മൂന്നാം നമ്പറില്‍ കളിക്കട്ടെ, ഇനിയും സഞ്ജുവിനെ മാറ്റിനിര്‍ത്തരുത്! മലയാളി താരത്തിനായി വാദിച്ച് മുന്‍ താരം

By Web TeamFirst Published Jul 5, 2024, 11:05 PM IST
Highlights

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതുമുണ്ട്. മൂന്നാം നമ്പറില്‍ ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം.

മുംബൈ: ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം മറ്റൊരു പരമ്പരയ്ക്കിറങ്ങുകയാണ്. സിംബാബ്‌വെക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് നാളെ തുടക്കമാവും. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ യുവനിരയുമായിട്ടാണ് ഇന്ത്യ വരുന്നത്. ലോകകപ്പില്‍ കളിച്ച ആരും അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലില്ല. പൂര്‍ണമായും ഐപിഎല്ലില്‍ തിളങ്ങിയ യുവനിരയുമായാണ് ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തില്‍ ഇന്ത്യ നാളെ സിംബാബ്വെയെ നേരിടാനിറങ്ങുന്നത്. 

അതേസമയം രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതുമുണ്ട്. മൂന്നാം നമ്പറില്‍ ആര് കളിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. മലയാളിതാരം സഞ്ജു സാംസണിന്റെ പേര് പറയുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരിം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സിംബാബ്‌വെ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാവുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ അവന്‍ അഞ്ച് മത്സരങ്ങളും കളിക്കണമായിരുന്നു. അതും മൂന്നാം നമ്പറില്‍. കാരണം അതാണ് അവന്‍ ഇഷ്ടപ്പെടുന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ സമയമാണ്. സിംബാബ്വെ സീരീസില്‍ നിന്ന് പരിവര്‍ത്തനം ആരംഭിക്കും. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുണ്ടാവും. ഒരുപാട് പുതുമുഖങ്ങളിലേക്ക് ശ്രദ്ധ തിരിയും. വിക്കറ്റ് കീപ്പര്‍ സ്ലോട്ടില്‍ പോലും മത്സരമുണ്ടാവും. എങ്കിലും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം.'' സബാ കരീം പറഞ്ഞു.

ലോകകപ്പില്‍ എന്തായിരുന്നു സഞ്ജുവിന്റെ റോള്‍? പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ച് രാഹുല്‍ ദ്രാവിഡ് - വീഡിയോ

സഞ്ജുവിന്റെ സമീപകാല പ്രകടനത്തെ കുറിച്ചും സബാ കരീം സംസാരിച്ചു. ''അടുത്തിടെ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അയാള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. അയാള്‍ക്ക് ഇപ്പോള്‍ ധാരാളം അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ ഏറെ വെല്ലുവിളികളും താരത്തിനുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ റോയല്‍സിനെ നല്ല രീതിയില്‍ നയിക്കാന്‍ സാധിച്ചിരുന്നു. കരിയങറില്‍ മുന്നോട്ട് പോവുമ്പോള്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ തന്നെ കളിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' മുന്‍ ഇന്ത്യന്‍ താരം പറഞ്ഞുനിര്‍ത്തി. അവസാന മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കുക.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെല്‍ , റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ.

click me!