'റോട്ടര്‍ഡാമില്‍ പുരസ്‍കാരം കിട്ടിയത് അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല'; 'കിസ് വാഗണ്‍' സംവിധായകനുമായി അഭിമുഖം

By Nirmal Sudhakaran  |  First Published Dec 16, 2024, 4:56 PM IST

റോട്ടര്‍ഡാമില്‍ രണ്ട് പുരസ്‍കാരങ്ങള്‍ നേടിയ ചിത്രമാണ് മലയാളം സിനിമ ടുഡേയില്‍ പ്രദര്‍ശിപ്പിക്കുന്ന 'കിസ് വാഗണ്‍'


മലയാളത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമയെടുക്കുന്ന യുവ സംവിധായകരില്‍ വേറിട്ട സാന്നിധ്യമാണ് മിഥുന്‍ മുരളി. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ചിത്രം കിസ് വാഗണ്‍ മലയാള സിനിമ ടുഡേ വിഭാഗത്തില്‍ ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ രണ്ട് പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണിത്. വേറിട്ട ദൃശ്യഭാഷയുമായെത്തുന്ന ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചും മലയാളം ഇന്‍ഡിപെന്‍ഡന്‍റ് സിനിമയുടെ വര്‍ത്തമാനകാലത്തെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് മിഥുന്‍. ഗ്രഹണം (2016), ഹ്യുമാനിയ (2017) എന്നിവയാണ് മിഥുന്‍ മുരളിയുടെ ആദ്യ രണ്ട് സിനിമകൾ. 

എന്താണ് 'കിസ് വാഗൺ'?

Latest Videos

സിനിമയെ വാക്കുകൾ കൊണ്ട് പറഞ്ഞ് സ്പോയിൽ ചെയ്യാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. സിനിമ അബ്സ്ട്രാക്റ്റ് ആയാണ് പറഞ്ഞിട്ടുള്ളത്. ഒരു എപിക് കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഐല എന്ന ഒന്നുമല്ലാത്ത ഒരു കഥാപാത്രം ഒരു ആൾദൈവം അല്ലെങ്കിൽ ദൈവമായി മാറുന്ന കഥ. ബിബ്ലിക്കൽ രീതിയിലുള്ള ഒരു കഥയുണ്ടാക്കിയിട്ട്, എല്ലാവർക്കുമറിയാം ഈ കഥ എന്ന രീതിയിലാണ് അബ്സ്ട്രാക്റ്റ് ആയി സിനിമയെ പരിചരിച്ചിരിക്കുന്നത്. സിനിമ കൃത്യമായി ഫോളോ ചെയ്താൽ ഈ കഥ മുഴുവൻ കിട്ടും.

ചുറ്റുപാടും ഒരുപാട് പ്രശ്നങ്ങൾ നടക്കുന്ന ഒരു നാട്ടിൽ ജീവിക്കുന്ന, ഒരു പാഴ്സൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയാണ് പ്രധാന കഥാപാത്രം. ഇരുപതുകളിലാണ് അവളുടെ പ്രായം. അപൊളിറ്റിക്കലാണ് അവൾ. ഒരു ഫാസിസ്റ്റ് സർക്കാർ ഭരിക്കുന്ന നാടാണ് അത്. ഒരു റിബൽ മൂവ്മെൻറ് ഒക്കെ അവിടെ നടക്കുന്നുണ്ട്. പക്ഷേ ഈ കുട്ടി അതിലൊന്നും ഇൻവോൾവ്‍ഡ് അല്ല. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരാൾ. ഒരു ദിവസം ഒരു വധു ഇവളുടെ അടുത്തെത്തി അയക്കാനായി ഒരു പാഴ്സൽ കൊടുക്കുകയാണ്. ഒരു ഉമ്മയാണ് അത്. ഈ ഉമ്മ ഏൽപ്പിച്ചിട്ട് ഈ വധു അവിടെവച്ച് തന്നെ ആത്മഹത്യ ചെയ്യുകയാണ്. ഈ ഉമ്മ ഡെലിവറി ചെയ്യാനായി പാഴ്സൽ ഗേള്‍ നടത്തുന്ന ഒരു എപിക് യാത്രയാണ് സിനിമ. ആ യാത്രയിൽ ഈ പെൺകുട്ടി രാഷ്ട്രീയത്തിൻറെ ഒത്ത നടുക്കേക്ക് എത്തുകയാണ്. അത് അവളുടെ ദൗത്യമായി മാറുന്നു. ബൈബിളിലേതുപോലെ ഇതിലും ഒരുപാട് സബ്പ്ലോട്ടുകൾ ഉണ്ട്. പല കാലഘട്ടങ്ങളും ഒരുപാട് കഥാപാത്രങ്ങളുമുണ്ട്.

undefined

സിനിമയിലെ വ്യത്യസ്തമായ ഇമേജുകള്‍ എങ്ങനെയാണ് സൃഷ്ടിച്ചെടുത്തത്?

