രഞ്ജി ട്രോഫി: ഹരിയാനയെ എറിഞ്ഞിട്ട് കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

By Web Team  |  First Published Nov 16, 2024, 11:38 AM IST

കേരളത്തിനായി എം ഡി നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റെടുത്തു.


ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാന 164 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സുമായി പൊരുതി നിന്ന നിഷാന്ത് സന്ധുവിനെ തുടക്കത്തിലെ പുറത്താക്കി ബേസില്‍ തമ്പിയാണ് ഹരിയാനക്ക് അവസാന ദിനം ആദ്യ പ്രഹരമേല്‍പ്പിച്ചത്.

അന്‍ഷുല്‍ കാംബോജും ജെ ജെ യാദവും ചേര്‍ന്ന് ഹരിയാനയെ 150 കടത്തിയെങ്കിലും 10 റണ്‍സെടുത്ത കാംബോജിനെ എന്‍ പി ബേസില്‍ ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചു. പിന്നാലെ യാദവിനെ(12) എന്‍ പി ബേസില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. കേരളത്തിനായി എം ഡി നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റെടുത്തു.

Latest Videos

undefined

ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ; മാൻ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരിസുമായത് തിലക് വർമ

വെളിച്ചക്കുറവും മോശം കാലാവസ്ഥയും മൂലം ഏറെ സമയവും ഓവറുകളും നഷ്ടമായ മത്സരത്തില്‍ അടുത്ത രണ്ട് സെഷനുകള്‍ക്കുള്ളില്‍ ഫലം കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് കേരളത്തിന് നേട്ടമാകും. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ നാലു കളകളില്‍ 19 പോയന്‍റുമായി ഹരിയാന ഒന്നാമതും നാലു കളികളില്‍ 15 പോയന്‍റുള്ള കേരളം രണ്ടാമതുമാണ്. ഇന്നത്തെ മത്സരം സമനിലയായാല്‍ കേരളത്തിന് മൂന്നും ഹരിയാനക്ക് ഒരു പോയന്‍റുമാണ് ലഭിക്കുക. പോയന്‍റ് പട്ടികയില്‍ ഹരിയാനയെ മറികടക്കാനാകില്ലെങ്കിലും തൊട്ടടുത്ത് എത്താന്‍ കേരളത്തിനാവുമെന്നത് നേട്ടമാണ്.

ഇരട്ടിപ്രഹരശേഷി, എന്നിട്ടും സഞ്ജുവിന് പകരം റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ എങ്ങനെ പിന്തുണച്ചുവെന്ന് പൊള്ളോക്ക്

ഹരിയാനക്കെതിരായ മത്സരം കഴിഞ്ഞാല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇടവേളയാണ്. ഇനി ജനുവരിയില്‍ മാത്രമാണ് ടൂര്‍ണമെന്‍റ് പുനരാരംഭിക്കുക. ജനുവരി 23ന് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശും 30ന് നടക്കുന്ന മത്സരത്തില്‍ ദുർബലരായ ബിഹാറുമാണ് ഇനി കേരളത്തിന്‍റെ എതിരാളികള്‍. ഹരിയാനക്ക് കരുത്തരായ കര്‍ണാടകയെയും ബംഗാളിനെയുമാണ് അവസാന രണ്ട് മത്സരങ്ങളില്‍ നേരിടേണ്ടത്. പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും ക്വാര്‍ട്ടറിലേക്ക് മുന്നേറുക എന്നതിനാല്‍ ഇന്ന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!