മാരുതി ഗ്രാൻഡ് വിറ്റാരയുടെയും ഹ്യുണ്ടായ് ക്രെറ്റയുടെയും എതിരാളിയായി എത്തുന്ന ഹോണ്ട എലിവേറ്റ് ലോഞ്ചിന് മുമ്പ് വീണ്ടും പരീക്ഷണത്തിനിടെ ക്യാമറയില്‍ കുടുങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ടയില്‍ നിന്നുള്ള എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി ഈ വർഷം ഇന്ത്യൻ വാഹന വിപണിയിലെ വലിയ ലോഞ്ചുകളില്‍ ഒന്നായിരിക്കും. ഹോണ്ട ഈ ആഗോള എസ്‌യുവി ജൂൺ 6 ന് അനാവരണം ചെയ്യും. അതിന്റെ ഇന്ത്യൻ ലോഞ്ച് 2023 ഓഗസ്റ്റിൽ നടക്കും. ഹ്യുണ്ടായ് ക്രെറ്റയുടെയും മാരുതി ഗ്രാൻഡ് വിറ്റാരയുടെയും എതിരാളിയായി എത്തുന്ന ഹോണ്ട എലിവേറ്റ് ലോഞ്ചിന് മുമ്പ് വീണ്ടും പരീക്ഷണത്തിനിടെ ക്യാമറയില്‍ കുടുങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജൂൺ 6 ന് നടക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി ജപ്പാനിലെ റോഡുകളിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി പരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എസ്‌യുവിയുടെ മുൻഭാഗം എങ്ങനെയായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണിക്കുന്നു. എലവേറ്റ് എസ്‌യുവിയുടെ ബോൾഡായ റോഡ് സാന്നിധ്യം ചിത്രങ്ങളില്‍ വ്യക്തമാണ്. കനം കുറഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും പരന്ന ബോണറ്റും ഉള്ള വലിയ ഗ്രിൽ ഏരിയയുള്ള ചങ്കി ഫ്രണ്ട് ഫെയ്‌സ് എസ്‌യുവിക്ക് മസ്‍കുലർ ആകൃതി നൽകുന്നു. നേരത്തെ ഹോണ്ട പങ്കിട്ട എലിവേറ്റ് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രവുമായി ഈ ചിത്രങ്ങള്‍ക്കും സാമ്യമുണ്ട്. അതായത് കൺസെപ്റ്റ് ഫോമിന്റെ ഭൂരിഭാഗവും പ്രൊഡക്ഷൻ പതിപ്പിലേക്ക് വരുമെന്ന് ഉറപ്പാണ്.
undefined
പിൻഭാഗത്ത് ഓൾ-ബ്ലാക്ക് അലോയ് വീലുകളും റിഫ്‌ളക്ടറുകളും ഈ എസ്‌യുവിക്ക ലഭിക്കുന്നതായി നേരത്തെ ചില ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എലിവേറ്റ് എസ്‌യുവിയുടെ ഏക ഔദ്യോഗിക ചിത്രം ഹോണ്ട നേരത്തെ പങ്കുവെച്ചിരുന്നു. മുകളിൽ നിന്ന് താഴേക്കുള്ള ചിത്രം ഒരു ചെറിയ ഇലക്ട്രിക് സൺറൂഫുമായി വരുന്ന എലവേറ്റിനെ കാണിക്കുന്നു. റൂഫ് റെയിലുകൾ, ഷാര്‍ക്ക്-ഫിൻ ആന്റിന, ബോഡി-നിറമുള്ള ഒആര്‍വിഎമ്മുകൾ എന്നിവയാണ് സ്ഥിരീകരിച്ച മറ്റ് ഫീച്ചറുകൾ. പിൻഭാഗത്ത്, എസ്‌യുവിക്ക് എലവേറ്റ് ബാഡ്‌ജിംഗിനൊപ്പം ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു എൽഇഡി സ്ട്രിപ്പും ലഭിക്കും.
നിലവിൽ പുതിയ തലമുറ ഹോണ്ട സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയ എലിവേറ്റ് എസ്‌യുവി ഹോണ്ട വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സിറ്റി e:HEV-ൽ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈബ്രിഡ് പവർട്രെയിനുകളുള്ള എലിവേറ്റ് എസ്‌യുവിയും ഹോണ്ട വാഗ്ദാനം ചെയ്തേക്കാം.
എഡിഎഎസ് ഫീച്ചറുകും എലിവേറ്റില്‍ ഹോണ്ട വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ എഡിഎഎസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ വളരെ കുറച്ച് മോഡലുകളിൽ ഒന്നായി എലിവേറ്റ് മാറും. ഹോണ്ട സെൻസിംഗ് എന്ന് വിളിക്കപ്പെടുന്ന, ഹോണ്ട സ്വയം വികസിപ്പിച്ച എഡിഎഎസ് സാങ്കേതികവിദ്യ, പുതുതലമുറ സിറ്റി സെഡാനിൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
അതേസമയം ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ഇന്റീരിയർ എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ വിശദാംശങ്ങളൊന്നുമില്ല. എങ്കിലും എസ്‌യുവി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണ്ട എലിവേറ്റ് എസ്‍യുവി, ഇതാ ഇതുവരെ അറിയാവുന്ന എല്ലാ പ്രധാന വിശദാംശങ്ങളും!