്സരം നടക്കേണ്ടത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം  നടക്കുന്നുവെന്ന് ആരോപിച്ചാണ് ഗ്വാളിയോറിൽ ടി20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമത്തിന് ഇരയാകുകയാണെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ഗ്വാളിയോറില്‍ മത്സരം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ടീം മത്സരത്തിനായി എത്തുമ്പോള്‍ പ്രതിഷേധിക്കുമെന്നും ജയ്‌‌വീര്‍ ഭരദ്വാജ് വ്യക്തമാക്കി. മത്സരം റദ്ദാക്കിയില്ലെങ്കില്‍ ഗ്വാളിയോറിലെ മാധവ റാവു സിന്ധ്യ സ്റ്റേഡിയത്തിലെ പിച്ച് നശിപ്പിക്കുമെന്ന് ഭരദ്വാജ് പറഞ്ഞിരുന്നു.

Latest Videos

14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സരത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗ്വാളിയോറില്‍ 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു രാജ്യാന്തര ടി20 മത്സരം നടക്കുന്നത്. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തില്‍ 2010ലായിരുന്നു അവസാന രാജ്യാന്തര മത്സരം നടന്നത്. 30000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് ഗ്വാളിയോറിലുള്ളത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യയും ബംഗ്ലാദേശും ഇപ്പോള്‍ കാണ്‍പൂരിലാണുള്ളത്. വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!