'ഇലുമിനാറ്റി വാശിപിടിച്ച് എഴുതിയത്, സ്‍തുതിയുടെ വിമര്‍ശകരുടെ അഭിപ്രായം മാറും', വിനായക് ശശികുമാർ അഭിമുഖം

By Nirmala babuFirst Published Oct 21, 2024, 12:58 PM IST
Highlights

11 കൊല്ലത്തെ സംഗീത ജീവിതത്തിനിടെ മലയാളികളുടെ ഹിറ്റ് പ്ലേ ലിസ്റ്റുകളില്‍ വിനായകന്റെ മഷി പുരണ്ട് ഒത്തിരി ഗാനങ്ങൾ ഇടം പിടിച്ചു. പറവ, ഗപ്പി, മായാനദി, വരത്തൻ, ട്രാൻസ്, ഗോദ, അമ്പിളി, ജൂൺ, ഭീഷ്മപർവ്വം, രോമഞ്ചം തുടങ്ങി ബോഗൻവില്ല വരെ ഹിറ്റ് പാട്ടുകൾ പിറന്ന കഥ...

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പാട്ടിന്റെ പറുദീസ സമ്മാനിച്ച പാട്ടെഴുത്തുകാരനാണ് വിനായക് ശശികുമാർ. തലതെറിച്ചവര്‍ ഒട്ടാകെ വാഴുന്ന കൊട്ടാരവും ഇലുമിനാറ്റിയും പോലുള്ള ഹിറ്റ് നമ്പറുകൾക്കൊപ്പം  പവിഴമഴയേയും ആരാധികേയും തനിയേ മിഴികള്‍ തുളുമ്പിയേയും പോലുള്ള മെലഡികളും വിനായകന്റെ പേനത്തുമ്പിലൂടെ ഒഴുകിയെത്തി. 11 കൊല്ലത്തെ സംഗീത ജീവിതത്തിനിടെ മലയാളികളുടെ ഹിറ്റ് പ്ലേ ലിസ്റ്റുകളില്‍ വിനായകന്റെ മഷി പുരണ്ട് ഒത്തിരി ഗാനങ്ങൾ ഇടം പിടിച്ചു. ഗാനരചനക്ക് പുറമേ തിരക്കഥ രചനയിലും കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് മലയാള സിനിമ സംഗീത മേഖലയിലെ ഈ ഇളമുറപ്പാട്ടെഴുത്തുകാരൻ. തന്റെ പുതിയ വിശേഷങ്ങൾ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോട് പങ്കുവെക്കുകയാണ് വിനായക് ശശികുമാർ....

പി സി വിഷ്‍ണുനാഥിന്റെ അഭിനന്ദനം

'ആവേശം'  എന്ന സിനിമയിൽ  ഞാൻ എഴുതിയ 'ജാട' ഗാനം ഉദ്ധരിച്ച് പി സി വിഷ്‍ണുനാഥ് എംഎൽഎ പറഞ്ഞ വാക്കുകൾ സന്തോഷം നൽകുന്നതായിരുന്നു. ഈ ഗാനം പുതുതലമുറയുടെ ചിന്താധാരയെ സൂചിപ്പിക്കുന്നതാണ്. അതൊരു നെഗറ്റീവ് ചിന്തയല്ല; മറിച്ച് ഭൂതകാലത്തിൽ നിന്ന് വ്യത്യസ്‍തമായി പ്രവർത്തിക്കണമെന്ന അവരുടെ വാശിയാവാം എന്നായിരുന്നു പി സി വിഷ്‍ണുനാഥിന്റെ വാക്കുകൾ. ആവേശത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ചേർന്ന രീതിയിൽ എല്ലാവരും നമ്മളെ വില കുറഞ്ഞ് കാണുന്ന സമയത്ത് നിന്ന് ജയിച്ച് കയറി വരുന്ന നിമിഷത്തിലെ ചിന്തയിൽ നിന്നാണ് ആ ഗാനം എഴുതിയിരിക്കുന്നതെന്ന് വിനായക് പറയുന്നു. ഏത് മേഖലയിലുള്ളവർക്കും ഇത് പ്രസക്തമാണ്. മനസിലുള്ളത് തുറന്ന് പറയുന്ന രീതിയും പാട്ടിലുണ്ട്.



