ലംബോര്‍ഗിനിയും ബെന്‍സുമുണ്ട്; ഓടിക്കാന്‍ റോഡില്ല; കാളവണ്ടിയേറി കോടീശ്വരന്മാര്‍!

By Web Team  |  First Published Jun 9, 2020, 4:22 PM IST

എത്രനാള്‍ ഈ വേദന സഹിക്കും? അങ്ങനെ സ്ഥലത്തെ പ്രധാന കോടീശ്വരന്മാരെല്ലാം ചേര്‍ന്ന് ഒരു പ്രതിഷേധ യാത്ര തന്നെ നടത്തി


ലംബോര്‍ഗിനിയും ഓഡിയും ബിഎംഡബ്ല്യുവും ഉള്‍പ്പെടെ കോടികള്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ വീട്ടിലെ ഗ്യാരേജുകളിലുണ്ട്, പക്ഷേ ഓടിക്കാന്‍ നല്ല ഒരു റോഡ് വേണ്ടേ? അതില്ല. എത്രനാള്‍ ഈ വേദന സഹിക്കും? അങ്ങനെ സ്ഥലത്തെ പ്രധാന കോടീശ്വരന്മാരെല്ലാം ചേര്‍ന്ന് ഒരു പ്രതിഷേധ യാത്ര തന്നെ നടത്തി, അതും കാളവണ്ടിയില്‍.

മധ്യപ്രദേശിലെ ഇന്‍ഡോറിനു സമീപത്തെ പാലദയിലാണ് സംഭവം. മോജോ സ്‌റ്റോറിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ വേറിട്ട പ്രതിഷേധം ഇടം നേടിയത്. വ്യവസായ മേഖലയിലെ റോഡുകള്‍ പൊളിഞ്ഞ് ചെളിയായതിനെ തുടര്‍ന്ന് കാളകള്‍ പോലും നടക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

Latest Videos

undefined

ലോക്ക്ഡൗണിനെ തുടര്‍ന്ന് 70 ദിവസത്തിലധികമായി വ്യവസായശാലകളും മറ്റും അടഞ്ഞ് കിടക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഫാക്ടറികള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് റോഡുകളുടെ ശോചനീയാവസ്ഥ വ്യവസായികള്‍ തിരിച്ചറിയുന്നത്. 

വളരെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ് പ്രദേശത്തെ റോഡുകള്‍. നേരത്തെ തന്നെ മോശമായിരുന്ന റോഡുകളില്‍ വെള്ളവും ചെളിയും അടിഞ്ഞതോടെ കാല്‍നട യാത്ര പോലും കഴിയാതെ ആയി. ഇതോടെ വ്യവസായികള്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ യാത്ര കാളവണ്ടികളിലേക്ക് മാറ്റുകയായിരുന്നു. 

മാന്യമായി വസ്ത്രം ധരിച്ച്, ലാപ്പ് ടോപ്പുകളും മറ്റ് ബാഗുകളും കൈയില്‍ പിടിച്ചാണ് ഇവരുടെ കാളവണ്ടി യാത്ര. എന്തായാലും കോടീശ്വരന്മാരുടെ ഈ യാത്ര സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ പാലദയിലെ റോഡുകള്‍ എത്രയും വേഗം ശരിയാകുമെന്ന് പ്രതീക്ഷിക്കാം. 
 

click me!