സിനിമകളിലെ വരകളുമായി റോസ്മേരി ലില്ലു, പോസ്റ്റര്‍ ഡിസൈനിലെ പുതുമുഖം

By Web Team  |  First Published Jul 11, 2019, 3:57 PM IST

മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത  ടൈറ്റിൽ ഡിസൈൻ മേഖലയില്‍  ശ്രദ്ധയയായി മാറിയിരിക്കുകയാണ് റോസ്മേരി ലില്ലു എന്ന കണ്ണൂര്‍ സ്വദേശിനി. സിനിമ ഡിസൈൻ മേഖലയിലെ വിശേഷങ്ങളുമായി റോസ്മേരി ലില്ലു.


ഒരു സിനിമ തീയേറ്ററിലെത്തും മുൻപ് അത് ജനങ്ങളിലേക്ക് എത്തിക്കുന്നത് ആ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്  പോസ്റ്ററിലൂടെയായിരിക്കും. ഒരു സംവിധായകൻ എന്താണോ തന്‍റെ  ചിത്രത്തിലൂടെ പറയാൻ ഉദേശിച്ചത് അത് മനോഹരമാക്കി പ്രേക്ഷകരിലെത്തിക്കുക എന്നതാണ് പോസ്റ്റര്‍ ടൈറ്റിൽ ഡിസൈനിന്റെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചര്‍ച്ചയാവുന്ന ഇന്നത്തെ കാലത്ത്  സിനിമാ ടൈറ്റില്‍ രംഗത്ത് തിളങ്ങുന്ന ഒരു പെണ്‍കുട്ടിയുണ്ട്. മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത  ടൈറ്റിൽ ഡിസൈൻ മേഖലയില്‍  ശ്രദ്ധയയായി മാറിയ  റോസ്മേരി ലില്ലു എന്ന കണ്ണൂര്‍ സ്വദേശിനി. ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വരകളുടെ തന്‍റെ ലോകത്തെ പറ്റി റോസ് മേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.

വരകളുടെ ലോകത്തേക്ക്?

Latest Videos

undefined

ചിത്രരചനയിൽ ചെറുപ്പം മുതലെ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. പപ്പയുടെ അനിയൻ  ഫാ. അനില്‍ ഫിലിപ്പാണ് എന്‍റെ ആഗ്രഹത്തിന് ആദ്യം കൂട്ടുനിന്നത്. അങ്ങനെ സ്‌കൂള്‍ പഠനത്തിനുശേഷം ഞാൻ  വിസ്‍മയ സ്‌കൂള്‍ ഓഫ് ആ‍‍ർട്‍സ് ആന്‍ഡ് മീഡിയയില്‍ ബിഎംഎംസി മള്‍ട്ടിമീഡിയ കോഴ്‌സ് ചെയ്‍തു. പിന്നീട് എറണാകുളത്ത്  ഒരു സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്‍തു. ഒഴിവു സമയങ്ങളില്‍ 2D ക്യാരക്ടര്‍ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ നടൻ നീരജ് മാധവിനായി ഒരു ഡിജിറ്റല്‍ പെയിന്റിങ് വരച്ചുകൊടുത്തു. അത് നീരജിന് ഒരുപാട് ഇഷ്‍ടമായി. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് അതിനെപറ്റി പറഞ്ഞത്. അത് ഹിറ്റായതോടെ ഞാൻ പ്രേമം സിനിമയുടെ ഫാൻ മെയ്‍ഡ് പോസ്റ്റര്‍ ചെയ്‍തു. അത് വലിയ രീതിയില്‍ ഹിറ്റായി.

മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് എന്നിവയിൽ റോസ്മേരിയുടെ സാന്നിധ്യം?

ഒരു സിനിമ ഇറങ്ങിയ അന്നുതന്നെ അല്ലെങ്കിൽ ആ ആഴ്‍ച തന്നെ കാണുന്ന ശീലം എനിക്ക്  ഉണ്ട്. സിനിമയിലെ ഒളിഞ്ഞിരിക്കുന്ന ഭാഗങ്ങൾ അല്ലെങ്കിൽ അവ തരുന്ന  മെസേജ് മിനിമൽ രൂപത്തിൽ ഞാൻ ചെയ്യാറുണ്ട്. ഇങ്ങനെ ചെയുന്ന പോസ്റ്റർ സംവിധായകര്‍ക്കും നടൻമാര്‍ക്കും ഞാൻ അയച്ചു കൊടുക്കും.  അതവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നതോടെ  വലിയ രീതിയില്‍  ശ്രദ്ധിക്കപ്പെടും. നടൻ അജു വര്‍ഗീസ്, കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്,ആസിഫ് അലി, മധുപാൽ, അരുൺ ഗോപി, മിയ ജോർജ് തുടങ്ങിയ നിരവധി പേര്‍  എന്‍റെ വര്‍ക്കുകൾ ഷെയര്‍ ചെയ്യാറുണ്ട്.

