'പ്രേമലോല...' പാടാമോ? സുഷിൻ ശ്യാം പറഞ്ഞു: 'പിന്നെന്താ'; ഡോൺ വിൻസെന്റ് അഭിമുഖം

By abhijith vmFirst Published May 15, 2024, 11:09 AM IST
Highlights

മെയ് 16-ന് 'ഹൃദയഹാരിയായ പ്രണയകഥ' തീയേറ്ററുകളിൽ എത്തുകയാണ്. മ്യൂസിക് കംപോസർ ഡോൺ വിൻസെന്റ് സംസാരിക്കുന്നു.

1985-ൽ ഇറങ്ങിയ 'കാതോടു കാതോര'ത്തിലെ ക്ലാസിക് ഗാനം 'ദേവദൂതർ പാടി...' പുതിയ പിള്ളേർ ഏറ്റുപാടിയത് 2022-ൽ 'ന്നാ താൻ കേസ് കൊട്' റിലീസ് ചെയ്തപ്പോഴാണ്. പുതിയ കാലത്തിലേക്ക് ആ പാട്ട് പറിച്ചുനട്ടത് മ്യൂസിക് കംപോസർ ഡോൺ വിൻസെന്റാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലൂടെ വീണ്ടും പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് കൊച്ചി സ്വദേശിയായ ഡോൺ. മെയ് 16-ന് 'ഹൃദയഹാരിയായ പ്രണയകഥ' തീയേറ്ററുകളിൽ എത്തുകയാണ്. ഡോൺ വിൻസെന്റ് സംസാരിക്കുന്നു.

'ന്നാ താൻ കേസ് കൊട്' കഴിഞ്ഞ് രണ്ടാമതും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരമാണല്ലോ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. സംവിധായകൻ നേരിട്ട് വിളിച്ചോ?

Latest Videos

ആക്ച്വലി, മൂന്നാമതും വിളിച്ചു എന്നതാണ്. ഞാൻ മുൻപ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആൻഡ്രോയ്ഡിലും (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25) വർക്ക് ചെയ്തിട്ടുണ്ട്. അന്ന് സൗണ്ട് റെക്കോഡിസ്റ്റായിട്ടാണ് പോയത്. പിന്നെ, അവസാനം കുറച്ച് കംപോസിങ്ങിലും സഹായിച്ചിട്ടുണ്ടായിരുന്നു. ബിജിപാൽ ആയിരുന്നു അതിന്റെ മെയിൻ കംപോസർ.

'ന്നാ താൻ കേസ് കൊടി'ലെ 'ദേവദൂതർ പാടി...'  വലിയ ഹിറ്റായിരുന്നു. സംവിധായകനുമായി അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. ഈ സിനിമ തുടങ്ങിയപ്പോൾ മുതൽ, ഇതിന്റെ വൺലൈൻ മുതലുള്ള പ്രോസസ് എനിക്ക് അറിയാമായിരുന്നു. തുടക്കത്തിൽ മൂന്നു പാട്ട് എന്ന് പറഞ്ഞു തുടങ്ങി. പിന്നെ സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ പാട്ടുകളുടെ എണ്ണം കൂടി. ഇപ്പോൾ അത് ഒമ്പതര പാട്ടായിട്ടുണ്ട്. ഏഴ് പാട്ടുകൾ ഒറിജനിൽ കംപോസിഷൻ ആണ്. രണ്ടെണ്ണം പഴയ പാട്ടുകളാണ്. ആയിരം കണ്ണുമായി..., ബലികുടീരങ്ങളെ... ഇത് രണ്ടുമാണ് പഴയ പാട്ടുകൾ. പിന്നെയൊരു അരപ്പാട്ട് കൂടെയുണ്ട്.

സിനിമയിലെ സംഗീതത്തെക്കുറിച്ച് ഗ്രാഹ്യമുള്ള സംവിധായകൻ മ്യൂസിക് കംപോസർക്ക് വലിയ അനുഗ്രഹമാണ്. അല്ലേ?