പിക്സൽ ലെവൽ അനിമേഷൻ എവിടെയും വന്നിട്ടില്ല. മറിച്ച് ഫോട്ടോഗ്രാഫുകളുടെ കോമ്പോസിറ്റ് ഇമേജുകളാണ് കാണുന്നത്. ഉദാഹരണത്തിന് ഒരു ഷോട്ടിൽ കൈ, ഒരു പ്രദേശം, ഒരു മരം, ഒരു കഥാപാത്രം ഇവ ഉണ്ടെങ്കിൽ അത് നാലും വ്യത്യസ്തമായ ഫോട്ടോഗ്രാഫുകൾ ആയിരിക്കും. അതിന് ഒരു ഷോട്ട് ആയി ചേർത്തെടുക്കുകയാണ്. ആകെ 2200 ഷോട്ടുകൾ ഉണ്ട് ആ പടത്തിൽ.

ഇത്രയും ഡിഫറൻറ് ആയ ഒരു ചിത്രമൊരുക്കാം എന്ന ആശയം?

ആദ്യത്തെ രണ്ട് സിനിമകളും സാധാരണ രീതിയിൽ അഭിനേതാക്കളെ വച്ചിട്ടുള്ള സിനിമകൾ ആയിരുന്നു. മൂന്നാമത്തേതും അങ്ങനെ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതാണ്. ഒരു മ്യൂസിക്കൽ ആയിട്ടാണ് പ്ലാന്‍ ചെയ്തിരുന്നത്. അപ്പോഴാണ് കൊവിഡിൻറെ സാഹചര്യം വന്നത്. അതുകൊണ്ട് അത് നടന്നില്ല. അപ്പോൾ ഒരു മ്യൂസിക് വീഡിയോ ചെയ്യാൻ ശ്രമിച്ചതാണ്. ഒരു മതിലിൽ പിടിച്ചുനിൽക്കുന്ന പായലിനെ ഒരു വലിയ വൃക്ഷമായി ചിത്രീകരിക്കാം. ഒരു ഉറുമ്പിനെ ഒരു ഭീകരജീവിയായി കാണിക്കാം. അതാണ് ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം. അങ്ങനെ ഒരു മ്യൂസിക് വീഡിയോ ചെയ്തു. അപ്പോഴാണ് ഈ രീതിയിൽ ഒരു സിനിമ ചെയ്താൽ എന്തെന്ന് ആലോചിച്ചത്. അതിന് മുൻപേ ഉണ്ടാക്കിയിരുന്ന ഒരു ബേസിക് ത്രെഡ് ആണ് ഈ സിനിമയുടെ ത്രെഡ്. ആദ്യത്തെ രണ്ട് സിനിമകളും തീരെ ബജറ്റ് ഇല്ലാതെ ചെയ്ത സിനിമകൾ ആയിരുന്നതുകൊണ്ട് പറയുന്ന കഥയിലും ആ പരിമിതി ഉണ്ടായിരുന്നു. പക്ഷേ ഈ രീതിയിൽ ചെയ്തതുകൊണ്ട് കിസ് വാഗണിൽ മുഖ്യധാരാ സിനിമക്കാർക്ക് ചിന്തിക്കാൻ സാധിക്കുന്ന എപിക് സ്കെയിലിൽ ഉള്ള ഒരു കഥ ചിന്തിക്കാനുള്ള ലൈസൻസ് കിട്ടി. അങ്ങനെയാണ് ഈ സിനിമ ഉണ്ടായത്. ഈ ഒരു മെത്തേഡിൽ അല്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ ബജറ്റ് പരിമിതികൾ വച്ച് ഈ സിനിമ ചെയ്യാൻ പറ്റില്ല. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള, എപിക് സ്വഭാവമുള്ള ഒരു സിനിമയാണ് ഇത്. തിയറ്ററിൽ ഒരു 1000 പേർ കണ്ടാൽ 5 പേർക്ക് മാത്രം ഇഷ്ടപ്പെടാൻ സാധ്യതയുള്ള സിനിമയാണ്. പക്ഷേ ആ അഞ്ച് പേരിൽ ഞാൻ ഹാപ്പിയാണ്.

