ഹാർദ്ദിക്കിനെ മാറ്റാൻ കാരണം ഫിറ്റ്നെസല്ല, അത് തുറന്നു പറയാൻ അഗാർക്കർ ധൈര്യം കാട്ടണമെന്ന് മുൻ ചീഫ് സെലക്ടർ

By Web TeamFirst Published Jul 25, 2024, 11:17 AM IST
Highlights

ഹാര്‍ദ്ദിക്കിനെ മാറ്റാനുള്ള കാരണം തുറന്നു പറയാനുള്ള ധൈര്യം സെലക്ടര്‍മാര്‍ കാണിക്കണമായിരുന്നുവെന്ന് ശ്രീകാന്ത്.

ചെന്നൈ: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണം ഫിറ്റ്നസല്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഹാര്‍ദ്ദിക്കിനെക്കുറിച്ചുള്ള മറ്റ് കളിക്കാരുടെ അഭിപ്രായം തേടിയശേഷമാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചാണ് അവര്‍ തീരുമാനമെടുത്തത് എന്നാണ് ഞാന്‍ കരുതുന്നത്. അത് മിക്കവാറും ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള വിവരങ്ങളാവും. അല്ലാതെ ഫിറ്റ്നെസാണ് ഒഴിവാക്കാന്‍ കാരണം എന്ന് കരുതുന്നില്ല.കാരണം, ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളും ഹാര്‍ദ്ദിക് കളിച്ചതാണ്. പന്തെറിയുകയും ചെയ്തു. ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കിലും എല്ലാ മത്സരങ്ങളിലും ഹാര്‍ദ്ദിക് കളിച്ചിട്ടുണ്ട്. മുംബൈക്ക് യോഗ്യത നേടിക്കൊടുക്കാന്‍ കഴിയാത്തതോ തിളങ്ങാത്തതോ മറ്റൊരു വിഷയമാണ്. അതുപോലെ ലോകകപ്പിലും അയാള്‍ ബൗള്‍ ചെയ്യുകയും തിളങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ഫിറ്റ്നെസിന്‍റെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞാല്‍ ഞാൻ വിശ്വസിക്കില്ല.

Latest Videos

ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്

ഹാര്‍ദ്ദിക്കിന് പകരം സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. സൂര്യ മികച്ച താരമാണ്. എനിക്കും അദ്ദേഹത്തെ ഇഷ്ടമാണ്. എന്നാല്‍ ഹാര്‍ദ്ദിക്കിനെ മാറ്റാനുള്ള കാരണം തുറന്നു പറയാനുള്ള ധൈര്യം സെലക്ടര്‍മാര്‍ കാണിക്കണമായിരുന്നു. ഹാര്‍ദ്ദിക്കിനെ ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അവര്‍ക്ക് നേരിട്ട് പറയാമായിരുന്നു. ഭാവി മുന്നില്‍ കണ്ട് സൂര്യകുമാറിനെയാണ് ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക എന്ന് പേടിയില്ലാതെ പറയാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയണമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

നേരത്തെ റുതുരാജ് ഗെയ്ക്‌വാദിനെ ടി20 ടീമില്‍ നിന്നൊഴിവാക്കിയതിനെിരെയും ശ്രീകാന്ത് വിമര്‍ശിച്ചിരുന്നു. ടി20 ടീമിലെ സ്വാഭാവിക ചോയ്സായിരുന്നു റുതുരാജെന്നും എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെയാണ് സെലക്ടര്‍മാര്‍ ടീ20 ടീമിലെടുത്തതെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു. എല്ലാവർക്കും ശുഭ്മാന്‍ ഗില്ലിനെപ്പോലെ നല്ലരാശിയില്‍ ജനിക്കാൻ ആവില്ലല്ലോ എന്നും ടി20ക്ക് പറ്റിയ കളിക്കാരനെയല്ല ഗില്ലെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!