മലയാളികൾ ഏറ്റുപാടിയ "ചെമ്പനീർ പൂവേ നീ...", "അഴകേ നീയെന്നെ പിരിയല്ലേ..." പാട്ടുകൾ എഴുതിയത് സിജുവാണ്.
പുഷ്പ 2 സിനിമയുടെ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിനായി ചെന്നൈയിൽ എത്തി കേരളത്തിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്, സിജു തുറവൂരിന് മറ്റൊരു പാട്ടിന്റെ പല്ലവി കേൾപ്പിച്ചത്. "ട്യൂണും തെലുങ്ക് വാക്കുകളുടെ അർത്ഥവും അയക്കാം." അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് സ്ഥിരം പോലെ സിജു വരികളുടെ മലയാളം എഴുതി നൽകി. ഏതാനും ദിവസങ്ങൾക്ക് ശേഷം സിജു ഉണർന്നത്, വാട്ട്സാപ്പിൽ ദേവി ശ്രീ പ്രസാദിന്റെ മെസേജ് കണ്ടാണ്. പിന്നാലെ ഹിറ്റ് സംഗീത സംവിധായകൻ വിളിച്ചു. "തെലുങ്ക് ഉൾപ്പെടെ എല്ലാ ഭാഷകളിലും ഈ പാട്ടിന്റെ തുടക്കത്തിലെ വരികൾ മലയാളത്തിലായിരിക്കും."
അല്ലു അർജുൻ ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് കൂടെയായിരുന്നു ആ തീരുമാനം. സംഗീത സംവിധായകൻ നൽകിയ ട്യൂൺ മനസ്സിൽ പലതവണ ആവർത്തിച്ച്, വരികൾ കുറുക്കി സിജു തുറവൂർ എഴുതി:
"മല്ലികാബാണന്റെ അമ്പുകളോ
കൺമുന തുമ്പുകളോ
അമ്പിളിപൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ..."
ഇപ്പോൾ 'പീലിങ്സ്' എന്ന ആ പാട്ട് 'പുഷ്പ 2' പാട്ടുകൾ ആസ്വദിക്കുന്ന ഹിന്ദി, തെലുങ്ക്, ബംഗാളി, തമിഴ്, കന്നട എല്ലാ ആരാധകരും ഏറ്റുപാടുന്നു. യൂട്യൂബ് മലയാളം ട്രെൻഡിങ്ങിൽ പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേർന്ന് പാടിയ പാട്ട് ഒന്നാമത് എത്തി.
undefined
'പുഷ്പ'യ്ക്ക് ഒപ്പം സിജുവിന്റെ ആദ്യ ഹിറ്റ് അല്ല ഇത്. 'പുഷ്പ' ആദ്യ ഭാഗത്തിൽ വമ്പൻ ഹിറ്റായ 'ശ്രീവല്ലി' മൊഴിമാറ്റിയതും സിജുവാണ്. "ശ്രീവല്ലി ട്യൂൺ കേട്ടപ്പോൾ തന്നെ പാട്ട് ഹിറ്റാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ട്യൂൺ നല്ലതാണെങ്കിൽ വരികൾ സ്വാഭാവികമായും വരും. തെലുങ്ക് അതേപടി മൊഴിമാറ്റുകയല്ല അന്ന് ചെയ്തത്, മലയാളത്തിലെ പോലെ 'കണ്ണിൽ കർപ്പൂരദീപം...' എന്നല്ലായിരുന്നു തെലുങ്കിലെ വരികൾ. ഞാൻ അൽപ്പം സ്വാതന്ത്ര്യമെടുത്ത് അത് മാറ്റിയെഴുതിയതാണ്. തെലുങ്ക് അതുപോലെ മൊഴിമാറ്റിയാൽ ചേരില്ലെന്ന് ഞാൻ പറഞ്ഞു. അത് സംഗീത സംവിധായകൻ അംഗീകരിച്ചു." സിജു തുറവൂർ പറയുന്നു.
