'സമൂഹമാധ്യമങ്ങള്‍ പറയുന്നതല്ല സത്യം, ഡ്രൈവറെ നിയമം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല': സൂര്യ

By Elsa Tresa Jose  |  First Published Sep 28, 2019, 11:33 AM IST

ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരമാണ് സൂര്യ എന്ന പെരുമ്പാവൂര്‍ സ്വദേശിനി. ഓവര്‍ടേക്ക് ചെയ്ത് വന്ന കെഎസ്ആര്‍ടിസി ബസിനെ നിയമം പഠിപ്പിച്ച പുലിക്കുട്ടിയെന്ന രീതിയില്‍ നിമിഷ നേരത്തിനുള്ളിലാണ് വീഡിയോ വൈറലായത് എന്നാല്‍ സംഭവിച്ചത് എന്താണെന്ന് യുവതി


പെരുമ്പാവൂര്‍:  ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ താരമായ യുവതി ഇതാണ്. സ്കൂട്ടറുമായി വന്ന യുവതിക്ക് മുന്നില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന കെഎസ്ആര്‍ടിസി അല്‍പനേരം നിര്‍ത്തിയ ശേഷം എടുത്തുകൊണ്ട് പോവുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെ ആരോപണ പ്രത്യാരോപണങ്ങളില്‍ പറയുന്നത് പോലെയല്ലെന്ന് സൂര്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഈ മാസം 25ാം തിയ്യതി വൈകുന്നേരം പെരുമ്പാവൂരിലെ സ്റ്റുഡിയോയിലെ ജോലി കഴിഞ്ഞ് ഇരിങ്ങോളിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പെരുമ്പാവൂര്‍ സ്വദേശിയായ സൂര്യ കെഎസ്ആര്‍ടിസ്ക്ക് മുന്നില്‍ എത്തിയത്. 

Latest Videos

undefined

സൂര്യയുടെ വാക്കുകളിലേക്ക്...

''റോഡില്‍ നിറയെ വാഹനങ്ങളും തിരക്കുള്ള സമയവും ആയിരുന്നു. തന്‍റെ തൊട്ട് മുന്‍പില്‍ ഒരു ട്രാവലറും ഉണ്ടായിരുന്നു. എന്നാല്‍ സംഭവം നടക്കുന്നതിന് അല്‍പം മുന്‍പാണ് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുന്‍പില്‍ നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്. പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി ഞാന്‍. ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാവുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ചുറ്റുനോക്കിയ വീഡിയോയാണ് ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത്.''

''സമൂഹമാധ്യമങ്ങളില്‍ പറയുന്നത് പോലെ അവിടെ കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പെട്ട് പോയ അവസ്ഥ ആയിരുന്നു എന്‍റേത്. ആ ഡ്രൈവര്‍ നല്ല എക്സ്പീരിയന്‍സുള്ള ആളാണെന്ന് തോന്നുന്നു. കൂടുതല്‍ പ്രയാസമൊന്നും കൂടാതെ ബസ് എടുത്തുകൊണ്ട് പോവുകയായിരുന്നു. എനിക്ക് പിന്നോട്ട് എടുക്കാനല്ലാതെ മറ്റ് വഴികളും ഇല്ലായിരുന്നു. ഒരു ബസില്‍ നിന്ന് കുട്ടികളെ ഇറക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി മുന്നോട്ട് എടുത്ത് വന്നതാവാനാണ് സ്ഥിതി.''

''ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. വീഡിയോ വൈറലായതോടെ ആളുകള്‍ ചേരിതിരിഞ്ഞ് വാക്പോരിലെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഭവം നടന്നത് കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡിന് പരിസരത്ത് വച്ചാണ്. കെഎസ്ആര്‍ടിസിക്ക് മാര്‍ഗ തടസമുണ്ടാക്കാനുള്ള മനപ്പൂര്‍വ്വമായുള്ള ശ്രമമൊന്നും ആയിരുന്നില്ല താന്‍ നടത്തിയത്. ആ ഡ്രൈവര്‍ ചിരിച്ചുകൊണ്ടാണ് ബസ് എടുത്തുകൊണ്ട് പോയത്.'' 

''സാധാരണ ഇത്തരം സംഭവങ്ങളില്‍ ബസ് ജീവനക്കാര്‍ നല്ല ഡയലോഗുകള്‍ പറയും അത്പോലും പറയാതെയാണ് ആ ഡ്രൈവര്‍ വണ്ടിയെടുത്ത് പോയതെന്നും സൂര്യ കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് രീതിയിലും പ്രതികരിക്കുന്ന ആളുകളുണ്ട്. സംഭവം അറിയാവുന്ന ആരും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ കുറ്റപ്പെടുത്തല്‍ നടക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. സത്യത്തില്‍ അവിടെ ഒരു ഓവര്‍ടേക്കിങിന്‍റെ ആവശ്യമില്ല. ഒന്നാമത് ഇടുങ്ങിയ റോഡാണ് പോരാത്തതിന് റോഡ്സൈഡില്‍ ഒരു ബസ് നിര്‍ത്തിയിട്ടുമുണ്ടായിരുന്നു.'' 

പലപ്പോഴും വലിയ വാഹനങ്ങള്‍ എതിരെ വരുമ്പോള്‍ ജീവന്‍ ഭയന്ന് ഇരുചക്രവാഹനങ്ങള്‍ ഒതുക്കി നിര്‍ത്തുകയാണ് പതിവ്. എന്നാൽ ഓവര്‍ടേക്ക് ചെയ്ത് വന്ന കെഎസ്ആര്‍ടിസിയ്ക്ക് മുന്നില്‍ കൂസാതെ നിന്ന പുലിക്കുട്ടി എന്നരീതിയെ പ്രചാരണമൊക്കെ ആളുകളുടെ പരിപാടിയാണ്. ശ്രദ്ധിക്കാന്‍ നിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. എന്നാലും പെട്ടന്ന് ജനശ്രദ്ധയിലേക്ക് വന്നതിലുള്ള വിഷമം സൂര്യ മറച്ച് വക്കുന്നില്ല. പെരുമ്പാവൂരിലെ ഫോട്ടോപാര്‍ക് സ്റ്റുഡിയോയിലെ ജീവനക്കാരിയാണ് യുവതി. ഇരിങ്ങോള്‍ വടക്കരേടത്ത് മനീഷാണ് സൂര്യയുടെ ഭര്‍ത്താവ്. 

click me!