വിമർശനങ്ങളോട്

സിനിമയുടെ കഥാസന്ദർഭത്തിന് അനുസരിച്ചാണ് പാട്ടുകൾ രചിക്കുന്നത്. വിമർശിക്കുന്നവർ സിനിമയെ അതിന്റെ അർത്ഥത്തിൽ കണ്ടാൽ തീരുന്ന പ്രശ്‍നമേയുള്ളു എന്നാണ് വിനായക് നൽകുന്ന മറുപടി. വിമർശനങ്ങൾ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. അവസാനം ഇറങ്ങിയ ബോഗയ്ൻവില്ലയിലെ 'സ്‍തുതി' ഗാനത്തെ പലരും മുൻവിധികളോടെയാണ് വിമർശിച്ചത്. സിനിമയുടെ പ്രമോ ആയി വന്ന ഗാനമാണ് സ്‍തുതി. പ്രണയത്തെക്കുറിച്ചുള്ള വരികളാണ് ഈ പാട്ടിൽ‌ എഴുതിയിരിക്കുന്നത്. പക്ഷേ അത് അൽപം വേറിട്ട് നിൽക്കുന്ന രീതിയിലായിരുന്നു. അത് എന്തുകൊണ്ടാണെന്ന് സിനിമ കണ്ടാൽ മാത്രം മനസ്സിലാകുന്ന കാര്യമാണ്. സിനിമ കണ്ട് കഴിഞ്ഞ ശേഷം, വിമർശിച്ചവർ അത് മാറ്റി പറയുന്നുണ്ട്.

Latest Videos

പാട്ടിൽ ഒളിഞ്ഞിരിക്കുന്ന കഥ

പാട്ട് എഴുതുന്നതിന് മുമ്പ് സിനിമയുടെ സന്ദർഭത്തിന് എന്താണ് വേണ്ടത് എന്ന് ചോദിച്ച് മനസ്സിലാക്കും. കഥ എത്രമാത്രം തുറന്ന് എഴുതാം എന്നത് സംവിധായകർ നൽകുന്ന നിർദ്ദേശത്തെ ആശ്രയിച്ചിരിക്കും. ആവേശവും രോമാഞ്ചവും പോലെ ബോഗയ്ൻ വില്ലയിൽ കഥ അധികം തുറന്ന് എഴുതാൻ  കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അതിനെ വേറിട്ട രീതിയിൽ സമീപിച്ചത്. നിർദ്ദേശം തരിക എന്നതിന് അപ്പുറം തുറന്ന ചർച്ചകളാണ് പലപ്പോഴും ഗാനരചനയിൽ നടക്കുക. ചില സമയങ്ങളിൽ ട്യൂൺ ആവും ആദ്യം ഉണ്ടാവുക. അതിന് അനുസരിച്ചായിരിക്കും പാട്ട് എഴുതുക. ചിലപ്പോൾ നേരെ തിരിച്ചും സംഭവിക്കും.



ആദ്യ ഗാനരചന ഏഴാം ക്ലാസിൽ

ചെറുപ്പം മുതൽ പാട്ടുകളുടെ ലോകം ഏറെ ഇഷ്ടപ്പെട്ടിരുന്ന വിനായക് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാട്ട് എഴുതുന്നത്. തന്റെ വളർച്ചയ്ക്കൊപ്പം  പാട്ടിന്റെ ലോകവും വളർന്നു. കോളേജ് കാലഘട്ടത്തിൽ സുഹൃത്തുകൾക്ക് വേണ്ടി വരികൾ എഴുതി തുടങ്ങി.

