ഒരോവറില്‍ അടിച്ചത് 3 സിക്സും 3 ഫോറും; എന്നിട്ടും 36 റണ്‍സടിച്ച് യുവരാജിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വിൻഡീസ്

By Web TeamFirst Published Jun 18, 2024, 2:01 PM IST
Highlights

യുവരാജില്‍ നിന്ന് വ്യത്യസ്തമായി ആറ് പന്തും സിക്സ് അടിച്ചല്ല പുരാന്‍ 36 റണ്‍സടിച്ചത് എന്നതും ശ്രദ്ധേയമാണ്.

സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ ഒരോവറില്‍ 36 റണ്‍സടിച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. അഫ്ഗാഗാനിസ്ഥാനെതിരായ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ അസ്മത്തുള്ള ഒമര്‍സായിക്കെതിരെ ആയിരുന്നു പുരാന്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ യുവരാജ് 2007ലെ ആദ്യ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് പന്തില്‍ ആറ് സിക്സടിച്ച് നേടിയ 36 റണ്‍സിന്‍റെ റെക്കോര്‍ഡിനൊപ്പം എത്തിയത്.

പവര്‍പ്ലേയില്‍ അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ നാടകീയമായ നാലാം ഓവറിലായിരുന്നു പുരാന്‍റെ പവര്‍ ഹിറ്റിംഗ്. യുവരാജില്‍ നിന്ന് വ്യത്യസ്തമായി ആറ് പന്തും സിക്സ് അടിച്ചല്ല പുരാന്‍ 36 റണ്‍സടിച്ചത് എന്നതും ശ്രദ്ധേയമാണ്. ആദ്യ പന്ത് സിക്സ് അടിച്ച പുരാന്‍ നോ ബോളായിരുന്ന അടുത്ത പന്തില്‍ ബൗണ്ടറി നേടി. ഫ്രീ ഹിറ്റായിരുന്ന മൂന്നാം പന്ത് വൈഡാവുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തതോടെ അഞ്ച് റണ്‍സ് കൂടി വിന്‍ഡീസിന് ലഭിച്ചു.  മൂന്നാം പന്തില്‍ പുരാന്‍ ബൗള്‍ഡായെങ്കിലും ഫ്രീ ഹിറ്റായിരുന്നത് വിന്‍ഡീസിന് ഭാഗ്യമായി. അടുത്ത പന്തിൽ ലെഗ് ബൈയിലൂടെ ബൗണ്ടറി ലഭിച്ച പുരാന്‍ നാലാം പന്തില്‍ വീണ്ടും ബൗണ്ടറി അടിച്ചു. അഞ്ചും ആറും പന്തുകള്‍ സിക്സിന് പറത്തിയാണ് പുരാന്‍ ആ ഓവറില്‍ 36 റണ്‍സടിച്ചത്. വെറും 14 പന്തില്‍ 50 റണ്‍സടിച്ച പുരാനും ജോണ്‍സണ്‍ ചാള്‍സും ചേര്‍ന്ന് നാലോവറില്‍ വിന്‍ഡീസിനെ 73 റണ്‍സിലെത്തിച്ചു.

Latest Videos

ലോകകപ്പിലെ നാണംകെട്ട തോല്‍വി: ബാബറും സംഘവും ഉടന്‍ നാട്ടിലേക്ക് മടങ്ങില്ല, അവധി ആഘോഷിക്കാനായി ലണ്ടനിൽ

ടി20 ക്രിക്കറ്റില്‍ ഇത് അഞ്ചാം തവണയാണ് ഒരോവറില്‍ 36 റണ്‍സ് പിറക്കുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ആറ് പന്തും സിക്സിന് പറത്തി 36 റണ്‍സടിച്ചപ്പോള്‍ 2021ല്‍ ശ്രീലങ്കയുടെ അഖില ധനഞ്ജയക്കെതിരെ 36 റണ്‍സടിച്ച് നേട്ടം ആവര്‍ത്തിച്ചു. ഈ വര്‍ഷം ബെംഗലൂരുവില്‍ രോഹിത് ശര്‍മയും റിങ്കു സിംഗും ചേര്‍ന്ന് അഫ്ഗാന്‍റെ കരീം ജന്നത്തിനെതിരെ 36 റണ്‍സടിച്ചപ്പോള്‍ ഖത്തറിന്‍റെ കമ്രാന്‍ ഖാനെതിരെ നേപ്പാള്‍ താരം ദീപേന്ദ്ര സിംഗ് ഐറി റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ആദ്യ നാലോവറില്‍ 74 റണ്‍സിലെത്തിയ വിന്‍ഡീസ് പവര്‍പ്ലേയില്‍ 92 റണ്‍സടിച്ച് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറും സ്വന്തമാക്കി. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ പവര്‍ പ്ലേ സ്കോറുമാണിത്. വിന്‍ഡീസിനെതിരെ 2023ല്‍ ദക്ഷിണാഫ്രിക്ക നേടിയ 102 റണ്‍സാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോര്‍. ഇന്നിംഗ്സിനൊടുവില്‍ അഫ്ഗാന്‍ നായകന്‍ റാഷിധദ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 24 റണ്‍സ് പുരാന്‍ അടിച്ചെടുത്തിരുന്നു. അവസാന ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തി 97ല്‍ എത്തിയ പുരാന്‍ നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കുന്നതിനിടെ റണ്ണൗട്ടായി 98 റണ്‍സില്‍ പുറത്താവുകയായിരുന്നു. ടി20 ക്രിക്കറ്റില്‍ പുരാന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!