കരുതിയതിനെക്കാൾ ഗുരുതരം, പരിക്കേറ്റ റിഷഭ് പന്ത് മൂന്നാം ദിനവും വിക്കറ്റ് കീപ്പറാവില്ല, പകരക്കാരനായി ജുറെല്‍

By Web Team  |  First Published Oct 18, 2024, 10:52 AM IST

ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 37-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗില്‍ കീപ്പ് ചെയ്യുന്നതിനിടെയാണ് പന്ത് കാല്‍മുട്ടില്‍കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റത്.


ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം കാല്‍മുട്ടില്‍ പന്തുകൊണ്ട് പരിക്കേറ്റ റിഷഭ് പന്ത് മൂന്നാം ദിനം വിക്കറ്റ് കീപ്പറായി ഇറങ്ങില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മൂന്നാം ദിനം റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലാകും വിക്കറ്റ് കീപ്പറാകുകയെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, റിഷഭ് പന്ത് ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. ബിസിസിഐ മെഡിക്കല്‍ സംഘം റിഷഭ് പന്തിന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 37-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗില്‍ കീപ്പ് ചെയ്യുന്നതിനിടെയാണ് പന്ത് കാല്‍മുട്ടില്‍കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റത്. രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോള്‍ നിരവധി ശസ്ത്രക്രിയ നടത്തിയ ഇടത് കാലില്‍ തന്നെയാണ് ഇന്നലെ ജഡേജയെറിഞ്ഞ പന്ത് കൊണ്ടത്. പന്ത് കാല്‍മുട്ടില്‍ കൊണ്ട ഉടനെ വേദനകൊണ്ട് പുളഞ്ഞ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടിരുന്നു. കാല്‍മുട്ടില്‍ നീരുള്ള റിഷഭ് പന്തിന്‍റെ കാര്യത്തില്‍ റിസ്ക് എടുക്കാനാവാത്തതുകൊണ്ടാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടതെന്ന് രണ്ടാം ദിവസത്തെ കളിക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.

Latest Videos

undefined

അടിച്ചു കേറി വാ.., ഒരേയൊരു സെഞ്ചുറി, റാങ്കിംഗിൽ 91 സ്ഥാനങ്ങൾ ഉയ‍ർന്ന് സഞ്ജു; പന്തിനെയും കിഷനെയും പിന്നിലാക്കി

നിര്‍ഭാഗ്യവശാല്‍ ജഡേജയുടെ പന്ത് റിഷഭിന്‍റെ കാല്‍മുട്ടിലെ ചിരട്ടയിലാണ് കൊണ്ടതെന്ന് രോഹിത് പറഞ്ഞിരുന്നു . രണ്ട് വര്‍ഷം മുമ്പ് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ വലിയ ശസ്ത്രക്രിയകള്‍ നടത്തിയ ഇടതുകാലിന്‍റെ മുട്ടിലാണ് പന്തുകൊണ്ടത്. പന്ത് കൊണ്ടപ്പോള്‍ തന്നെ നീര് വന്നു. അതുകൊണ്ടാണ് മുന്‍കരുതലെന്ന നിലയില്‍ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടത്. റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് റിസ്ക് എടുക്കാനാവില്ല. അതുപോലെ ശസ്ത്രക്രിയ ചെയ്ത കാലിലാണ് പന്ത് കൊണ്ടെന്നതിനാല്‍ റിസ്കെടുത്ത് കളിക്കാന്‍ റിഷഭും തയാറായിരുന്നില്ല.അതുകൊണ്ടാണ് റിഷഭ് പന്ത് കയറിപ്പോയത്. രാത്രി വിശ്രമിക്കുന്നതോടെ നീരെല്ലാം പോയി റിഷഭ് പരിക്കില്‍ നിന്ന് മോചിതനാവുമെന്നും ഇന്ന് ഇന്ത്യക്കായി ഗ്രൗണ്ടിലിറങ്ങുമെന്നുമാണ്  പ്രതീക്ഷിക്കുന്നതെന്നും രോഹിത് ഇന്നലെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!