വണ്ടിയുണ്ടാക്കാനും അംബാനി, ചൈനീസ് കമ്പനിയെ വാങ്ങാൻ ചടുലനീക്കം!

By Web Team  |  First Published May 12, 2023, 11:13 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാൻ റിലയൻസ് രംഗത്ത്. നീക്കം ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍


ചൈനീസ് വാഹന ഭീമനായ എംജി മോട്ടോർ ഇന്ത്യയിലെ കാർ ബിസിനസിലെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയൻസ് ഉൾപ്പെടെ നിരവധി കമ്പനികള്‍ ഈ ഓട്ടോ ഭീമനെ വാങ്ങാൻ മത്സരരംഗത്തുണ്ട്. ബ്രിട്ടീഷ് കാർ ബ്രാൻഡായ മോറിസ് ഗാരേജ് ചൈനയുടെ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപ്പറേഷന്റെ (SAIC) ഉടമസ്ഥതയിൽ ആണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്തിടെ, റിലയൻസ് അതിന്റെ ബിസിനസുകളെ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിന് നിരവധി പുതിയ ബിസിനസ്സ് സെഗ്‌മെന്റുകളിലേക്ക് കടന്നുവന്നിരുന്നു. എഫ്എംസിജിയിലേക്കും വാണിജ്യ റിയൽ എസ്റ്റേറ്റിലേക്കും പ്രവേശിച്ചതിന് ശേഷം, ഇൻഷുറൻസ്, എഎംസി ബിസിനസുകൾ എന്നിവയിലും കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വാഹന നിര്‍മ്മാണ മേഖലയിലേക്കും കടക്കാൻ റിലയൻസ് നീക്കം നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Latest Videos

undefined

കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍, ഇന്ത്യൻ കമ്പനികള്‍ക്ക് എല്ലാം വിറ്റൊഴിയാൻ ഒടുവില്‍ ചൈനീസ് വണ്ടിക്കമ്പനി!

2020 ജൂണിൽ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷം വ്യാപിച്ചതോടെ ഇന്ത്യയിലെ ചൈനീസ് കമ്പനികളും ആ രാജ്യത്തു നിന്നുള്ള നിക്ഷേപങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ കർശനമായ നിരീക്ഷണത്തിലാണ്. ചൈനീസ് സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കാൻ, ഇന്ത്യൻ സർക്കാർ എഫ്ഡിഐ നയം പരിഷ്‍കരിച്ചു.  ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് മുമ്പ് ഓട്ടോമാറ്റിക് റൂട്ട് വഴി വരാൻ ഇപ്പോൾ സർക്കാർ അനുമതി ആവശ്യമാണ്. എംജി മോട്ടോർ ഇന്ത്യ അതിന്റെ മാതൃ കമ്പനിയായ എസ്എഐസിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഏകദേശം രണ്ട് വർഷമായി കേന്ദ്ര സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. ഇതുകൊണ്ടുതന്നെ ഉൽപ്പന്നങ്ങളുടെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മൂലധനം സമാഹരിക്കാൻ കമ്പനി ഇപ്പോൾ മറ്റ് വഴികൾ തേടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടി വ്യാപകമാക്കിയതിന പിന്നാലെ രാജ്യത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് ഗെയിമിംഗ്, ലോൺ ആപ്ലിക്കേഷനുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

ഇക്വിറ്റി വിൽപ്പനയ്ക്കായി എംജി മോട്ടോർ ഇന്ത്യ ഒന്നിലധികം ബ്രാൻഡുകളുമായി ചർച്ച നടത്തിവരികയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇൻവെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തുടങ്ങിയ ബ്രാൻഡുകളുമായാണ് ചർച്ചകൾ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യൻ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് എംജി മോട്ടോർ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോർട്ടുകള്‍. അടുത്ത ഘട്ട വിപുലീകരണത്തിന് ഉടൻ ഫണ്ട് അനുവദിക്കണമെന്ന് എംജി ആവശ്യപ്പെടുന്നതിനാൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, റിലയൻസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇൻവെസ്റ്റ്, ജെഎസ്ഡബ്ല്യു എന്നിവയുമായുള്ള ചർച്ചകൾ വെറും ഊഹാപോഹങ്ങളാണെന്ന് എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

5,000 കോടിയുടെ നിക്ഷേപം, ഗുജറാത്തിൽ വീണ്ടുമൊരു പ്ലാന്‍റ്; വമ്പൻ പദ്ധതിയുമായി ഈ ചൈനീസ് കാര്‍ കമ്പനി

click me!