അമേരിക്കയിലെത്തിയശേഷം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിച്ചിരുന്നെങ്കിലും ആറ് പന്തില്‍ ഒരു റണ്ണെടുത്ത് സഞ്ജു പുറത്തായി.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിച്ചത് റിഷഭ് പന്തായിരുന്നു. 36 റണ്‍സുമായി പുറത്താകാതെ നിന്ന പന്ത് മികവ് കാട്ടിയതിനാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ സഞ്ജുവിന് പാകിസ്ഥാനെതിരെ അവസരം ലഭിക്കൂ എന്നാണ് കരുതുന്നത്.
ഇതിനിടെ സഞ്ജുവിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സഞ്ജുവിന്‍റെ ഭാര്യ ചാരുലത അമേരിക്കയിലെത്തിയ ചിത്രം പങ്കുവെച്ച് സഞ്ജു കുറിച്ചത് ബോസ് നഗരത്തിലെത്തിയെന്നായിരുന്നു.ഐപിഎല്ലിനുശേഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്ര തിരിക്കാതിരുന്ന സഞ്ജു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബിസിസിഐ അനുമതിയോടെ ദുബായിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഒറ്റക്കാണ് സഞ്ജു അമേരിക്കയിലെത്തിയത്. ആ സമയത്ത ഭാര്യയെ സഞ്ജു കൂടെ കൂട്ടിയിരുന്നില്ല. 2018ലാണ് സുഹൃത്തായ ചാരുലതയെ സഞ്ജു വിവാഹം കഴിച്ചത്.
undefined
ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. എങ്കിലും ന്യൂയോര്‍ക്ക് നാസൗ സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ല.ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത് കൊണ്ട് കൈക്ക് പരിക്കേറ്റ് കയറിപ്പോയിരുന്നു. രോഹിത്തിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് കരുതുന്നത്. അമേരിക്കയിലെത്തിയശേഷം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിച്ചിരുന്നെങ്കിലും ആറ് പന്തില്‍ ഒരു റണ്ണെടുത്ത് സഞ്ജു പുറത്തായി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത്തിനൊപ്പം വിരാട് കോലിയാണ് ഓപ്പണ്‍ ചെയ്തത്. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി. ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരം സൂപ്പര്‍ എട്ടുറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക