വന്ദേഭാരതിൽ ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം! സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന്, ആദ്യ റൂട്ട് ദില്ലി- ശ്രീനഗർ

By Web Team  |  First Published Dec 16, 2024, 7:42 AM IST

യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്നത്.


ദില്ലി: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സർവ്വീസ് നടത്താനൊരുങ്ങുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് സമ്മാനമാകാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കും. ദില്ലി ശ്രീനഗർ റൂട്ടിൽ സർവീസ് നടത്താനാണ് ആലോചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറൽ മാനേജർ പറഞ്ഞു.

ചെയർ കാർ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെയാണ് 16 സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതിന്‍റെ വരവ്. ദില്ലിയിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറിൽ എത്തുകയും ചെയ്യുന്ന നിലയിലുളള സർവീസാണ് പരിഗണനയിലെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. എസി ത്രീ ടയർ , ടൂ ടയർ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേർക്ക് സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്യാം. ലഖ്നൌവിലെ ആർഡിഎസ്ഒയിലെ പരിശോധനകൾക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികൾക്കായി ട്രെയിനുകൾ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.  

Latest Videos

ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രയിൽ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിർമ്മാണം. യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ നിർമ്മിച്ചിരിക്കുന്നത്.

Read More : നാല് മാസത്തിനിടെ പൊലിഞ്ഞത് 9 ജീവനുകൾ; സ്ഥിരം അപകടമേഖലയായി പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത

click me!