ബേസ്‍മാർക്ക്, സെഗുല ടെക്‌നോളജീസ്, ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കൾ തുടങ്ങിയവരുമായി കരാറിലെത്തിയ കമ്പനി നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ തന്നെ പുതിയ പദ്ധതിക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കു
തിരുവനന്തപുരം: മുൻനിര വാഹന നിർമ്മാതാക്കൾക്കും ഓട്ടോമോട്ടിവ് രംഗത്തെ അനുബന്ധ ടിയർ വൺ കമ്പനികൾക്കും സോഫ്റ്റ്‌വെയർ അധിഷ്‍ഠിത സേവനം നൽകുന്ന സ്ഥാപനമായ ആക്സിയ ടെക്‌നോളജീസ് 200 ജീവനക്കാരെ കൂടി നിയമിക്കുന്നു. ഇലക്ട്രിഫൈഡ്, ഓട്ടോണോമസ്, കണക്ടഡ്, ഷെയേർഡ് തുടങ്ങി, ഓട്ടോമൊട്ടീവ് സാങ്കേതിക വിദ്യക്കു വേണ്ട സോഫ്റ്റ്‌വെയർ വികസിപ്പികാനുള്ള കമ്പനിയുടെ വരുംകാല പദ്ധതികൾക്കായാണ് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‍ടിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫിൻലാൻഡ് ആസ്ഥാനമായ ബേസ്‍മാർക്ക് എന്ന കമ്പനിയുമായി ഒരു പുതിയ പദ്ധതിയിൽ സഹകരിക്കുന്ന വിവരം ആക്സിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'റോക്‌സോളിഡ് എക്കോസിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 'സോഫ്റ്റ്‌വെയർ ഡിഫൈൻഡ് കാർ' സാങ്കേതിക വിദ്യക്കു ആവശ്യമായ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് പങ്കാളികളാവുന്നത്. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങും.
undefined
ബേസ്‍മാർക്ക്, സെഗുല ടെക്‌നോളജീസ്, ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കൾ തുടങ്ങിയവരുമായി കരാറിലെത്തിയ കമ്പനി നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ തന്നെ പുതിയ പദ്ധതിക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ആക്സിയ ടെക്‌നോളജീസ് സിഇഒ ജിജിമോൻ ചന്ദ്രൻ അറിയിച്ചു. ഈ സാഹചര്യത്തിൽ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ള കൂടുതൽ പേരെ ആവശ്യമുണ്ട്. ആറ് മാസത്തിനുള്ളിൽ മുഴുവൻ നിയമനങ്ങളും നടത്താൻ ആവുമെന്നാണ് പ്രതീക്ഷ. ഇതിൽ അറുപത് ശതമാനവും പുതിയ ആളുകളെ എടുക്കണമെന്നാണ് കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാർഥികൾ കടന്നു പോവുക. ഓട്ടോമോട്ടിവ് രംഗത്തേക്കുള്ള സോഫ്റ്റ്‌വെയർ വികസനം എന്നത് അത്യന്തം ആവേശകരവും സങ്കീർണവുമായ ജോലിയാണ്. ഇതിന് ഉതകുന്ന മനോഭാവവും താൽപ്പര്യവും അറിവും ഉള്ളവരെയാണ് കമ്പനി തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരുടെ കീഴിൽ കൃത്യമായ പരിശീലനം നൽകും. കാറുകളുടെ സോഫ്റ്റ്‌വെയർ നിരന്തരം നവീകരിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഉയർന്ന വൈദഗ്ധ്യമുള്ള ഒരു സംഘം പ്രൊഫഷനലുകളെയാണ് കമ്പനിക്ക് ആവശ്യമെന്നും കമ്പനി പറയുന്നു.
ഈ മേഖലയിൽ മുൻ പരിചയം ഉള്ളവരും പുതിയ ആളുകളും ചേർന്നുള്ള ഒരു നിരയാണ് കമ്പനിക്ക് ആവശ്യം. പുതിയ ആളുകളെ സംബന്ധിച്ച് സി, സി++, ജാവ, എ ഐ/എംഎൽ എന്നിവ അടിസ്ഥാനമാക്കി, ഓട്ടോമോട്ടിവ് രംഗത്തെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യകളെ അടുത്തറിയാനുള്ള അവസരമാണിത്. കമ്പനിയുടെ മുൻകാല പദ്ധതികളിൽ ഭാഗമായ പലർക്കും യൂറോപ്പിലെ പ്രമുഖ കാർ നിർമ്മാതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും കാർ നിർമ്മാണ കമ്പനികൾ അവരുടെ പുത്തൻ പുതിയ മോഡലുകളുമായി വിപണി കീഴടക്കാൻ ഒരുങ്ങുന്നതിനാൽ ഭാവിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‍ടിക്കപ്പെട്ടേക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.