അഭിപ്രായം തീര്‍ത്തും അപക്വം, വ്യക്തത വേണം: പ്രേം കുമാറിന്റെ 'എന്‍ഡോസള്‍ഫാന്‍' പ്രയോഗത്തിൽ കിഷോര്‍ സത്യ

By Web Team  |  First Published Nov 27, 2024, 10:32 PM IST

എവിടെയെങ്കിലും വീണ്ടുവിചാരം വേണ്ട പരമ്പരകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചൂണ്ടി കാണിക്കേണ്ടത് അത്യാവശ്യമാണെന്നും കിഷോര്‍ സത്യ. 


ലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാറിന്റെ 'എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണ് ചില സീരിയലുകള്‍' എന്ന  വാക്കുകളാണ് ഇപ്പോള്‍ അഭിനയ രംഗത്തെ ചര്‍ച്ചാ വിഷയം. നിരവധി പേരാണ് പ്രേംകുമാറിനെതിരെ ഇതിനകം രംഗത്ത് എത്തിയത്. ഈ അവസരത്തില്‍ പ്രേംകുമാര്‍ പറഞ്ഞ അഭിപ്രായത്തെ എതിര്‍ക്കാതെ, അതില്‍ വ്യക്തത വേണം എന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ കിഷോര്‍ സത്യ. എവിടെയെങ്കിലും വീണ്ടുവിചാരം വേണ്ട പരമ്പരകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചൂണ്ടി കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലാതെ ഒരു ഇന്‍ഡസ്ട്രിയ്‌ക്കെതിരെയുള്ള കാടടച്ച അഭിപ്രായമല്ല വേണ്ടതെന്നുമാണ് കിഷോര്‍ സത്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

ആ അഭിപ്രായം തീര്‍ത്തും അപക്വമാണ്

Latest Videos

പ്രേം ചേട്ടന്‍ എനിക്ക് വളരെയടുത്ത് സൗഹൃദമുള്ള വ്യക്തിയാണ്. അതിലുപരിയായി ഏറെ ബഹുമാനിക്കുന്നയാളുമാണ്. എന്നെപോലെതന്നെ സിനിമയും ടെലിവിഷനും ഒന്നിച്ച് കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയ്ക്ക് ഏറെ വിജയിച്ചയാളുമാണ്. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എന്ന സ്ഥാനം അലങ്കരിക്കുന്നയാള്‍ എന്ന നിലയ്ക്ക് അദ്ദേഹം കുറച്ചുകൂടെ പക്വമായ അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍ എന്ന് തോന്നുന്നുണ്ട്. അദ്ദേഹം പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു എന്നെല്ലാം പറയാമെങ്കിലും, ഈ സോഷ്യല്‍മീഡിയയുടെ കാലഘട്ടത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ രണ്ട് തവണ ചിന്തിക്കേണ്ടിയിരിക്കുന്നു.

 അദ്ദേഹം പരമ്പരകളെ അടച്ചാക്ഷേപിച്ചിട്ടില്ല, പക്ഷെ..

നമുക്കറിയാം അദ്ദേഹം പറഞ്ഞത്, ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണെന്നാണ്. അദ്ദേഹം അവിടെ 'ചില സീരിയലുകള്‍' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അതുതന്നെയാണ് നിലവിലെ പ്രശ്‌നമെന്ന് പറയാം. ഏത് സീരിയലാണ് എന്‍ഡോസള്‍ഫാന്‍ പോലെയുള്ളതെന്ന് അദ്ദേഹം പറയണമായിരുന്നു. അല്ലാതെ അദ്ദേഹം കൂടെ ഭാഗമായ ഒരു ഇന്‍റസ്ട്രിയെ അടച്ചാക്ഷേപിക്കുകയായിരുന്നില്ല വേണ്ടത്.

അഭിനയകലയില്‍ സീരിയലിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ

സീരിയല്‍ മേഖലയില്‍ മാത്രമല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. സിനിമയിലുമുണ്ട്. എന്നാല്‍ രണ്ട് മണിക്കൂറിന് നാല് കോടി ചിലവാക്കുന്ന സിനിമയേയും, രണ്ട് മണിക്കുറിന് തത്തുല്യമായ നാല് എപ്പിസോഡിന് നാല് ലക്ഷം രൂപ ചെലവാക്കുന്ന സീരിയലിനെയും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ കഴിയുക. കാലങ്ങളായി അത്തരത്തിലുള്ള തരം തിരിവും മാറ്റി നിര്‍ത്തലും സീരിയല്‍ മേഖല അനുഭവിക്കുന്നുണ്ട്. സിനിമയെ ഉദാത്തമായ കലാരൂപമായി കണക്കാക്കുന്ന പലരും സീരിയലിനെ മ്ലേച്ഛമായി കാണുന്ന സാഹചര്യം പൊതുമണ്ഡലത്തില്‍ നിലവിലുണ്ട്. അങ്ങേയറ്റം പരിമിതികളുടെ ഉള്ളില്‍ നിന്നാണ് ഓരോ സീരിയലുകളും വരുന്നത്. തുച്ഛമായ വരുമാനത്തിന് വര്‍ക്കുചെയ്യുന്നവരും ഇവിടെ അധികമാണ്. അങ്ങനെയുള്ളപ്പോള്‍ സിനിമാ-സീരിയല്‍ താരതമ്യം അത്ര ശരിയായി തോന്നുന്നില്ല.

