ടിആര്‍പി റേറ്റിംഗിന് വേണ്ടി ഒന്നും പറയാനില്ല, വിരാട് കോലിയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്തി ഗംഭീര്‍

By Web TeamFirst Published Jul 22, 2024, 12:35 PM IST
Highlights

കോലിയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. എന്‍റെ നിയമനത്തിനുശേഷവും ഞങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഞങ്ങള്‍ രണ്ടുപേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താനായാണ് ഇപ്പോള്‍ ഇറങ്ങുന്നത്

മുംബൈ: വിരാട് കോലിയുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്തി ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. വിരാട് കോലിയുമായുളള തന്‍റെ ബന്ധം എങ്ങനെയെന്നത് ടിആര്‍പി റേറ്റിംഗിന് നല്ലതാണെങ്കിലും അത് പരസ്യമാക്കേണ്ട കാര്യമല്ലെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിരാട് കോലിയുമായുള്ള എന്‍റെ ബന്ധം എങ്ങനെയായിരിക്കുമെന്നത് ടിആര്‍പി റേറ്റിംഗിന് നല്ലതായിരിക്കും. പക്ഷെ അത് പരസ്യമാക്കേണ്ട കാര്യമില്ല. പക്വതയുള്ള രണ്ട് വ്യക്തികളെന്ന നിലയിൽ കളിക്കളത്തില്‍ സ്വന്തം ടീമിനായി പോരാടാനും ജയിച്ചുവരാനും എല്ലാവർക്കും അവകാശമുണ്ട്. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നത്. 140 കോടി ജനങ്ങളുടെ പ്രതിനിധികളാണ് ഞങ്ങള്‍ രണ്ടുപേരും. രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ പോരാടുക എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. കോലിയുമായി ഗ്രൗണ്ടിന് പുറത്ത് എനിക്ക് മികച്ച ബന്ധമാണുള്ളത്. അത് തുടരും. ഞങ്ങള്‍ തമ്മിലുള്ളത് എന്ത് തരം ബന്ധമാണെന്ന് പരസ്യമാക്കേണ്ട കാര്യമില്ല. അത് രണ്ട് വ്യക്തികള്‍ക്കിടയിലുള്ള കാര്യമാണ്.

Latest Videos

സഞ്ജു സാംസണ് പകരം റിഷഭ് പന്ത് എങ്ങനെ ഏകദിന ടീമിലെത്തി; വിശദീകരിച്ച് അഗാര്‍ക്കര്‍

കോലിയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. എന്‍റെ നിയമനത്തിനുശേഷവും ഞങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഞങ്ങള്‍ രണ്ടുപേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താനായാണ് ഇപ്പോള്‍ ഇറങ്ങുന്നത്. അതാണ് ഞങ്ങളുടെ ഉത്തരവാദിത്തവും ജോലിയും. എന്നെ കോച്ചായി തെരഞ്ഞെടുത്തശേഷവും കളിക്കിടയിലും കളിക്കുശേഷവും ഞങ്ങൾ പരസ്പരം  എന്തൊക്കെ സംസാരിച്ചുവെന്നോ ചാറ്റ് ചെയ്തുവെന്നോ എത്ര തവണ ചാറ്റ് ചെയ്തുവെന്നോ എന്നൊക്കെ പരസ്യമാക്കുന്നത് തലക്കെട്ടുകള്‍ക്ക് വേണ്ടിയാണ്.  അത് പ്രധാനപ്പെട്ട കാര്യമല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഹാര്‍ദ്ദിക്കിനെ ടി20 ക്യാപ്റ്റനാക്കാതിരുന്നത് എന്തുകൊണ്ട്; എല്ലാം തുറന്നു പറഞ്ഞ് ഗംഭീറും അഗാര്‍ക്കറും

2023ലെ ഐപിഎല്ലിനിടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായിരുന്ന ഗംഭീറും കോലിയും ഗ്രൗണ്ടില്‍ പരസ്പരം വാക് പോരിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗംഭീറും കോലിയും പരിശീലനത്തിനിടെ പരസ്പരം ദീര്‍ഘനേരം സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നതിന്‍റെ സൂചനയായിരുന്നു. ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിസിസിഐ വിരാട് കോലിയുമായി സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നു ഇത്. ഇതിന്‍റെ തുടര്‍ച്ചയായാണ് പരിശീലകനായി ഗംഭീര്‍ ചുമതലയേറ്റ ആദ്യ പരമ്പരയില്‍ തന്നെ കളിക്കാന്‍ കോലി സന്നദ്ധനായതെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!