തീർച്ചയായും. ഇതിലെ പാട്ടുകളും കംപോസ് ചെയ്തത് വരികൾ എഴുതിയിട്ടാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ വളരെ സ്റ്റോറി ഡ്രിവൺ ആയിട്ടുള്ള ആളാണ്. ചുമ്മാ ഒരു സീൻ വന്നു, ഒരു പാട്ടിട്ട് മൂവ് ചെയ്യാം എന്ന് കരുതുന്നയാളല്ല. വരികളുടെ അർഥം ആണെങ്കിലും അത് സ്ക്രിപ്റ്റുമായിട്ട് വളരെ അടുത്തുനിൽക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ശരിക്കും കഥ പറയാനുള്ള ഒരു ഉപകരണം ആയിട്ട് തന്നെയാണ് അദ്ദേഹം പാട്ടുകൾ ഉപയോഗിക്കുന്നത്.

'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. പഴയ നാടകഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന 'ചങ്കുരിച്ചാൽ...' എങ്ങനെയാണ് ഉണ്ടായത്?

'ചങ്കുരിച്ചാൽ...' പഴയതാണെന്ന് തോന്നിക്കുന്ന പുതിയ പാട്ടാണ്. ഇതുൾപ്പെടെ ഏഴ് പാട്ടുകളും എഴുതിയത് വൈശാഖ് സുഗുണനാണ്. അതൊരു ബ്രേക്ക്-അപ് സോങ് എന്ന രീതിയിലാണ് തുടങ്ങിയത്. എന്നാൽ ഭയങ്കര സങ്കട സോങ് ആകാനും പാടില്ല. ഒരു 1990കളിലെ വൈബ് വേണം എന്നതായിരുന്നു ഡയറക്ടർ ഉദ്ദേശിച്ചത്. ആളുകൾക്ക് മൂളാൻ പറ്റണം എന്നതായിരുന്നു മറ്റൊരു നിർബന്ധം. ലിറിക്സ് കിട്ടിയിട്ടാണ് ആ പാട്ടും കംപോസ് ചെയ്തത്. അത്യാവശ്യം നീളമുള്ള പാട്ടാണ്. നാടകത്തിന്റെ ഒരു സ്വഭാവം വേണം എന്നുണ്ടായിരുന്നു. സാധാരണ നാടകം എന്ന് പറയുമ്പോൾ ഹാർമോണിയം, തബല എടുത്ത് വായിക്കുക എന്നതാണ്. ആ ചിന്ത തന്നെ ഒഴിവാക്കിയാണ് ഈ പാട്ട് ചെയ്തത്. പിന്നെ 'ചങ്കുരിച്ചാൽ...' ആണെങ്കിലും 'പ്രേമലോല...' ആണെങ്കിലും ആദ്യത്തെ വരികൾ വളരെ പെക്യുലിയർ ആണ്. അതങ്ങനെ തന്നെ വേണം എന്നതാണ് ഡയറക്ടർ ആവശ്യപ്പെട്ടത്.

ഈ സിനിമ കണ്ണൂർ, കാസർഗോഡ് ഭാഗത്തുള്ള കഥാപാത്രങ്ങളും ജീവിതവുമാണ് കാണിക്കുന്നത്. അത്രയ്ക്ക് പരിചിതമല്ലാത്ത ഒരു പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന പാട്ടുകൾ ഉണ്ടാക്കുക എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണ്?

എല്ലാത്തിന്റെയും നട്ടെല്ല് സ്ക്രിപ്റ്റ് ആണ്. അത് വായിക്കുമ്പോൾ നമുക്ക് അറിയാം. പിന്നെ ഷൂട്ട് നടക്കുമ്പോൾ ഞാൻ പോയി കാണാറുണ്ട്. പ്രത്യേകിച്ചും ഈ സിനിമയുടെ പ്രീ പൊഡക്ഷനിലും 'ന്നാ താൻ കേസ് കൊട്' സിനിമ നടക്കുമ്പോൾ ആ സമയത്തും എല്ലാം ആ പ്രദേശത്തെല്ലാം പോയിട്ടുണ്ട്. പിന്നെ ഡയറക്ടർ ഇടയ്ക്ക് നാടകഗാനങ്ങൾ ഒക്കെ തപ്പിത്തരും. അത് കേൾക്കും. 'ചങ്കുരിച്ചാലി'ന്റെ സമയത്ത് കുറെ നാടക ഗാനങ്ങൾ തന്നെ കേൾക്കും. നാടകഗാനം എന്ന് പറയുമ്പോൾ ഉടനെ തബല, ഹാർമോണിയം ഇതല്ലേ... അവസാനം ഡയറക്ടർ തന്നെ പറഞ്ഞു, ഇതൊക്കെ മാറ്റിപ്പിടിച്ചോ, പുതിയ കൂട്ടുകാരെ വിളിച്ച് പരിപാടി ചെയ്യാൻ.