റോട്ടർഡാമിലെ അന്തർദേശീയ മത്സര വിഭാഗത്തിലായിരുന്നില്ലേ പ്രീമിയർ? അവിടുത്തെ അനുഭവം?

അതെ. റോട്ടർഡാമിലെ അന്തർദേശീയ മത്സര വിഭാഗത്തിൽ ആ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച ഒരേയൊരു സിനിമയായിരുന്നു. ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ തുടങ്ങി നമ്മുടെ നാട്ടിലെ ഫെസ്റ്റിവലുകളിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതുപോലെയല്ല, കാൻസ് ഉൾപ്പെടെ വിദേശത്തെ മിക്ക ഫെസ്റ്റിവലുകളും ക്യുറേറ്റഡ് ഫെസ്റ്റിവലുകൾ ആണ്. ഓരോ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യുറേറ്റർമാരാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സിനിമകൾ കണ്ടെത്തി സെലക്ഷൻ കമ്മിറ്റിക്ക് നൽകുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യ കവർ ചെയ്യുന്ന ക്യുറേറ്റർ വഴിയാണ് കിസ് വാഗൺ റോട്ടർഡാമിൽ എത്തിയത്. ആ വർഷം അവിടെ രണ്ട് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മറ്റ് പല ഫെസ്റ്റിവലുകളിലും മുഖ്യധാരാ സിനിമക്കാർ എത്തുമ്പോൾ ഇൻഡിപെൻഡൻറ് ഫിലിം മേക്കേഴ്സ് അവഗണിക്കപ്പെടുന്ന ഒരു സാഹചര്യം കണ്ടിട്ടുണ്ട്. പക്ഷേ റോട്ടർഡാമിൽ അങ്ങനെയല്ല. സിനിമയുടെ റിസൽട്ട് മാത്രമാണ് അവർ നോക്കുക. ഈ വർഷം ഒരു മികച്ച സിനിമയുമായി എത്തിയ സംവിധായകൻ അടുത്ത തവണ ഒരു മോശം സിനിമയുമായി എത്തിയാൽ അവിടെ പരിഗണന ഉണ്ടാവില്ല. പ്രൊഡക്ഷൻ ഹൗസുകളുടെ പേര് നോക്കാതെ സിനിമ കൊള്ളാമോ എന്ന് മാത്രം നോക്കുന്ന അപൂർവ്വം എ ലെവൽ ഫെസ്റ്റിവലുകളിൽ ഒന്നാണ് റോട്ടർഡാം.

ഐഎഫ്എഫ്കെയിലേക്ക് സ്വന്തം ചിത്രം എത്തുമ്പോഴുള്ള ഫീലിംഗ് എന്താണ്?

വർഷങ്ങളായിട്ട് പോകുന്ന ഫെസ്റ്റിവൽ ആണ്. ആദ്യ രണ്ട് സിനിമകളും ഐഎഫ്എഫ്കെയ്ക്ക് അയച്ചിരുന്നില്ല. അത് എൻറെ എക്സ്പെരിമെൻറ്സുകളായതുകൊണ്ട് അയക്കേണ്ടെന്ന് കരുതി. ഇത് റോട്ടർഡാമിൽ വിജയിച്ചതിനാൽ അയയ്ക്കാനുള്ള നിലവാരം ഉണ്ടെന്ന് സ്വയം തോന്നിയതുകൊണ്ട് അയച്ചതാണ്.

കേരളത്തിൽ നിന്നുള്ള ഒരു ഇൻഡിപെൻഡൻറ് ഫിലിം മേക്കർക്ക് ഡിജിറ്റൽ കാലത്ത് സിനിമകളെടുക്കാൻ ആയാസം കുറഞ്ഞോ? അതോ..

