റിഷഭ് പന്തിന്‍റെ കാല്‍മുട്ടിനേറ്റ പരിക്ക്; നിർണായക അപ്ഡേറ്റുമായി ക്യാപ്റ്റൻ രോഹിത് ശർമ

By Web TeamFirst Published Oct 17, 2024, 9:38 PM IST
Highlights

ന്യൂസിലന്‍ഡ് ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജയെറിഞ്ഞ 37-ാം ഓവറിലാണ് പന്ത് കാല്‍മുട്ടിലിടിച്ച് റിഷഭ് പന്തിന് പരിക്കേറ്റത്.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിനിടെ റിഷഭ് പന്തിന്‍റെ കാലിനേറ്റ പരിക്കിന്‍റെ വിശദാംശങ്ങളുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രണ്ടാം ദിവസത്തെ കളിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റിഷഭ് പന്തിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത് മറുപടി നല്‍കിയത്. ന്യൂസിലന്‍ഡ് ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജയെറിഞ്ഞ 37-ാം ഓവറിലാണ് പന്ത് കാല്‍മുട്ടിലിടിച്ച് റിഷഭ് പന്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുള‍ഞ്ഞ റിഷഭ് പന്ത് കാലില്‍ ഐസ് പാക്ക് കെട്ടിവെച്ചാണ് ഗ്രൗണ്ട് വിട്ടത്. പിന്നീട് ധ്രുവ് ജുറെലാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്.

നിര്‍ഭാഗ്യവശാല്‍ ജഡേജയുടെ പന്ത് റിഷഭിന്‍റെ കാല്‍മുട്ടിലെ ചിരട്ടയിലാണ് കൊണ്ടതെന്ന് രോഹിത് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ വലിയ ശസ്ത്രക്രിയകള്‍ നടത്തിയ ഇടതുകാലിന്‍റെ മുട്ടിലാണ് പന്തുകൊണ്ടത്. പന്ത് കൊണ്ടപ്പോള്‍ തന്നെ നീര് വന്നു. അതുകൊണ്ടാണ് മുന്‍കരുതലെന്ന നിലയില്‍ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടത്. റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് റിസ്ക് എടുക്കാനാവില്ല. അതുപോലെ ശസ്ത്രക്രിയ ചെയ്ത കാലായതിനാല്‍ റിസ്കെടുത്ത് കളിക്കാന്‍ റിഷഭും തയാറായിരുന്നില്ല.

Latest Videos

ഒടുവില്‍ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് രോഹിത് ശർമ, 46ന് ഓള്‍ ഔട്ടായതില്‍ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ

അതുകൊണ്ടാണ് റിഷഭ് പന്ത് കയറിപ്പോയത്. ഇന്ന് രാത്രി വിശ്രമിക്കുന്നതോടെ നീരെല്ലാം പോയി റിഷഭ് പരിക്കില്‍ നിന്ന് മോചിതനാവുമെന്നും നാളെ ഇന്ത്യക്കായി ഗ്രൗണ്ടിലിറങ്ങുമെന്നുമാണ്  പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 46ന് ഓള്‍ ഔട്ടായപ്പോള്‍ 20 റണ്‍സെടുത്ത റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

THE UPDATE ON PANT BY CAPTAIN ROHIT SHARMA 🇮🇳

- Wishing a speedy recovery, Pant. pic.twitter.com/mhtQHkCYiv

— sports cricket (@cricket_new07)

വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പര റിഷഭ് പന്തിന്‍റെ സാന്നിധ്യം ഇന്ത്യക്ക് നിര്‍ണായകമാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് റിഷഭ് പന്തായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ റിഷഭ് പന്തിന്‍റെ ബാറ്റിംഗില്‍ വലിയ പ്രതീക്ഷയാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!