വിമര്‍ശനവും പഴിയുമെല്ലാം ഒരുവഴിക്ക്, മറുവശത്ത് ലോക റെക്കോര്‍ഡിട്ട് ബാബര്‍ അസം; കോലിയും ഗെയ്‌ലും വരെ പിന്നില്‍

By Web TeamFirst Published Feb 21, 2024, 9:22 PM IST
Highlights

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തംബ്രൈസ് ഷംസിയെ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച ബാബര്‍ അസം റെക്കോര്‍ഡ‍ിട്ടു

കറാച്ചി: ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി പാകിസ്ഥാന്‍റെ ബാബര്‍ അസം. ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് ടി20 മാസ്റ്റര്‍ ക്രിസ് ഗെയ്‌ല്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ബാബറിന്‍റെ നേട്ടം. ഇന്നിംഗ്‌സുകളുടെ കണക്കിലാണ് ബാബര്‍ റെക്കോര്‍ഡിട്ടത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2024ല്‍ കറാച്ചി കിംഗ്‌സും പെഷാവര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് പാകിസ്ഥാന്‍ മുന്‍ നായകനായ ബാബര്‍ അസം റെക്കോര്‍ഡിട്ടത്. പെഷാവര്‍ ടീമിനായി മത്സരത്തില്‍ ബാബര്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തംബ്രൈസ് ഷംസിയെ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച ബാബര്‍ അസം ടി20 ഫോര്‍മാറ്റില്‍ 271-ാം ഇന്നിംഗ്‌സില്‍ 10000 റണ്‍സ് ക്ലബിലെത്തി. ഇത്രയും റണ്‍സ് നേടാന്‍ ക്രിസ് ഗെയ്‌ലിന് 285 ഉം, വിരാട് കോലിക്ക് 299 ഉം, ഡേവിഡ‍് വാര്‍ണര്‍ക്ക് 303 ഉം ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ടി20യില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്ററും രണ്ടാമത്തെ പാകിസ്ഥാന്‍ താരവുമാണ് ബാബര്‍ അസം. വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷൊയ്‌ബ് മാലിക്കാണ് 10000 റണ്‍സ് ക്ലബിലെത്തിയ ആദ്യ പാക് താരം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടവും മത്സരത്തില്‍ ബാബര്‍ അസം സ്വന്തമാക്കി. 

Latest Videos

455 ഇന്നിംഗ്‌സുകളില്‍ നിന്ന് 14565 റണ്‍സ് നേടിയിട്ടുള്ള ക്രിസ് ഗെയ്‌ലാണ് ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം. 494 ഇന്നിംഗ്സുകളില്‍ 13159 റണ്‍സുമായി ഷൊയ്‌ബ് മാലിക് രണ്ടും 579 ഇന്നിംഗ്‌സില്‍ 12689 റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡ് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. അലക്സ് ഹെയ്‌ല്‍സ് (12209), ഡേവിഡ് വാര്‍ണര്‍ (12033), വിരാട് കോലി (11994), ആരോണ്‍ ഫിഞ്ച് (11458), രോഹിത് ശര്‍മ്മ (11156), ജോസ് ബട്‌ലര്‍ (11146), കോളിന്‍ മണ്‍റോ (10648), ജയിംസ് വിന്‍സ് (10242), ഡേവിഡ് മില്ലര്‍ (10019) എന്നിവരാണ് ടി20യില്‍ പതിനായിരം റണ്‍സ് ക്ലബിലുള്ള മറ്റ് താരങ്ങള്‍.  

Read more: പ്രതാപം എങ്ങും പോയിട്ടില്ല, റിഷഭ് പന്ത് ഈസ് ബാക്ക്; ക്രീസ് വിട്ടിറങ്ങി ഉഗ്രന്‍ ഷോട്ട്; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!