ആയാസം കുറഞ്ഞിട്ടുണ്ട്. അനലോഗിൻറെ സമയത്ത് ഇവിടുത്തെ ഇൻഡിപെൻഡൻറ് ഫിലിം മേക്കേഴ്സിനെ ശരിക്കും ഇൻഡിപെൻഡൻറ് എന്ന് വിളിക്കാമോ എന്ന് അറിയില്ല. കാരണം അവരൊക്കെ ഏറെക്കുറെ മുഖ്യധാരാ സിനിമകൾ തന്നെയാണ് എടുത്തിട്ടുള്ളത്. സ്കെയിൽ, അഭിനേതാക്കൾ, സാങ്കേതികപ്രവർത്തകർ ഇതിലൊക്കെ ആ സാമ്യം കാണും. ജോൺ എബ്രഹാം, അരവിന്ദൻ, അടൂർ ഇവരെയൊക്കെ നോക്കിയാൽ അത് കാണാം. അതിൻറേതായ ഭംഗിയും ക്വാളിറ്റിയും ഉണ്ടെങ്കിലും അനലോഗ് വലിയ ചെലവുള്ള ഒന്നാണ്. ഡിജിറ്റൽ ആയപ്പോൾ ഒരു സ്കൂൾ വിദ്യാർഥിക്ക് വരെ ഒരു ഫോണിൽ പോലും സിനിമയെടുക്കാം. സിനിമയിലേക്ക് കൂടുതൽ പേർക്ക് ആക്സസ് കിട്ടി. ഞാൻ അനലോഗിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളാണ്. 35 എംഎമ്മിൽ ഒരു സിനിമയെടുത്തിട്ട് മരിക്കണം എന്നാണ് എൻറെ ആഗ്രഹം. പക്ഷേ എനിക്കുൾപ്പെടെ പൈസയില്ലാതെ സിനിമ ചെയ്യാൻ സാധിച്ചത് ഡിജിറ്റൽ വന്നതുകൊണ്ടാണ്. പക്ഷേ പണ്ടത്തേതുപോലെ സാധാരണക്കാർക്ക് അറിയാവുന്ന ഇൻഡിപെൻ‍‍ഡൻറ് ഫിലിം മേക്കേഴ്സ് ഇപ്പോൾ കുറവാണ്. ഒരു പാലരൽ വേൾഡിൽ വേറെ കുറച്ച് പ്രേക്ഷകരാണ് അത് ആസ്വദിക്കുന്നത്. എൻറെ തൊട്ടപ്പുറത്തെ വീട്ടുകാർക്ക് പോലും അറിയില്ല എൻറെ സിനിമ വലിയൊരു ഫെസ്റ്റിവലിൽ വിജയിച്ചിട്ടുണ്ടെന്ന്. ഒരു ഇൻഡിപെൻഡൻറ് ഫിലിം മേക്കറിന് സംബന്ധിച്ച് സിനിമ ഒരു പ്രൊഫഷൻ ആക്കാൻ, അതുകൊണ്ട് ജീവിക്കാൻ പറ്റുന്ന സാഹചര്യമൊക്കെ പോയി. അതൊരു പാഷൻ ആയി കൊണ്ടുനടക്കാനേ പറ്റൂ.

ഫുൾ ടൈം ഫിലിം മേക്കർ ആണോ?

കുട്ടിയായിരുന്നപ്പോൾ തൊട്ടേ സിനിമയാണ് എൻറെ പാഷൻ. കാരണം എൻറെ അച്ഛൻ കാരണം എൻറെ അച്ഛൻ പൊളിഞ്ഞുപോയ ഒരു നിർമ്മാതാവ് ആണ്. തരംഗിണി എന്ന ബാനറില്‍ അച്ഛന്‍ മുരളിയും വലിയച്ഛന്‍ ശശിയും ചേര്‍ന്നാണ് സിനിമകള്‍ ചെയ്തിരുന്നത്. അവസാനം ചെയ്തത് നമ്പർ 20 മദ്രാസ് മെയിൽ ആണ്. തനിയാവർത്തനം, വെള്ളാനകളുടെ നാട്, മുദ്ര തുടങ്ങി പതിനാലോളം സിനിമകൾ ചെയ്തിട്ടുണ്ട് അവര്‍. 

ചെറുപ്പം തൊട്ടേ വീട്ടിൽ ഫിലിം പ്രൊജക്റ്ററുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇവർക്ക് സിനിമകളൊക്കെ കണ്ടുനോക്കാനായുള്ളവ. ക്രിക്കറ്റോ ഫുട്ബോളോ ഒന്നും ഞാൻ കളിച്ചിട്ടില്ല. സിനിമയായിരുന്നു എൻറെ താൽപര്യം. പക്ഷേ ഒരു ഘട്ടം എത്തിയപ്പോൾ സാമ്പത്തികമായ കാരണങ്ങളാൽ മർച്ചൻറ് നേവി ഒരു പ്രൊഫഷൻ പോലെ തെരഞ്ഞെടുക്കേണ്ടിവന്നു. 2007 മുതൽ 2017 വരെ കപ്പൽ യാത്രകൾ ആയിരുന്നു. രാജി വെക്കുമ്പോൾ സെക്കൻഡ് ഓഫീസർ ആയിരുന്നു. എപ്പോൾ വേണമെങ്കിലും തുടരാവുന്ന ഒരു പ്രൊഫഷനാണ്. പക്ഷേ രണ്ടും കൂടി വേണ്ട എന്ന് തീരുമാനിച്ചിട്ടാണ് അത് വിട്ടത്. സിനിമ തലയിൽ ഉള്ളതുകൊണ്ട് അത് പറ്റുന്നുമുണ്ടായിരുന്നില്ല. കിസ് വാഗൺ പൂർത്തിയാക്കാൻ മൂന്ന് വർഷം എടുത്തു.

