വിന്‍റേജ് മോഹന്‍ലാല്‍ തിരിച്ചുവരുമ്പോള്‍ എന്തൊക്കെ പ്രതീക്ഷിക്കാം? 'തുടരും' തിരക്കഥാകൃത്തിന് പറയാനുള്ളത്

By Gowry Priya J  |  First Published Dec 1, 2024, 4:03 PM IST

മോഹൻലാൽ ഒരു സാധാരണക്കാരനായി വന്ന സിനിമകളുടെ പുതിയ കാല സ്വഭാവമാണ് ചിത്രത്തിന്..


ഈ തലമുറയിൽ കേരളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് കെ ആർ സുനിൽ. മോഹൻലാൽ യുവസംവിധായകൻ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കുന്ന 'തുടരും' എന്ന സിനിമയുടെ കഥയും സഹതിരക്കഥാകൃത്തും കെ ആർ സുനിലാണ്. മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രം. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിനുശേഷം മോഹൻലാലും രജപുത്ര വിഷ്വൽ മീഡിയയും ഒന്നിക്കുന്നതും 15 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡികൾ വെള്ളിത്തിരയിലെത്തുന്നതും ഉൾപ്പെടെ നിരവധി പ്രത്യേകതകൾ ചിത്രത്തിനുണ്ട്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന 'വിൻ്റേജ്' മോഹൻലാലിനെ തിരികെക്കൊണ്ടുവരുന്നതിനൊപ്പം ഏത് തരം ആരാധകനെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനാകുമെന്ന പ്രതീക്ഷയാണ് കെ ആർ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചത്. 

ചെറിയ സിനിമയല്ല

Latest Videos

undefined

രജപുത്ര രജ്ഞിത്ത് വഴിയാണ് മോഹൻലാലിലേക്കും പ്രൊജക്ടിലേക്കും എത്തുന്നത്. പിന്നീട് അർഹിക്കുന്ന സംവിധായകനിലേക്ക് കഥയെത്തി. ഇതൊരു ചെറിയ സിനിമയാണെന്ന് പറയുന്നില്ല. തൊണ്ണൂറുകളിൽ കണ്ടിട്ടുള്ള ഒരു മോഹൻലാലുണ്ട്. കമൽ, സത്യൻ അന്തിക്കാട് സിനിമകളിൽ കണ്ടിരുന്നതു പോലെ സാധാരണക്കാരനായ മോഹൻലാൽ ആണ് ചിത്രത്തിലും. നമ്മൾ ഇഷ്ടപ്പെടുന്ന ചിരിയും പ്രസരിപ്പുമുള്ള 'വിൻ്റേജ്' മോഹൻലാൽ.. ഒരുപാട് നാളുകൾക്ക് ശേഷമാണ് മോഹൻലാൽ ഇങ്ങനെയൊരു കഥാപാത്രമാകുന്നത്. ക്യാമറയ്ക്ക് പുറത്തും വളരെ സാധാരണക്കാരനാണ് അദ്ദേഹം. ആ സാധാരണത്വം കഥാപാത്രത്തിനുണ്ട്. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ടാക്സി ഓടിക്കുന്ന ഒരു മനുഷ്യൻ. 

മനസിൽ മോഹൻലാൽ മാത്രം

ഷണ്മുഖം എന്നാണ് സിനിമയിൽ മോഹൻലാലിൻ്റെ പേര്. എഴുതിത്തുടങ്ങുമ്പോൾ കഥാപാത്രമായിരുന്നുവെങ്കിലും കഥ പൂർത്തിയായി വരുമ്പോൾ മോഹൻലാൽ മാത്രമായി മനസിൽ. കഥയിൽ പരിചിതരായ മനുഷ്യരുണ്ട് അതിനപ്പുറം നമ്മളുമുണ്ട്. ഞാനൊക്കെ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ് കഥാപാത്രത്തിനെന്നു പറയാം. സ്നേഹമുള്ള മനുഷ്യനാണ് കഥാപാത്രം.  മനുഷ്യനോടും ചില വസ്തുക്കളോടും ചില സംഭവങ്ങളൊടുമൊക്കെയുള്ള സ്നേഹവും കടപ്പാടുമുണ്ട് അദ്ദേഹത്തിന്. സ്വാഭാവികമായും നമുക്കോരോരുത്തർക്കും പരിചയമുണ്ടെന്ന് തോന്നുന്നയാളായിരിക്കും.

യാത്രകൾ മൂലധനം

യാത്രകളാണ് കലാകാരനെന്ന നിലയിൽ എൻ്റെ മൂലധനം. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ടാണ് യാത്രകളധികവും ചെയ്തിട്ടുള്ളത്. യാത്രകളുടെ ഉപോൽപ്പന്നം എന്നു പറയാം ഓരോ കഥകളെയും. ഞാനെൻ്റെ വീട്ടിലോ ചുറ്റുപാടുകളിലോ ഇരുന്നാൽ കാണാത്തത്ര ആളുകളെ ക്യാമറയുമായി ബന്ധപ്പെട്ട യാത്രകളിൽ കണ്ടുമുട്ടിയിട്ടുണ്ട്, അവരുടെ കഥകളറിഞ്ഞിട്ടുണ്ട്. അത്തരമൊരു യാത്രയിൽ കണ്ടുമുട്ടിയ ഒരാളിൽ നിന്നും ഒരു കാഴ്ചയിൽ നിന്നുമാണ് ഈ കഥയ്ക്ക് പ്രചോദനമാകുന്നത്. 