മദ്രാസ് സ്കൂൾ ഓഫ് എക്കണോമിക്സിൽ ബിരുദത്തിന് ഒന്നാം വർഷം പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിനായകിന്റെ അരങ്ങേറ്റം. ഗിന്നസ് പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന സിനിമയിലെ കരളിൽ ഒഴുകും എന്ന ഗാനമെഴുതി സിനിമയിലേക്ക് ചുവട് വെച്ചു. ആദ്യത്തെ അവസരങ്ങൾ ചോദിച്ച് വാങ്ങിയതാണെന്ന് വിനായക് പറയുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് ഹിറ്റായ ആദ്യപാട്ട്. പിന്നീട് പറവ, ഗപ്പി, മായാനദി, വരത്തൻ, ട്രാൻസ്, ഗോദ, അമ്പിളി, ജൂൺ, ഭീഷ്മപർവ്വം, രോമഞ്ചം തുടങ്ങി എണ്ണം പറഞ്ഞ പാട്ടുകൾ വിനായകിലൂടെ പിറവിയെടുത്തു. മനസിൽ മുഴുവൻ സിനിമ നിറച്ച് മറ്റൊരു ജോലി ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവാണ് 2018ൽ ജോലി വിട്ട് കൊച്ചിയിലേക്ക് മാറാനുള്ള കാരണമെന്ന് വിനായക് പറയുന്നു.

പുത്തൻ വാക്കുകൾ നിറച്ച എക്സൽ ഷീറ്റ്...

ഒരോ പാട്ടിന്റെയും വാക്കുകളുടെ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യം കൽപ്പിക്കാറുണ്ടെന്ന് വിനായക് പറയുന്നു. പുതിയ വാക്കുകൾ കേൾക്കുമ്പോൾ കുറിച്ച് വെക്കാറുണ്ട്. ഏത് വാക്ക് എപ്പോൾ പ്രയോഗിക്കാൻ കഴിയും എന്നോന്നും അപ്പോൾ അറിയില്ല. ചില പാട്ടുകൾ വേറിട്ട് നിൽക്കാൻ ചില പുതിയ വാക്കുകൾ വേണ്ടി വരും. അങ്ങനെ ഉപയോഗിച്ച ചില പാട്ടുകൾ ഹിറ്റായിട്ടുണ്ട്. ഹിറ്റാവാത്ത ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

പാട്ടുകളുടെ സന്ദർഭത്തിന് അനുസരിച്ച് വാക്കുകളുടെ തെരഞ്ഞെടുപ്പും ശൈലിയും സ്വയം നിർണയിക്കുകയാണ് പതിവ്. സംഗീത സംവിധായകനും ഒപ്പമുള്ളവർക്കും അത് ഒക്കെ ആണോ എന്നതാണ് പ്രധാന കടമ്പ. ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ എന്നത് അടക്കമുള്ള ജയ ജയ ഹേ യിലെ പാട്ടുകളിൽ സർക്കാസം ഒളിഞ്ഞിരിക്കുന്നുണ്ട്. അതെല്ലാം സംവിധായകന് ഇഷ്‍ടമായത് കൊണ്ട് രക്ഷപ്പെട്ടു എന്ന് വിനായക് പറയുന്നു.
 
ചില വരികൾക്കും വാക്കുകൾക്കും വേണ്ടി ഞാൻ വാശിപിടിക്കാറുണ്ട്.  ‘ആവേശം’ സിനിമയിലെ ‘ഇലുമിനാറ്റി’ അങ്ങനെയുണ്ടായതാണ്. കൃത്യമായ ഒരു ഉത്തരം ലഭിക്കുന്ന സമയങ്ങളിൽ വാക്കുകൾ മാറ്റാറുമുണ്ട്. ചില സമയത്ത് ഒന്നിൽ കൂടുതൽ  രീതിയിൽ എഴുതാറുണ്ട്. അതിൽ ഒന്നായിരിക്കും ചിട്ടപ്പെടുത്തുക.

