ഇങ്ങനെ പിഴയടച്ച് സഹികെട്ട് തായ്‌വാനിലെ ഒരു വാഹന ഉടമ ചെയ്‍തത് അധികമാരും ചെയ്യാൻ ഇടയില്ലാത്ത വിചിത്രമായൊരു കാര്യമാണ്.
തിരക്കേറിയ നഗരങ്ങളിൽ വാഹനത്തിന് ഒരു പാർക്കിംഗ് സ്ഥലം കണ്ടെത്തുക എന്നത് പലര്‍ക്കും ഒരു പേടിസ്വപ്‍നമായിരിക്കും. ഒന്നുകില്‍ മഴയും വെയിലും പൊടിയുമേറ്റ് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടിവരും. ഇനി റോഡരികില്‍ പാര്‍ക്ക് ചെയ്‍താലോ പലപ്പോഴും പിഴ അടക്കേണ്ടതായും വരും. ഇങ്ങനെ പിഴയടച്ച് സഹികെട്ട് തായ്‌വാനിലെ ഒരു മനുഷ്യൻ ചെയ്‍തത് അധികമാരും ചെയ്യാൻ ഇടയില്ലാത്ത വിചിത്രമായൊരു കാര്യമാണ്.
തന്റെ വീടിന് പുറത്ത് തെരുവിൽ വാഹനം നിർത്തിയതിന് പിഴ ചുമത്തപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം തന്‍റെ വീടിന്‍റെ മുകള്‍ നിലയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നാണ് ഇബിസി ന്യൂസ്, സെൻട്രൽ ന്യൂസ് ഏജൻസി തുടങ്ങിയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തായ്‌വാനിലെ തായ്‌ചുങ്ങിലുള്ള ഒരു സിവില്‍ എഞ്ചിനീയറാണ് തന്റെ പഴയ രണ്ട് വാനുകൾ ഫ്ലാറ്റിന്‍റെ മേൽക്കൂരയിൽ പാർക്ക് ചെയ്‌തത്.
undefined
തായ്‌ചുങ്ങിലെ നോർത്ത് ഡിസ്ട്രിക്ടിലെ ഡോങ്‌ഗുവാങ് 2-ാം സ്ട്രീറ്റിലാണ് സംഭവം. അനധികൃത പാർക്കിംഗിന്റെ പേരിൽ ആവർത്തിച്ച് പിഴ ഈടാക്കിയതിനെ തുടര്‍ന്നാണ് താൻ ക്രെയിൻ വാടകയ്ക്കെടുത്ത് വാഹനങ്ങളെ വീടിന് മുകളില്‍ കയറ്റിയതെന്ന് ഉടമ പറയുന്നു. വാഹനങ്ങളെ വീടിന്‍റെ മേല്‍ക്കൂരയില്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പട്ടതോടെയാണ് വിചിത്ര സംഭവം പുറം ലോകം അറിയുന്നത്. ഒരു വാൻ ടെറസിന്‍റെ നടക്കും മറ്റേ വാൻ ടെറസിന്‍റെ അരഭിത്തിയോട് ചേര്‍ന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലുമായിരുന്നു. ഇത് കണ്ട് ഭയന്ന അയല്‍വാസികള്‍ പരാതിയുമായി അധികൃതരെ സമീപിച്ചു.
വാഹനങ്ങൾ മേൽക്കൂരയിൽ നിന്ന് ഇറക്കാൻ നഗരസഭാ അധികൃതർ ഇയാളോട് ആവശ്യപ്പെട്ടു. പക്ഷേ സാങ്കേതികമായി നിയമങ്ങളൊന്നും താൻ ലംഘിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം നിരസിച്ചു. ഇത് കെട്ടിടത്തെ ബാധിക്കാൻ പോകുന്നില്ലെന്നും ബഹളമുണ്ടാക്കരുതെന്നും ചൈന ടൈംസിനോട് ഉടമ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ രണ്ട് വാഹനങ്ങളുടെയും ഭാരം താങ്ങാൻ കഴിയുമെന്നും ഉടമ പറയുന്നു. ഈ വാഹനങ്ങള്‍ ഉടമ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു ഗോഡൌണായിട്ടും ഉപയോഗിക്കുകയായിരുന്നു. പൈപ്പുകളും മരപ്പലകകളും പാത്രങ്ങളും മറ്റും സൂക്ഷിക്കുന്നത് ഈ വാഹനങ്ങളിലായിരുന്നു.
ഉടമ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും പൊതുസുരക്ഷയ്ക്കായി വാഹനങ്ങൾ വീടിന് മുകളില്‍ നിന്നും മാറ്റാൻ നിർദേശിച്ചതായി അധികൃതര്‍ പറയുന്നു. ഈ ഒക്ടോബറിൽ താൻ വാഹനങ്ങൾ താവോയാൻ കൗണ്ടിയിലെ പർവതപ്രദേശത്തേക്ക് മാറ്റാൻ ഒടുവില്‍ ഉടമ സമ്മതിച്ചതായി തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലോഞ്ച് ചെയ്‍തിട്ട് ആഴ്ചയൊന്ന് മാത്രം, പുത്തൻ മാരുതി ജിംനി വില്‍ക്കാൻ വച്ച് ഉടമ; കാരണം ഇതാണ്!