സിനിമാ സീരിയല്‍ അന്തരം പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമായിരിക്കും തോന്നുക. അവിടെ സാമ്പത്തിക അന്തരവും മറ്റും ആര്‍ക്കും തോന്നണമെന്നില്ല. പക്ഷെ പ്രേം ചേട്ടന് അത് അറിയാതിരിക്കില്ല. ഈയിടെ വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നും ചില വിമര്‍ശനങ്ങള്‍ വന്നിരുന്നു. അവര്‍ക്ക് ഈ മേഖലയെപ്പറ്റി അറിയില്ലെന്ന് കരുതാം. പക്ഷെ നടനും, നിലവില്‍ വലിയൊരു ഉത്തരവാദിത്തം പേറുന്നതുമായ പ്രേം ചേട്ടന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തീര്‍ത്തും അപക്വമാണ്.

പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ', സീരിയല്‍ വിവാദത്തില്‍ പ്രേം കുമാറിനോട് ധര്‍മ്മജൻ ബോള്‍ഗാട്ടി

അഭിപ്രായം വ്യക്തമാക്കണം : അപ്പോഴാണ് മാറ്റങ്ങളുണ്ടാവുക

സിനിമാ-സീരിയല്‍ മേഖലകളെ അടുത്തറിയുന്ന പ്രേം ചേട്ടന്‍, അഭിപ്രായം കുറച്ചുകൂടെ വ്യക്തമാക്കണം. ഏത് ചാനലില്‍ ടെലികാസ്റ്റ് ചെയ്ത പരമ്പരയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ഏതെല്ലാമോ പരമ്പരകള്‍ കണ്ടിട്ടാകുമല്ലോ, ഇത്തരം അഭിപ്രായത്തിലേക്ക് എത്തിയിട്ടുണ്ടാവുക. അത് ഏത് പരമ്പരയാണെന്ന് പറേണ്ടിയിരിക്കുന്നു. അതിനുള്ള ആര്‍ജ്ജവം കാണിക്കണം. ഈ അഭിപ്രായം സീരിയല്‍ മേഖലയോടൊപ്പം, അത് സംപ്രേഷണം ചെയ്യുന്ന ചാനലുകളോടും കൂടിയാണെന്നാണ് പറയാന്‍ സാധിക്കുക. ഇനിയും അഭിപ്രായം വ്യക്തമാക്കാനോ, മാറ്റി പറയാനോ അദ്ദേഹത്തിന് സമയമുണ്ട്.

അഭിപ്രായത്തോടുള്ള, എതിര്‍ അഭിപ്രായങ്ങളെപ്പറ്റി

പ്രേം ചേട്ടന്റെ അഭിപ്രായത്തോട് പലരും വിമര്‍ശനത്തോടെ പോസ്റ്റുകള്‍ ചെയ്യുന്നത് കണ്ടു. അവരില്‍ പലരും ഇപ്പോള്‍ സീരിയല്‍ മേഖലയില്‍ നിന്ന് സിനിമയിലേക്ക് പോയിട്ടുള്ളവരാണ്. എന്നാലും കടപ്പാടിനൊപ്പം, ആ പ്രസ്താവന ഉണ്ടാക്കിയ വേദനയാണ് അവരെക്കൊണ്ട് അഭിപ്രായം പറയിപ്പിച്ചിരിക്കുന്നത്. അവരെ മാത്രമല്ല, പ്രതികരിച്ചതും പ്രതികരിക്കാത്തതുമായ ഒട്ടനവധി ആര്‍ട്ടിസ്റ്റുകളെ ഈ അഭിപ്രായം വേദനിപ്പിച്ചു എന്നതാണ് സത്യം. മിനിസ്‌ക്രീന്‍ ഇന്‍ഡസ്ട്രിയിലുള്ള പലരും അസ്വസ്ഥരാണ്. ഈയൊരു അഭിപ്രായം ഈ മേഖലയെത്തന്നെ മുഴുവനായി അധിക്ഷേപിക്കാന്‍ പറഞ്ഞതായി മാറിക്കഴിഞ്ഞു.

അഭിപ്രായത്തിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സ്

പല സീരിയലുകളേയും റോസ്റ്റ് ചെയ്യുന്ന നിരവധി യൂട്യൂബ് ചാനലുകള്‍ ഇന്നുണ്ട്. സിനിമയിലെ ആയാലും, സീരിയലിലെ ആയാലും വെട്ടിയെടുക്കുന്ന വീഡിയോ കഷണങ്ങൾ കൃത്യമായ കാര്യങ്ങള്‍ വഹിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. പരമ്പരയില്‍ ഉദ്ദേശിച്ച കാര്യമാകില്ല വെട്ടിയെടുത്ത ക്ലിപ്പുകള്‍ക്ക് പറയാനുള്ളത്. അത്തരത്തിലുള്ള പല ട്രോളുകളും ഇപ്പോള്‍ പൊങ്ങി വരുന്നുണ്ട്. കുറച്ചുകാലം മുന്നേയുള്ള പല സീരിയലുകളും ഇപ്പോള്‍ ട്രോളായും, റോസ്റ്റായും ഹിറ്റാണ്. അതെല്ലാം തന്നെ സമൂഹത്തില്‍ സീരിയലിനോടുള്ള വൈമുഖതയ്ക്ക് കാരണമാകുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!