കണ്ണേ കണ്ണേ എന്ന സിനിമയിൽ 'പാൽ നിലാവിൻ പൊയ്‍കയിൽ' എന്ന പാട്ടിന് വേണ്ടി ഒരുപാട് സഞ്ചരിച്ചു. തിരക്കഥാകൃത്തുകൾക്ക് കൃത്യമായ ആശയം ഉണ്ടായിരുന്നു ആ പാട്ടിന് വേണ്ടി. പല തവണ മാറ്റി എഴുതി മാസങ്ങൾ എടുത്താണ് ആ പാട്ട് പൂർത്തിയാക്കിയത്. വളരെ പെട്ടെന്ന് ജനിച്ച പാട്ടുകളും ഉണ്ടായിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ എഴുതാക്കഥ പോൽ എന്ന പാട്ട്, വരത്തനിലെ ഒടുവിൽ എത്തിയ എന്ന  പാട്ട്, മഞ്ഞുമ്മൽ ബേയ്സിലെയും ജയ ജയ ഹേയിലെയും പാട്ടുകൾ എല്ലാം മണിക്കൂറുകൾക്കുള്ളിൽ എഴുത്തുപൂര്‍ത്തിയാക്കിയ പാട്ടുകളാണെന്ന് വിനായക് പറയുന്നു.



ചിത്രീകരണത്തിൽ പ്രിയം

ഗാനരചയിതാവ് എന്ന നിലയിൽ പാട്ടിന്റെ ചിത്രീകരണത്തിൽ ഏറ്റവും ഇഷ്‍ടം തോന്നിയത് ഭീഷ്മപർവത്തിലെ ‘പറുദീസ’ എന്ന പാട്ടാണെന്ന് വിനായക് പറയുന്നു. ഗപ്പിയിലെ തനിയെ മിഴികൾ, അതിരനിലെ പവിഴ മഴയെ തുടങ്ങി ഒത്തിരി പാട്ടുകളുടെ ചിത്രീകരണം ഏറെ പ്രിയപ്പെട്ടതാണെന്ന് വിനായക് കൂട്ടിച്ചേർക്കുന്നു. ഷൂട്ടിംഗിന് മുൻപ് പാട്ടുകൾ എഴുതാറുണ്ടെങ്കിൽ മനസ്സിൽ കണ്ട് എഴുതിയ വിഷ്വൽ എന്താണെന്ന് സംവിധായകരോട് പങ്കു വെക്കാറുണ്ടന്നും വിനായക് പറയുന്നു. കൂടുതലും തിരിച്ചാണ് സംഭവിക്കുക. ചിത്രീകരണത്തിന് ശേഷമാണ് പാട്ട് എഴുതുക. ഒരോ വരി എഴുതുമ്പോഴും അതിൻ്റെ വിഷ്വൽ കാണ്ടിട്ടും എഴുതാറുണ്ട്. എഴുതിയ പാട്ടുകളിൽ കേൾക്കാൻ ഏറെ ഇഷ്‍ടമുള്ളത് 'ആട്ടുതൊട്ടിൽ കണ്മണിയെ' എന്ന ഗാനമാണ്.

പാട്ടിലെ സിനിമ പേര്

'മായാനദിയെ'... ഒരു സമയത്ത് സിനിമയുടെ പേര് പാട്ടിൽ ഉൾപ്പെടുത്താൻ ഒരു താൽപര്യം എനിക്ക് ഉണ്ടായിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ മുതൽ പറ്റുന്ന പാട്ടുകളിൽ എല്ലാം സിനിമയുടെ പേര് തുന്നി ചേർക്കുക എന്റെ രീതിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തന്നെ ഇത് മടുത്തു. പിന്നെ ഇങ്ങനെ ചെയ്യണ്ട എന്ന് തീരുമാനിച്ചു പക്ഷേ അവസാനം ഇറങ്ങിയ ബോഗൻവില്ലയിൽ ഈ രീതി കുറെ കാലത്തിന് ശേഷം പിൻതുടർന്നെന്ന് വിനായക് പറയുന്നു. 

