താൻ മന്ത്രിയായി ചുമതലയേറ്റ ദിവസം മുതൽ രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്‍ത ക്യാബിനുകൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ചെലവ് കൂടുമെന്ന് പറഞ്ഞ് കമ്പനികള്‍ എതിര്‍ത്തതുമൂലം തന്‍റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടാതെ നീണ്ടുപോകുകയായിരുന്നുവെന്നും നിതിൻ ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗഡ്‍കരി ട്വീറ്റിൽ പറഞ്ഞു. ഈ തീരുമാനം ട്രക്ക് ഡ്രൈവർമാർക്ക് സുഖപ്രദമായ തൊഴിൽ സാഹചര്യങ്ങൾ നൽകുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്നും അതുവഴി അവരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഡ്രൈവർ ക്ഷീണത്തിന്റെ പ്രശ്‍നം പരിഹരിക്കുകയും ചെയ്യുന്നുവെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി.
അതേസമയം, എസി ഘടിപ്പിച്ച ട്രക്കുകൾ നിരത്തിലിറക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി പരാമർശിച്ചില്ല. കൂടാതെ, നല്ല നിലവാരമുള്ള റോഡുകളും ട്രക്കുകളും ചേർത്ത് കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിന് ലോജിസ്റ്റിക് ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്ത് ട്രക്ക് ഡ്രൈവർമാർ കടുത്ത ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാണെന്ന് കഴിഞ്ഞമാസം ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി പറഞ്ഞിരുന്നു. മന്ത്രിയായി ചുമതലയേറ്റ ദിവസം മുതൽ രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്‍ത ക്യാബിനുകൾ വേണമെന്ന് താൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ചെലവ് കൂടുമെന്ന് പറഞ്ഞ് കമ്പനികള്‍ എതിര്‍ത്തതുമൂലം തന്‍റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടാതെ നീണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
undefined
ചെലവ് 4.5 ലക്ഷം കോടി, 10,000 കിമീ സൂപ്പര്‍ റോഡ്; വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി!
ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറയുന്നു. 2016ലാണ് റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്. എന്നാൽ ട്രക്കുകളുടെ വില കൂടുമെന്ന് പറഞ്ഞ് ചിലർ എതിർത്തുവെന്നും ഗഡ്‍കരി തുറന്നുപറഞ്ഞിരുന്നു.
അതേസമയം വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് വരുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മിക്ക ഇന്ത്യൻ കമ്പനികളും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. ലോറികളിലെ ഡ്രൈവര്‍ ക്യാബിന്‍ എ.സിയാക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് പകരം ഓപ്ഷണല്‍ ആക്കണമെന്നായിരുന്നു വാഹന നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ വാദം തള്ളിയ കേന്ദ്രം 2025 ഓടെ ട്രക്ക് ഡ്രൈവര്‍മാരുടെ കമ്പാര്‍ട്ടുമെന്റില്‍ എയര്‍ കണ്ടീഷനിംഗ് നിര്‍ബന്ധമാക്കുന്നത്. കണക്കുകൾ പ്രകാരം, ട്രക്കുകളിൽ എസി ക്യാബിനുകൾ സ്ഥാപിക്കുന്നതിനുള്ള അധിക ചെലവ് ഒരു ട്രക്കിന് 10,000 രൂപ മുതൽ 20,000 രൂപ വരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.