പാട്ടുകൾ 'മലയാളീകരിക്കു'ന്നത് എളുപ്പമല്ല എന്നാണ് സിജുവിന്റെ അനുഭവം. വരികളുടെ അർത്ഥം ഒത്തുവരണം, അഭിനേതാക്കളുടെ ചുണ്ടുകളുടെ ചലനം ഏതാണ്ട് ഒപ്പം വരണം. "പിന്നെ വലിയ സാഹിത്യമൊന്നും എഴുതാൻ പറ്റില്ല. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് കർശനമായി ഇക്കാര്യങ്ങൾ നോക്കുന്നയാളാണ്."
അല്ലു അർജുൻ സിനിമകളോട് ദീർഘകാലത്തെ ബന്ധമുണ്ട് സിജുവിന്. മൊഴിമാറ്റിയെത്തിയ ആദ്യ അല്ലു അർജുൻ സിനിമ മുതൽ സിജു പാട്ടുകളെഴുതുന്നുണ്ട്. മലയാളികൾ ഏറ്റുപാടിയ "ചെമ്പനീർ പൂവേ നീ...", "അഴകേ നീയെന്നെ പിരിയല്ലേ..." പാട്ടുകൾ എഴുതിയത് സിജുവാണ്. "ഹാപ്പി ഡേയ്സി-ലെ" 'മനസ്സിന് മറയില്ല...' എഴുതിയതും സിജുവാണ്.
"പഴയ ഡബ്ബിങ് പാട്ടുകൾ മലയാളത്തിലാക്കുമ്പോൾ കർശനമായ വ്യവസ്ഥകൾ ഇല്ലായിരുന്നു. കാരണം ആ സിനിമകൾ കൂടുതലും അവയുടെ അവകാശം വാങ്ങി മലയാളത്തിൽ റിലീസ് ചെയ്യുന്നതായിരുന്നു. അതുകൊണ്ട് നാച്ചുറലായി ക്രിയേറ്റീവ് ആയി എഴുതാൻ പറ്റുമായിരുന്നു. പക്ഷേ, ഇപ്പോൾ പാൻ ഇന്ത്യൻ സിനിമാ എന്ന സങ്കൽപ്പം വന്നപ്പോൾ എല്ലാ ഭാഷയിലും വരികളും അർത്ഥവും ഏതാണ്ട് കൃത്യമായി വരണം. അതേ സമയം ക്രിയേറ്റീവ് ആകുകയും വേണം." സിജു വിശദീകരിക്കുന്നു.
'പുഷ്പ 2'വിലെ മറ്റൊരു പാട്ട് 'കിസ്സിക്' ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, മലയാള വരികൾക്ക് പരിഹാസ കമന്റുകളും നിറഞ്ഞു. അത് സ്വാഭാവികമാണെന്നാണ് സിജു പറയുന്നത്. "ആ വരികളുടെ അർത്ഥം അത് തന്നെയാണ്. ആ സാഹചര്യം അങ്ങനെയാണ്. സാഹിത്യം ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്. ഞാൻ കമന്റുകൾ വായിക്കാറുണ്ട്, എയറിലാണെന്നാണ് അറിഞ്ഞത്. ഇപ്പോൾ താഴെ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു."
'പീലിങ്സ്' മലയാളത്തിൽ പാടിയത് സിതാരയാണ്. മുൻപ് 'പുഷ്പ'യിലെ 'സാമി...' എന്ന പാട്ടും സിതാരയാണ് പാടിയത്. പുഷ്പയിലെ ഒരു പാട്ട് കൂടെ ഇനി ഇറങ്ങാനുണ്ട്. അത് കൂടെ റിലീസ് ആകുമ്പോൾ, തീയേറ്ററുകൾ ഉത്സവപ്പറമ്പാകുമെന്നാണ് സിജുവിന്റെ പ്രതീക്ഷ. ഡിസംബർ അഞ്ചിനാണ് 'പുഷ്പ 2' പുറത്തിറങ്ങുന്നത്.