15 കിലോമീറ്റര്‍ ഓട്ടോയില്‍ സവാരി ചെയ്ത യുവാവിനോട് ഡ്രൈവര്‍ ആവശ്യപ്പെട്ടത് ഞെട്ടിക്കുന്ന തുക; കാരണം വിചിത്രം

By Web Team  |  First Published Sep 23, 2019, 5:11 PM IST

ജോലിയാവശ്യത്തിന് പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ യുവാവില്‍ നിന്ന് വന്‍തുക കൂലിയായി ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍. വെറും പതിനഞ്ച് കിലോമീറ്റര്‍ ദുരത്തിനായി ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് 4300 രൂപയാണ് യുവാവിനോട് ആവശ്യപ്പെട്ടത്. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം വേറെ വഴിയില്ലാതെ യുവാവ് പണം നല്‍കി.


പൂനെ: ജോലിയാവശ്യത്തിനായി പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ എന്‍ജിനിയര്‍, ഓട്ടോ ചാര്‍ജ് കേട്ട് അമ്പരന്നു. വെറും പതിനഞ്ച് കിലോമീറ്റര്‍ ദൂരം ഓടിയതിന് കര്‍ണാടക സ്വദേശിയില്‍ നിന്നും നാട്ടിലെങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജാണ് പൂനെയിലെ ഈ ഡ്രൈവര്‍ ഈടാക്കിയത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് കഴുത്തറപ്പന്‍ ചാര്‍ജിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 

ഓഫീസ് ആവശ്യത്തിന് ബസിലാണ് യുവാവ് മഹാരാഷ്ട്രയിലെ പൂനെയിലെത്തിയത്. പൂനെയിലെ കറ്റ്‍രാജ് എന്ന സ്ഥലത്താണ് യുവാവിനെ ബസുകാര്‍ ഇറക്കിയത്. എന്നാല്‍ 14.5 കിലോമീറ്റര്‍ അകലെയുള്ള യേര്‍വാഡയിലായിരുന്നു യുവാവിന് പോകേണ്ടിയിരുന്നത്. യേര്‍വാഡയിലെ താമസ സ്ഥലത്തേക്ക് ഓണ്‍ലൈന്‍ വഴി ടാക്സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് യുവാവ് ഓട്ടോ വിളിച്ചത്.

Latest Videos

undefined

രാവിലെ 5 മണിക്ക് ഓട്ടോയില്‍ കയറിയ യുവാവിനെ നാല്‍പ്പത്തിയേഴ് മിനിറ്റുകള്‍കൊണ്ട് ഓട്ടോ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. എന്നാല്‍ മീറ്ററില്‍ തെളിഞ്ഞ തുത കണ്ടതോടെ യുവാവ് അമ്പരന്നു. 4300 രൂപയാണ് ഓട്ടോ ഡ്രൈവര്‍ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടത്. യുവാവ് നല്‍കാന്‍ തയ്യാറാകാത്തതോടെ വാക്കുതര്‍ക്കമായി.

ഓരോ തവണ നഗരത്തില്‍ വരുമ്പോഴും പോകുമ്പോഴും 600 രൂപ നല്‍കണമെന്നായിരുന്നു ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതിന് കാരണമായി ഓട്ടോ ഡ്രൈവര്‍ വിശദമാക്കിയത്. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം പണം നല്‍കാതെ പറ്റില്ലെന്നായതോടെ യുവാവ് ഓട്ടോക്കൂലി നല്‍കി. യേര്‍വാഡ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് സംഭവത്തെക്കുറിച്ച് പരാതി നല്‍കി. കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 

click me!