ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തെ കുറിച്ച് വിജയ് ബാബു സംസാരിക്കുന്നു.
കൊവിഡ് ഭീതി ഒഴിഞ്ഞാലും തിയേറ്ററുകളിൽ ആളുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ് സിനിമാ മേഖലയൊന്നാകെ. ലോക് ഡൌൺ ആയതോടെ സിനിമാ റിലീസുകളുടെ ഒഴുക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ്. വരും ദിവസങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോൺ പ്രൈം വഴി ഏഴ് സിനിമകളാണ് ഇന്ത്യയിൽ ഡിജിറ്റൽ പ്രിമിയറിന് ഒരുങ്ങുന്നത്. ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് സൂഫിയും സുജാതയും. നായകൻ ജയസൂര്യയാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ ഡിജിറ്റൽ റിലീസ് ആയി എത്തുമ്പോള്‍ നിർമ്മാതാവും നടനുമായ വിജയ് ബാബു സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം
undefined
മലയാളത്തിലെ ആദ്യ ഡിജിറ്റൽ റിലീസ്
മലയാളത്തിലെ ആദ്യ ഡിജിറ്റൽ റിലീസ് ആകാൻ ഒരുങ്ങുകയാണ് സൂഫിയും സുജാതയും. കൊവിഡ് പ്രതിസന്ധി ശരിക്കും മലയാള സിനിമയെ ബാധിച്ചിരിക്കുകയാണ്. 40-തോളം മലയാളസിനിമകൾ പ്രതിസന്ധിയിലാണ്. പത്തിലധികം ചിത്രങ്ങളുടെ റിലീസ് മാറ്റി. സിനിമാ മേഖലയാകെ വൻ നഷ്‍ടത്തിലാണ് ആ സാഹചര്യത്തിലാണ് ഞാൻ ഒരു ഡിജിറ്റൽ റിലീസ് സാധ്യത തേടിയത്. ഇനി എന്ന് തീയേറ്ററുകൾ സജീവമാകും എന്ന് ആർക്കും പറയാനാവില്ല.ഇത്തരം സാഹചര്യത്തിൽ ഞാൻ നോക്കിയിട്ട് ഡിജിറ്റൽ റിലീസ് തന്നെയാണ് ഒരു വഴി. ഒരിക്കലും ഒരു ബിഗ് ബജറ്റ് ചിത്രത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് സാധ്യമാകില്ല. ചെലവുകുറഞ്ഞ ചെറിയ ബഡ്‍ജറ്റ് ചിത്രങ്ങൾക്ക് മാത്രമെ ഡിജിറ്റൽ റിലീസ് സാധ്യതയുള്ളു. ചിത്രത്തിന്റെ റിലീസ് വഴി എനിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും വലിയ ഒരു ആശ്വാസമാണ്.
ഡിജിറ്റൽ റിലീസ് സാധ്യത ചെറിയ പടങ്ങൾക്ക്
കൊവിഡ് ഭീതി ഒഴിഞ്ഞാലും തിയറ്ററില്‍ ആളുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. എന്താണ് തിയറ്ററുകൾ തുറക്കാനുള്ള മാനദണ്ഡം എന്ന് ആരും പറയുന്നില്ല. തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയാലും എത്ര ആളുകൾ തീയേറ്ററിലേയ്ക്ക് എത്തുമെന്ന് പറയാൻ ആവില്ല. പക്ഷെ അപ്പോളും ബിഗ് ബജറ്റ് ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് നടത്തി നിർമാതാവിന് ലാഭമുണ്ടാക്കാനാവില്ല, ചെറിയ പടങ്ങൾ മാത്രമെ ഡിജിറ്റൽ റിലീസ് സാധ്യതയുള്ളു. മരക്കാർ പോലുള്ള വലിയ പടങ്ങൾ തീയേറ്ററില്‍ ഓടി മാത്രമെ ലാഭം ഉണ്ടാക്കാൻ സാധിക്കു.
പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ പിന്തുണ
സൂഫിയും സുജാതയുടെയും ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ട് ഞാൻ ഭാഗമായിട്ടുള്ള പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ പൂർണ്ണ പിന്തുണ എനിക്ക് ഉണ്ട്. എല്ലാവരും ഫുൾ സപ്പോർട്ടാണ് എനിക്ക് തന്നത്. തമിഴിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളാണ് ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ വരവറിയിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട് . ചെറിയ ചിത്രങ്ങൾക്ക് ഡിജിറ്റൽ റിലീസ് മികച്ച പ്ലാറ്റ് ഫോം ആണ് . ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഇത്തരമൊരു പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് സാധിക്കുന്നത് വിനോദ വ്യവസായത്തെ അപേക്ഷിച്ച് വലിയ ആശ്വാസമാണ്.
ആട് 3 തീയേറ്റർ റിലീസ്
ഇപ്പോഴത്തെ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാൻ സൂഫിയും സുജാതയും ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസിനെത്തിക്കാൻ ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ആട് 3 പോലുള്ള ചിത്രങ്ങൾ ഇത് പോലെ ഡിജിറ്റൽ റിലീസ് സാധ്യമല്ല. 25 കോടി രൂപയോളം മുടക്കി ചെയ്യുന്ന ചിത്രമാണ് അത് തീയേറ്ററിലൂടെയാകും റിലീസ് . പ്രതിസന്ധി ഘട്ടത്തെ ഒരു നിർമാതാവ് എന്ന നിലയിൽ എനിക്ക് തരണം ചെയ്തേ പറ്റത്തുള്ളു. എന്നാൽ മാത്രമെ അടുത്ത ചിത്രം നിർമിക്കാനാവു. അത് കൊണ്ടാണ് ചെറിയ ബഡ്‍ജറ്റിലൊരുങ്ങുന്ന ചിത്രങ്ങൾക്ക് ഡിജിറ്റൽ റിലീസ് സാധ്യത തേടുന്നത്.
സൂഫിയും സുജാതയും ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി
പൂർണ്ണമായും ഒരു ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയായിട്ടാണ് സൂഫിയും സുജാതയും ഒരുക്കിയിരിക്കുന്നത്. രണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായി ഹിന്ദി നടി അദിതി റാവു ഹൈദരി അഭിനയിക്കുന്നു. ഫ്രൈഡേയുടെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് സൂഫിയും സുജാതയും. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.