സ്റ്റോറി ബോർഡില്‍ ഞാൻ  ക്യാരക്ടർ സ്കെച്ച് ചെയ്യാറുണ്ട്. ഡയറക്ടർസ് അവരുടെ കഥാപാത്രം എങ്ങനെ ആയിരിക്കണം എന്ന് മനസ്സിൽ കാണുമ്പോൾ അത് ഡിജിറ്റൽ ആയി ചെയ്‍തു കൊടുക്കാറുണ്ട്. ഫാൻ മെയ്‍ഡ് ക്യാരക്ടേഴ്‍സ് സ്കെച്ചും  ചെയ്യാറുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ  പ്രാധാന്യം?

സിനിമ ഇറങ്ങുന്നതിനു മുമ്പുതന്നെ ആളുകൾ നോക്കുക അതിന്‍റെ ലുക്ക് പോസ്റ്ററിലായിരിക്കും. സിനിമകൾ  അനൗൺസ് ചെയുമ്പോൾ തന്നെ ഞാൻ എന്റേതായ ഒരു ഐഡിയ ഉപയോഗിച്ച് ഒരു വര്‍ക്ക് ചെയ്യും. സാമൂഹ്യമാധ്യമത്തിലൂടെ ഹിറ്റായ എന്‍റെ വര്‍ക്ക് കണ്ടാണ് കവി ഉദ്ദേശിച്ചത് എന്ന സിനിമയിലേക്ക് അവസരം കിട്ടിയത്. സംവിധായകൻ സിനിമയുടെ തീം പറയുന്നതനുസരിച്ചാണ് ഞാൻ സിനിമയ്ക്കായി പോസ്റ്റര്‍ നിര്‍മിക്കുന്നത്. സിനിമയുടെ സ്വഭാവം അനുസരിച്ചാണ് പോസ്റ്റര്‍ ഡിസൈൻ ചെയ്യുന്നത്.

നയൻതാര ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈനിംഗിലേക്ക് എത്തിയത്?

എന്‍റെ വര്‍ക്കുകൾക്ക് ആദ്യം മുതലേ സപ്പോര്‍ട്ട് തരുന്നയാളാണ് അജു വര്‍ഗീസ്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രം  നിര്‍മിക്കുന്നത് അജു വര്‍ഗീസാണ് . അദ്ദേഹം നേരിട്ട് വിളിച്ച് സിനിമയിലെ വര്‍ക്ക് ചെയ്യാൻ അവസരം തരുകയായിരുന്നു. സംവിധായകൻ ധ്യാൻ ശ്രീനിവാസന്‍റെ പിന്തുണയും വലുതാണ്. സാമൂഹ്യമാധ്യമത്തിലൊക്കെ നല്ല പ്രതികരണമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിന് ലഭിക്കുന്നത്. പിന്നെ അവരുടെ രാവുകൾ ,ലക്ഷ്യം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ ഓണ്‍ലൈൻ പോസ്റ്റര്‍ ചെയ്‍തതും ഞാനാണ്.

ഫോട്ടോഗ്രഫിയിലും  ശ്രദ്ധിക്കപ്പെട്ടു?


ഫോട്ടോഗ്രഫി എനിക്ക് വളരെ താല്‍പര്യമുള്ള മേഖലയാണ്. അതുകൊണ്ടു തന്നെ ഞാൻ ക്യാമറ വാങ്ങി. സിനിമ ഓഡിയോ ലോഞ്ചുകളില്‍ ഞാൻ ഫോട്ടോസ് എടുക്കും.  അത് സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങൾ  ഷെയർ ചെയ്യാറുണ്ട്.

കുടുംബത്തിന്‍റെ പിന്തുണ?

എന്‍റെയെല്ലാം വീട്ടുകാരാണ്. എന്‍റെ അച്ഛനും  അച്ഛന്‍റെ അനിയൻമാരും ചിത്രംവരയിലും, നാടക രചനയിലും കമ്പം ഉള്ളവരായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരുടെയും വലിയൊരു പിന്തുണ എനിക്ക് ലഭിച്ചു. മമ്മി, ചേട്ടൻ, നാട്ടുകാർ, കൂട്ടുകാർ, ഗുരുക്കന്മാർ ഇവരുടെ എല്ലാം പിന്തുണയാണ് എന്‍റെ വിജയം.

click me!