എം ജെ എന്ന ഛായാഗ്രാഹകനും അച്ഛനും; മനസ് തുറന്ന് മകൻ യദു രാധാകൃഷ്‍ണൻ

By Web Team  |  First Published Aug 12, 2019, 4:35 PM IST

'അച്ഛന് ഛായാഗ്രാഹണ സഹായികളായ രണ്ട് പേരുണ്ട്. ഒരു ഫ്രെയിമിന് 'സാറെ അവിടെ ഒരു കുഴപ്പമുണ്ട്' എന്ന് പറഞ്ഞാൽ അത് കേൾക്കാനും ആ പ്രശ്‍നം മാറ്റുവാനും ശ്രമിക്കുന്നയാളാണ് അച്ഛൻ. അവിടെ അച്ഛന് സീനിയർ എന്നോ ജൂനിയർ എന്നോ വലിപ്പ-ചെറുപ്പ വ്യത്യാസമില്ല. അച്ഛനൊപ്പം ഛായാഗ്രാഹണ സഹായിയായി വർക്ക് ചെയ്യാൻ എളുപ്പമാണ്'


ക്യാമറ കൊണ്ട് അയാൾ ദൃശ്യങ്ങൾ ഒപ്പിയെടുത്തപ്പോൾ ഫ്രെയ്മുകൾക്കുമപ്പുറം പൂർണതയാർന്ന സിനിമാ അനുഭവമാണ് പ്രേക്ഷകന് ലഭിച്ചത്. ഏഴ് സംസ്ഥാന പുരസ്‍കരങ്ങൾ, അതിനപ്പുറം രാജ്യാന്തര പുരസ്‍കാരങ്ങൾ, അങ്ങനെ ഒന്നിനു പിറകേ ഒന്നായി പുരസ്‍കാരങ്ങൾ ലഭിക്കുമ്പോളും സിനിമക്കാരുടെ എം ജെ എന്ന എം ജെ രാധാകൃഷ്‍ണന്‍ സാധാരണ മനുഷ്യനായിരുന്നു. പച്ചയായ ജീവിതാനുഭവങ്ങളാണ് ആ ക്യാമറ കണ്ണുകൾ കൂടുതലായും ഒപ്പിയെടുത്തത്. എന്നാൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം ആദ്യമായി എം ജെ രാധാകൃഷ്‍ണനെ തേടിയെത്തുമ്പോൾ ജീവിതം വിട്ടു മരണത്തിന്റെ നിത്യനിദ്രയിലേക്ക് അദ്ദേഹം യാത്രയായിരുന്നു. ദേശീയ പുരസ്‍കാരത്തിന്റെ സന്തോഷം പങ്കിടാൻ അദ്ദേഹമില്ലല്ലോ എന്ന ദു:ഖത്തിലാണ് മകനും ഛായാഗ്രാഹകനുമായി യദു രാധാകൃഷ്‍ണൻ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാലോകത്തേയ്‍ക്ക് എത്തിയ യദു രാധാകൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.
 

അച്ഛൻ എന്ന ഗുരു

Latest Videos

undefined

പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ഞാൻ അച്ഛനോട് എന്റെ സിനിമ ആഗ്രഹം പറഞ്ഞത്. ഛായാഗ്രാഹണം തന്നെയായിരുന്നു എന്റെ സ്വപ്‍നം. ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഒരു ഡിഗ്രി എടുക്കാനാണ്. അങ്ങനെ ഞാൻ എഞ്ചിനീയറിംഗ് പഠിക്കാനായി പോയി. അതുകഴിഞ്ഞ് വന്നപ്പോൾ ഡോ.ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസ് എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വർക്ക് ചെയ്‍തു. ഹിമാചലിലൊക്കെ ആ പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. വളരെ ഓപ്പണായ മനുഷ്യനാണ് അച്ഛൻ. അച്ഛന് ഛായാഗ്രാഹണ സഹായികളായ രണ്ട് പേരുണ്ട്. ഒരു ഫ്രെയിമിന് 'സാറെ അവിടെ ഒരു കുഴപ്പമുണ്ട്' എന്ന് പറഞ്ഞാൽ അത് കേൾക്കാനും ആ പ്രശ്‍നം മാറ്റുവാനും ശ്രമിക്കുന്നയാളാണ് അച്ഛൻ. അവിടെ അച്ഛന് സീനിയർ എന്നോ ജൂനിയർ എന്നോ വലിപ്പ-ചെറുപ്പ വ്യത്യാസമില്ല. അച്ഛനൊപ്പം ഛായാഗ്രാഹണ സഹായിയായി വർക്ക് ചെയ്യാൻ എളുപ്പമാണ്.


തിരക്കഥയ്‍ക്ക് അനുസരിച്ചുള്ള ഛായാഗ്രാഹണം
തിരക്കഥ എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചുള്ള ഒരു ഛായാഗ്രാഹണ രീതിയാണ് അച്ഛനുള്ളത്. കഥാപാത്രങ്ങളെ ലൈറ്റു ചെയ്യുമ്പോഴും പ്രത്യേക പാറ്റേണ്‍ സ്വീകരിച്ച് വ്യത്യസ്‍തമാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. കഥാപാത്രത്തിനും കഥയ്‍ക്കും യോജിച്ച തരത്തിലുള്ള ഫ്രെയിമുകളും ലൈറ്റിങ്ങുമാണ് എന്നും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സിനിമയിൽ എന്നും അദ്ദേഹം മുൻതൂക്കം നൽകാറുള്ളത് തിരക്കഥയ്ക്ക് തന്നെയാണ്.

'സമ്മോഹനം' ഇഷ്‍ട സിനിമ
എനിക്ക് അച്ഛൻ ചെയ്‍ത സിനിമകളിൽ ഏറ്റവും ഇഷ്‍ടപ്പെട്ട വർക്ക്  സിപി പദ്‍മകുമാർ സംവിധാനം ചെയ്‍ത 'സമ്മോഹനം' എന്ന ചിത്രത്തിലേതാണ്. പിന്നെ ദേശാടനം, കളിയാട്ടം, ഡോ. ബിജുവിന്റെ ചിത്രങ്ങൾ എല്ലാം തന്നെ പ്രിയപ്പെട്ട വർക്കുകളാണ്. അതിൽ അച്ഛന് തന്നെ ഏറ്റവും ഇഷ്‍ടപ്പെട്ട വർക്കായിരുന്നു വെയിൽ മരങ്ങൾ, പലപ്പോഴും അച്ഛൻ അതിനെ കുറിച്ച് പറയുമായിരുന്നു. 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരം നേടിയ ചിത്രമാണത്.

ദേശീയ അവാർഡ് അച്ഛനുവേണ്ടി അമ്മ വാങ്ങും

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം വാങ്ങാൻ നിർഭാഗ്യവശാൽ അച്ഛനില്ല. അമ്മ ശ്രീലതയാകും അവാർഡ് വാങ്ങുക.


അച്ഛൻ ചെയ്‍തു തീര്‍ക്കാനുള്ള വര്‍ക്ക് പൂര്‍ത്തിയാക്കണം

സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് അച്ഛൻ മരണപ്പെട്ടത്. അതിൽ ചെയ്‍തു തീർക്കാനുള്ള വർക്ക് പൂർത്തിയാക്കണം. അതുകഴിഞ്ഞാലുടനെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനാകും. അത് എന്റെ സ്വതന്ത്ര ഛായാഗ്രാഹകനായുള്ള ആദ്യ ചിത്രമാണ്.

click me!