സാധാരണക്കാരുടെ കഥ പറയാനാകുന്ന സംവിധായകൻ

യാതൊരു പ്രതീക്ഷയും വയ്ക്കാതെ ഒരു സാധാരണ ദിവസം തിയേറ്ററിൽ പോയി കണ്ടതാണ് 'സൗദി വെള്ളയ്ക്ക'. അതിലെ കഥാപാത്രങ്ങൾ, ചില സീനുകൾ ചെയ്തിരിക്കുന്നത്, സിനിമ സംസാരിക്കുന്ന വിഷയമൊക്കെ മനസിലുടക്കി. ആ സമയത്താണ് രഞ്ജിത് വഴി തരുൺ എൻ്റെ അടുത്തെത്തുന്നത്. സ്ക്രിപ്റ്റ് പൂർത്തിയാക്കി ഷൂട്ടിങ്ങിനെത്തിയപ്പോൾ തരുൺ തന്നെയാണ് ഈ സിനിമ ചെയ്യേണ്ടയാളെന്ന് തോന്നി. ഒരുമിച്ചിരുന്ന് തിരക്കഥയൊരുക്കുമ്പോൾ, ചില സീനുകൾ അധികമായി ചേർക്കുമ്പോൾ ഒക്കെ മോഹൻലാൽ അഭിനയിക്കുന്നത് കാണുന്ന അതേ കൗതുകത്തോടെയാണ് തരുണിനെയും നോക്കി നിന്നത്. 

മനോഹരമായ സീനോ ഫെയിമോ ഒരുക്കുന്നതിനപ്പുറം കഥാപാത്രത്തിൻ്റെ ഉള്ളറിഞ്ഞ് അയാൾക്കൊപ്പം സഞ്ചരിക്കാൻ തരുണിനാകും. മുൻ സിനിമകൾ തന്നെയാണ് അതിനുദാഹരണം. ഷൂട്ട് നടക്കുമ്പോൾ വരെ സീനുകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നാലും അഞ്ചും ഡ്രാഫ്റ്റുകൾ ചെയ്താണ് സിനിമ പൂർത്തിയായത്. ഒരു സാധാരണക്കാരൻ്റെ മനസിനുള്ളിലെ സംഭവങ്ങളാണ് കഥയിലുടനീളം. അയാൾ അഭിമുഖീകരിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങളും അനുഭവിക്കുന്ന അന്തർ സംഘർഷങ്ങളുമാണ് സിനിമ. രജപുത്ര ഒരു ഇടവേളയ്ക്ക് ശേഷം നിർമ്മാണത്തിനൊരുങ്ങുകയാണ്. ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണത്.

'തുടരും' എല്ലാത്തരം ആരാധകർക്കുമുള്ളത്

നമ്മൾ മോഹൻലാൽ ഫാൻസ് ആയത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് കൂടിയാണ്. കിരീടം, നാടോടിക്കാറ്റ്, വരവേല്പ്, ബാലഗോപാലൻ എം എ, സന്മനസുള്ളവർക്ക് സമാധാനം, ഉള്ളടക്കം പോലെ മോഹൻലാൽ ഒരു സാധാരണക്കാരനായി വന്ന ഏതൊരു സിനിമകളുടെയും പുതിയ കാല സ്വഭാവം തുടരും എന്ന ചിത്രത്തിനും കാണും, അത് സ്വാഭാവികമാണ്. അവർ പറഞ്ഞ കഥകളോ കഥാപാത്രങ്ങളോ അല്ല, ഒരു സാധാരണ മനുഷ്യനെ ഈ സംവിധായകർ എങ്ങനെ കൈകാര്യം ചെയ്തോ അതിൻ്റെ പുതിയ കാലത്തെയാൾ എന്നനിലയ്ക്കാണ് തരുൺ നിൽക്കുന്നത്. ഒരു 'മുണ്ടുമടക്കിയടി' പടമല്ല. എന്നാൽ സ്വാഭാവികമായി ഒരു മനുഷ്യൻ കടന്നുപോകുന്ന പ്രശ്നങ്ങളാണ് മോഹൻലാൽ കഥാപാത്രത്തിനും. അങ്ങനെയേ ഇപ്പോൾ പറയാനാകൂ.. എല്ലാത്തരും മോഹൻലാൽ ആരാധകരെയും തൃപ്തിപ്പെടുത്തും. ഏത് സാധാരണക്കാരനും ഇഷ്ടമാകുന്ന പരിചയം തോന്നുന്ന കഥയും കഥാപാത്രവും, അങ്ങനെതന്നെ 'തുടരും' പ്രേക്ഷകരിൽ എത്താനാണ് ഞങ്ങളുടെ ആഗ്രഹം.

click me!