പുതിയ റോഡ് നിയമം, കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ്!

By Web Team  |  First Published Sep 17, 2019, 10:04 AM IST

പുതിയ മോട്ടോർ വാഹന നിയമപ്രകാരം കാളവണ്ടിക്കും പിഴ ചുമത്തി പൊലീസ്


ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്.  നിയമലംഘനങ്ങള്‍ക്കുള്ള വന്‍ പിഴകള്‍ക്ക് പുറമേ നിരവധി കൗതുക വാര്‍ത്തകളും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് ഉത്തര്‍പ്രദേശില്‍ പിഴ ചുമത്തിയതും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് പിഴയിട്ടതുമൊക്കെ അത്തരത്തില്‍ ചിലതാണ്. ഇപ്പോഴിതാ പുതിയ മോട്ടോർ വാഹന നിയമപ്രകാരം ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത. 

ഡെറാഡൂണിലെ സഹാസ്പൂരിലാണ് സംഭവം. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്.  തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. രാത്രി സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഈ വണ്ടി കണ്ടു. തുടര്‍ന്ന് നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ഉടമക്ക് കൈമാറി. 

Latest Videos

undefined

എന്നാല്‍ ഇത് ഉടമ ചോദ്യം ചെയ്‍തു. തന്റെ വാഹനം സ്വന്തം വയലിനു പുറത്ത് നിര്‍ത്തിയതിന് എങ്ങനെ പിഴ ഈടാക്കുമെന്നും കാളവണ്ടികള്‍ എംവി ആക്ടില്‍ ഉള്‍പെടില്ലെന്നിരിക്കെ എംവി ആക്ട് അനുസരിച്ച് പിഴ ഈടാക്കിയത് എന്തിനാണെന്നും റിയാസ് ചോദിച്ചു. ഇതോടെ തെറ്റ് മനസ്സിലാക്കിയ പൊലീസ് ചലാന്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃത മണല്‍ ഖനനം നടക്കുന്ന മേഖലയാണിതെന്നും ഇവിടെ മണല്‍ കടത്തിന് കാളവണ്ടികള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാസിന്റെ കാളവണ്ടി ഇതിന് ഉപയോഗിക്കുന്നുവെന്ന് സംശയിച്ചാണത്രെ പോലീസ് നടപടിക്ക് തുനിഞ്ഞത്. ഐപിസി പ്രകാരം പിഴ ഈടാക്കേണ്ടതിന് പകരം എംവി ആക്ടിന്റെ ചലാനില്‍ പിഴ എഴുതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!