ഓപ്പറേഷൻ സ്റ്റെപ്പിനി: ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന
തിരുവനന്തപുരം: ഓപ്പറേഷൻ സ്റ്റെപ്പിനിയെന്ന പേരിൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയുമായി വിജിലൻസ്. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ലൈൻസ് നൽകുന്നതിൽ തട്ടിപ്പ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് വിജിലൻസ് അറിയിച്ചു.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മക്കുറവും ഒരു കാരണമാണ്. ഇതിന് പ്രധാന കാരണം പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കാത്തവരും, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും, ഡ്രൈവിംഗ് സ്കൂൾ കാർ വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നത് കൊണ്ടാണ്. ഇത് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ തെരഞ്ഞെടുത്ത ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും, തെരഞ്ഞെടുത്ത ഡ്രൈവിംഗ് സ്കൂളുകളും കേന്ദ്രീകരിച്ച് ഇന്ന് 09:30 മുതൽ ഒരേ സമയം മിന്നൽ പരിശോധന നടത്തിവരുന്നതെന്നും വിജിലൻസ് വ്യക്തമാക്കി.
undefined
മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമല്ല സംസ്ഥാനത്തെ ചില ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനം നൽകുന്നത്. ഈ വീഴ്ചകൾ ചില മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ടില്ലെന്ന് നടിക്കുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ലൈസെൻസ് ലഭിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഒരു ഇൻസ്ട്രക്ടറെ പരിശീലകരായി കാണിച്ച് ലൈസൻസ് നേടിയെടുത്ത ശേഷം ഈ പരിശീലകൻ ഡ്രൈവിംഗ് സ്കൂളുകളിൽ ഹാജരാകാതെയും ക്ലാസ്സുകൾ എടുക്കാതെയും ഇരിക്കുന്നു.
മോട്ടോർ വാഹന നിയമപ്രകാരമുള്ള സിലബസ്സ് പല ഡ്രൈവിംഗ് സ്കൂളുകളിലും പഠിപ്പിക്കുന്നില്ല. ചില ഡ്രൈവിംഗ് സ്കൂളുകളിൽ ക്ലാസ് എടുക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ല. മറ്റു ചില ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് പരിശീലനത്തിനായി അംഗീകാരം നേടിയെടുത്ത റൂട്ടുകൾ മാറ്റി പകരം തിരക്കേറിയ റോഡുകളിലൂടെയും മറ്റുും പരിശീലനം നൽകുന്നു. ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനുള്ള ഒരു ലൈസൻസ് വാങ്ങിയശേഷം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വിവിധ ബ്രാഞ്ചുകൾ ആരംഭിച്ച് പ്രവർത്തിച്ചുവരുന്ന ചില ഡ്രൈവിംഗ് സ്കൂളുകാരും ഉണ്ട്. പരിശീലനം നൽകുന്ന വാഹനങ്ങളിൽ നിയമപ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഡ്യുവൽ കൺട്രോൾ സിസ്റ്റം ഇല്ലാത്ത വാഹനങ്ങളിൽ പരിശീലനം നൽകിവരുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചു.
അതേസമയം, മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ ഗ്രൗണ്ട് ടെസ്റ്റ് നടത്തുന്ന വേളയിൽ വീഡിയോ റെക്കോർഡ് ചെയ്യ്ത് സൂക്ഷിക്കണമെന്ന ഉത്തരവ് കാറ്റിൽ പറത്തുന്നു. ഗ്രൗണ്ടുകളിലുള്ള ക്യാമറകൾ പ്രവർത്തിക്കാതിരുന്നാൽ അവ നന്നാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുന്നുമില്ല. ഇങ്ങനെ ക്യാമറ പ്രവർത്തിക്കാതെ തന്നെ ഡ്രൈവിംഗ് ടെസ്റ്റുുകൾ നടത്തുകയും, ടെസ്റ്റിൽ പരാജയപ്പെട്ടവരെയും കൈക്കൂലി വാങ്ങി ജയിപ്പിച്ച് വിടുന്ന സംഭവങ്ങളുമുണ്ട്.
ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ജോയിന്റ് ആർടിഒ- മാർ തങ്ങളുടെ അധികാരപരിധിയിലെ ഡ്രൈവിംഗ് സ്കൂളുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമുള്ള പരിശീലനം പഠിതാക്കൾക്ക് നൽകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പരിശോധിക്കുന്ന വിവരങ്ങൾ ഡ്രൈവിംഗ് സ്കൂളുകളിൽ സൂക്ഷിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂൾ ഇൻസ്പെക്ഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. ഈ പരിശോധനാ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കണമെന്ന ഉത്തരവും സംസ്ഥാനത്ത് ഒട്ടുമിക്ക ഉദ്യോഗസ്ഥന്മാരും പാലിക്കുന്നില്ല. ഇത്തരം അപാകതകൾ പരിശോധിക്കാനാണ് 'ഓപ്പറേഷൻ സ്റ്റെപ്പിനി' എന്ന പേരിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും തെരഞ്ഞെടുത്ത 170 -ൽ പരം ഡ്രൈവിംഗ് സ്കൂളുകളിലും വിജിലൻസ് ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.