ഫെബ്രുവരിയിലെ ചാംപ്യന്‍സ് ട്രോഫിക്കും ജൂണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ശേഷം നായകപദവിയില്‍ നിന്ന് രോഹിത് ശര്‍മ്മ പടിയിറങ്ങാന്‍ സാധ്യതയുണ്ട്.
മുംബൈ: നായകനായും പരിശീലകനായും ഉള്ള മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ പരിശീലക പദവിയിലേക്ക് എത്തുമ്പോള്‍ ഗൗതം ഗംഭറിന്റെ കൈമുതല്‍. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെയുള്ള അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വെല്ലുവിളിയാകും. ശ്രീലങ്കയ്ക്കെതിരെ വൈററ് ബോള്‍ ഫോമാറ്റില്‍ ജയത്തുടക്കം ഗൗതം ഗംഭീറിന് അനായാസമായേക്കും. വര്‍ഷാവസാനം അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കായി ഓസ്ട്രേലിയയില്‍ എത്തുമ്പോഴാകും മുഖ്യ പരിശീലകന് യഥാര്‍ത്ഥ വെല്ലുവിളി നേരിടുക.
ഫെബ്രുവരിയിലെ ചാംപ്യന്‍സ് ട്രോഫിക്കും ജൂണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ശേഷം നായകപദവിയില്‍ നിന്ന് രോഹിത് ശര്‍മ്മ പടിയിറങ്ങാന്‍ സാധ്യതയുണ്ട്. രോഹിത്തിനും കോലിക്കും ജഡേജയ്ക്കുമൊപ്പം ആര് അശ്വിന്, മുഹമ്മദ് ഷമി തുടങ്ങി 30 പിന്നിട്ട താരങ്ങളുടെ പകരക്കാരെ കണ്ടെത്തേണ്ടതും വെല്ലുവിളി. 2007 ഡിസംബര്‍ 31 വരെയാണ് ഗംഭീറുമായി ബിസിസിഐയുടെ കരാര്‍. ചാംപ്യന്‍സ് ട്രോഫിക്കും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും പുറമെ 2026ല്‍ ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ടി20 ലോകകപ്പ്, 2027ല്‍ ദക്ഷിണാഫ്രിക്ക, കെനിയ സിംബാബ്വെ എന്നിവര്‍ സംയുക്തമായി വേദിയൊരിക്കുന്ന ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് കിരീട പ്രതീക്ഷ കാണും. മറ്റൊരു ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കൂടി ഗംഭീറിന് മുന്നിലുണ്ട്.
ഗാരി കേര്സ്റ്റന്, ജോണ്‍ റൈറ്റ് തുടങ്ങി പിന്‍നിരയിലേക്ക് മാറി നില്ക്കാന് താല്പര്യപ്പെട്ടിരുന്നവരാണ് ഇന്ത്യന്‍ പരിശീലക പദവിയില്‍ കൂടുതല്‍ തിളങ്ങിയത്. തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യവും അതിലൂടെ കിട്ടുന്ന പ്രശസ്തിയും ആഗ്രഹിക്കുന്ന ഗംഭീര്‍ സൂപ്പര്‍താരങ്ങളെ പിണക്കിയാല്‍ ഡ്രെസിംഗ് റൂം അസ്വസ്ഥമാകും. എന്തായാലും ഗംഭീറിനൊപ്പമുള്ള എങ്ങനെയായിരിക്കുമെന്നുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ശ്രീലങ്കയ്ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലാണ് ഗംഭീര്‍ സ്ഥാനമേറ്റെടുക്കുക. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ, ലങ്കയില്‍ കളിക്കുക.