കെഎസ്‍ആര്‍ടിസിക്ക് കാശില്ല, ബസുകളിലെ ക്യാമറകള്‍ മിഴി തുറക്കല്‍ വീണ്ടും നീട്ടി സര്‍ക്കാര്‍!

By Web Team  |  First Published Jul 1, 2023, 11:12 AM IST

എന്നാല്‍ സെപ്റ്റംബര്‍ 30ന് ഉള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. പലതവണ മാറ്റിയാണ് ഇപ്പോൾ സെപ്റ്റംബർ 30ൽ എത്തിയിരിക്കുന്നത്.


സംസ്ഥാനത്ത് ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു നിലവിലെ നിർദേശം. എന്നാല്‍ സെപ്റ്റംബര്‍ 30ന് ഉള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. പലതവണ മാറ്റിയാണ് ഇപ്പോൾ സെപ്റ്റംബർ 30ൽ എത്തിയിരിക്കുന്നത്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ബസുകളില്‍ ക്യാമറകള്‍ സഥാപിക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്ത് റോഡുകളില്‍ ഓടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ആവര്‍ത്തിച്ച് നീട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മൂന്നാം തവണയാണ് സമയപരിധി നീട്ടിനല്‍കിയത്. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും എതിര്‍പ്പിന് വഴങ്ങിയാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Latest Videos

undefined

നിലവില്‍  ക്യാമറ സ്ഥാപിക്കുന്നതിന് പുറമേ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ട ചുമതലയുണ്ടാകും. ബസില്‍ നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

തീരുമാനത്തിന് ശേഷം നാമമാത്ര സ്വകാര്യ ബസുകളില്‍ മാത്രമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ അതുമുണ്ടായില്ല. കെഎസ്ആര്‍ടിസിക്ക് മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കേണ്ടിവരും. ഇതാണ് തീരുമാനം നീട്ടിയതിന് പിന്നിലെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി നല്‍കുമെന്നും ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നുമുള്ള തീരുമാനവും ബസ് ഉടമകളെ ആശയക്കുഴപ്പത്തിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെന്നാണ് ബസുടമകള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!