2020 ലെ ടി 20 ലോകകപ്പ് മാറ്റി, 2021 ലെ ലോകകപ്പിന് മാറ്റമില്ല; ഐപിഎല്ലും നടത്താൻ ആലോചന

By Web Team  |  First Published Jul 20, 2020, 9:16 PM IST

താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മനു സാഹ്നി പറഞ്ഞു.
 


ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  ട്വിന്റി20 ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിച്ചെു. ഈവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പാണ് 2022 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഐസിസി ബോര്‍ഡ് യോഗത്തിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ലോകകപ്പ് മാറ്റിവെച്ചതായി ഐസിസിയും ഔദ്യോഗികമായി അറിയിച്ചു. 2021ലെ വനിതാ ട്വന്റി 20 ലോകകപ്പില്‍ പിന്നീട് തീരുമാനമെടുക്കും.

താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മനു സാഹ്നി പറഞ്ഞു.  ക്രിക്കറ്റ് ആരാധകര്‍ക്ക് സുരക്ഷിതവും ആവേശകരവുമായ ടൂര്‍ണമെന്റ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വേദിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

Latest Videos

ഇതോടെ ഈ സീസണിലെ ഐപിഎല്‍ നടക്കാനുള്ള സാധ്യതയേറി. സെപ്റ്റംബര്‍ 26മുതല്‍ നവംബര്‍ എട്ടുവരെ എല്ലാ ഐപിഎല്‍ മത്സരങ്ങളും യു എ ഇയില്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. ഈ വര്‍ഷത്തെ ലോകകപ്പ് മാറ്റിയെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഐസിസി വ്യക്തമാക്കി. 2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഫെബ്രുവരി-മാര്‍ച്ചില്‍ നിന്ന് ഒക്ടോബര്‍-നവംബറിലേക്കും മാറ്റിയിട്ടുണ്ട്.
 

click me!