സുഷിൻ ശ്യം കൂട്ടുകെട്ട്

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സിനിമ ചെയ്യുമ്പോഴാണ് സുഷിനെ ആദ്യമായി കാണുന്നത്. ഞാനെഴുതിയ ‘താഴ്‌വാരം’ എന്ന പാട്ട് സുഷിനാണ് പാടിയത്. പിന്നീട് പല സിനിമകളിലും ഒന്നിച്ചു പ്രവർത്തിച്ചു. എന്നിൽ നിന്ന് എന്ത് ലഭിക്കും എന്ന് സുഷിന് നല്ലത് പോലെ അറിയാം. ചിലപ്പോൾ സുഷിൻ ട്യൂൺ തരും അല്ലെങ്കില്‍ വരിയെഴുതിയ ശേഷം ട്യൂൺ ചെയ്യും. ആവേശത്തിലെ ‘ജാഡ’ എന്ന പാട്ട് എഴുതിയ ശേഷമാണ് ട്യൂൺ ചെയ്തത്.


പാട്ട് എഴുതാൻ കൊതിപ്പിച്ച വിദ്യാസാഗർ

ചെറുപ്പത്തിൽ എനിക്കിഷ്‍ടമുള്ള പാട്ടുകൾ ചെയ്തത് ആരാണ് എന്ന് നോക്കുമ്പോൾ എല്ലാം കാണുന്ന പേര് വിദ്യാസാഗർ സാറിന്റെ ആയിരുന്നു. ആ ആരാധന വളർന്നാണ് സിനിമ പാട്ടുകൾ എഴുതണം എന്ന കൊതി തന്നെ ഉണ്ടായത്. സാറിന്റെ ഒപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യവും ഉണ്ടായി. അത് വേറെ ഒരു ലോകമാണ്. ഹാർമോണിയം ഉപയോഗിച്ചാണ് സാർ പാട്ട് ചിട്ടപ്പെടുത്തുക. സംഗീതം മാത്രമാണ് ആ ലോകത്ത് ചർച്ചയാവുന്നത്. വരികൾ കൃത്യമായി ശ്രദ്ധിക്കുന്ന ഒരാളാണ് വിദ്യാസാഗർ സാർ. പാട്ടിൽ അക്ഷരങ്ങൾ പ്രയോഗിക്കേണ്ട രീതി, എവിടെയാണ് കൂട്ടക്ഷരം വേണ്ടത് എവിടെയാണ് ചിലക്ഷരം പ്രയോഗിക്കേണ്ടത് എന്ന് തുടങ്ങി പല കാര്യങ്ങളും സാർ പഠിപ്പിച്ച് തന്നിട്ടുണെന്ന് വിനായക് ഓർത്തെടുക്കുന്നു.

മെലഡിയോ ഹിറ്റ് നമ്പറോ പ്രിയം?

മെലഡിയോടും ഹിറ്റ് നമ്പറുകളോടും ഇഷ്‍ടം ഒരു പോലെ. ഒരോ നിമിഷത്തെയും മൂഡിന് അനുസരിച്ച് പാട്ടുകളുടെ തെരഞ്ഞെടുപ്പും മാറി വരും. ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, പി ഭാസ്‌കരന്‍, യൂസഫലി കേച്ചേരി തുടങ്ങിയവരാണ് വിനായകിന്റെ പ്രിയപാട്ടെഴുത്തുകാരുടെ പട്ടികയിലെ ആദ്യപേരുകാര്‍. എം എസ് ബാബുരാജ്, വിദ്യാസാഗര്‍, ജോൺസൺ മാഷ്, തുടങ്ങിയവരാണ് പ്രിയ സംഗീതസംവിധായകര്‍.

പുതിയ പ്രൊജക്റ്റുകള്‍ 

ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ്, ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോ, ബേസിൽ ജോസഫും നസ്രിയയും ഒന്നിക്കുന്ന സൂക്ഷ്‍മദര്‍ശിനി എന്നിവയാണ് പുതിയ പ്രൊജക്റ്റുകള്‍.

ഗാനരചനയ്ക്ക് അപ്പുറം

ഗാനരചനയിൽ ഒതുങ്ങുന്നതല്ല വിനായക് ശശികുമാറിൻ്റെ സിനിമ മോഹം. കഥയും തിരക്കഥയും ഒരുക്കുന്ന വെബ് സീരിസുമായി ഹോട്ട് സ്റ്റാറിൽ  ഉടൻ സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' എന്നാണ് വെബ് സീരിസിന്റെ പേര്.

click me!