അടുത്ത സിനിമ?

തുടങ്ങിയിട്ടുണ്ട്. റോട്ടർഡാം ഫെസ്റ്റിവലിൽ നിന്ന് സ്ക്രിപ്റ്റ് ഡെവലപ്‍മെൻറിനുള്ള ഹ്യുബർട്ട് ബാൽസ് ഫണ്ട് ലഭിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് ചെയ്യാൻ പറ്റാതെപോയ സിനിമയാണ് അവിടെ പിച്ച് ചെയ്തത്. ആയിരത്തിലധികം എൻട്രികളിൽ നിന്ന് പത്ത് സിനിമ സെലക്റ്റ് ചെയ്തതിൽ ഒരെണ്ണം ഇതാണ്. ഇന്ത്യയിൽ നിന്ന് ഇത് മാത്രമേ ഉള്ളൂ. അത് സിനിമയുടെ നിർമ്മാണത്തിനായി തരുന്നതല്ലെങ്കിലും ഞാൻ ബജറ്റിൻറെ 40 ശതമാനമായാണ് അതിനെ കാണുന്നത്. ജൂണിൽ ഷൂട്ട് ചെയ്യാനുള്ള പ്ലാനിലാണ്.

സിനിമയിലെ മിക്ക വിഭാ​ഗങ്ങളും സ്വയമാണല്ലോ കൈകാര്യം ചെയ്യുന്നത്?

സിനിമയുടെ രൂപം തീരുമാനിക്കുന്ന മേഖലകൾ അതായത് സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിംഗ്, മ്യൂസിക് ഇതിലൊന്നും പുറത്തുനിന്നുള്ള സംഭാവനകൾ വരുന്നത് എനിക്ക് ഇഷ്ടമല്ല. കിസ് വാഗണിൽ ആക്റ്റേഴ്സും ഇല്ലാത്തതുകൊണ്ട് അങ്ങനെ ഒരു കോൺട്രിബ്യൂഷനും ഇല്ല. പാർട്നർ ഗ്രീഷ്മയുടെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ മാത്രമാണ് ജീവിതത്തിൽ എനിക്ക് എടുക്കാൻ പറ്റാറ്. ഞങ്ങൾ രണ്ട് പേരും ജിക്കി എന്ന സുഹൃത്തും കൂടിയാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ഡിജിറ്റൽ ഫിലിം മേക്കിംഗ് ആയതുകൊണ്ട് ട്രയൽ ആൻഡ് എററിലൂടെ പഠിക്കുന്നതാണ് ഓരോന്നും. അക്കാദമിക്കലി പഠിച്ചിട്ടില്ല. അതിൻറേതായ കുഴപ്പങ്ങളും മൂന്ന് സിനിമയ്ക്കും ഉണ്ട്. ഡയറക്ടർ എന്ന വാക്ക് ‌ഞാൻ ഉപയോഗിക്കാറില്ല. ഫിലിംമേക്കർ എന്ന പദമാണ് ഉപയോഗിക്കാറ്.

കിസ് വാ​ഗണിന്‍റെ ബജറ്റ്?

സീറോ ബജറ്റ് ആണ്. ചെയ്ത മൂന്ന് സിനിമകളും അങ്ങനെ തന്നെയാണ്. ക്യാമറ സ്വന്തമായിട്ട് ഉണ്ടായിരുന്നു. സിനിമയ്ക്കായി പൈസയൊന്നും ഇതുവരെ മുടക്കിയിട്ടില്ല.

ALSO READ : 50 സെക്കന്‍ഡില്‍ പി കെ റോസി എന്ന സാന്നിധ്യം; ഐഎഫ്എഫ്‍കെ സി​ഗ്നേച്ചർ ഫിലിം 'സ്വപ്‍നായനം' വന്ന വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!