പൊതുവെ സംഗീത സംവിധാനം എന്ന് പറഞ്ഞാൽ ആളുകൾക്ക് സിനിമയുടെ മറ്റൊരു വിഭാഗം മാത്രമാണ്. ഇപ്പോൾ പറഞ്ഞതുപോലെ തിരക്കഥ, പശ്ചാത്തലം ഇതൊക്കെ കംപോസർക്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് പലർക്കും അറിയില്ല.

അതെ. എനിക്ക് ഇതെല്ലാം ഭയങ്കര പ്രാധാന്യമുള്ള സംഗതികളാണ്. പാട്ട് വിഷ്വലൈസ് ചെയ്യാതെ എനിക്ക് കംപോസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഞാൻ ആളുകളോട് ചോദിക്കും, സ്ഥലം ഏതാണ്, നിറങ്ങൾ ഏതൊക്കെയാണ്, കഥാപാത്രങ്ങൾ, പിരീഡ് സിനിമയാണോ, എന്തിന് കഥാപാത്രങ്ങളുടെ വേഷം വരെ ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ ഇതെല്ലാംം കൃത്യമായി മനസ്സിലാക്കിയാൽ പകുതി പണി അവിടെ തീരും.

സുഷിൻ ശ്യാം ഇതിലൊരു പാട്ടുപാടിയിട്ടുണ്ട്.

അതെ. 'പ്രേമലോല...' പാടിയത് സുഷിനാണ്. ഞങ്ങൾ മുൻപെ പരിചയക്കാരാണ്. സുഷിൻ കിസ്മത്ത് (2016) ചെയ്യുമ്പോൾ ഞാൻ മിക്സിങ്ങിലുണ്ടായിരുന്നു. ഈ പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോൾ പിന്നെന്താ എന്നായിരുന്നു മറുപടി. സുഷിൻ ആദ്യത്തെ നാല് വരി പാടി. അത് ഡയറക്ടറെ കേൾപ്പിച്ചു, പുള്ളി അപ്രൂവ് അടിച്ചു.

ഡോൺ വിൻസെന്റിന്റെ പ്ലേലിസ്റ്റിലെ അഞ്ച് പാട്ടുകൾ ഏതൊക്കെയാണ്?

അയ്യോ! ഇതിലെ ഏറ്റവും വലിയ കോമഡി, ഞാൻ പാട്ട് കേൾക്കാത്ത ആളാണ്! ഞാൻ കാറിൽ കേറിക്കഴിഞ്ഞാൽ റേഡിയോ വെക്കും. പ്ലേലിസ്റ്റ് വെച്ചാൽ സ്ഥിരം ട്രാക്കുകൾ ആയിപ്പോകില്ലേ. പണ്ട് കോയമ്പത്തൂരും പൂനെയും പഠിച്ചിരുന്ന കാലത്ത് ഒരുപാട് പാട്ടുകൾ കേൾക്കുമായിരുന്നു, പ്രത്യേകിച്ചും എ.ആർ റഹ്മാൻ. പിന്നെ സ്കൂളിൽ ഒരു റോക്ക് ബാൻഡ് ഉണ്ടായിരുന്നു. അത് ഇംഗ്ലീഷ് ആയിരുന്നു. മലയാളം ചോദിച്ചാൽ കുടുങ്ങിപ്പോകും.

എന്നാലും...

ചെരാതുകൾ... (സുഷിൻ ശ്യാം, കുമ്പളങ്ങി നൈറ്റ്സ്)
നനവേറെ... (ജസ്റ്റിൻ വർഗീസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള)
വാനം ചായും... (വിദ്യാസാഗർ, അനാർക്കലി)
കണ്ണീർപ്പൂവിന്റെ... (ജോൺസൺ, കിരീടം)
എത്രയോ ജന്മമായ്... (വിദ്യാസാഗർ, സമ്മർ ഇൻ ബത് ലഹേം)

(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
 

click me!